KL-7 BD9733 അംബാസിഡര്‍ കാറും ഡ്രൈവര്‍ ജിജോയും…….

Simon Britto
KL-7 BD9733 അംബാസിഡര്‍ കാറില്‍ ഡ്രൈവര്‍ ജിജോയും ഒത്ത് സൈമണ്‍ ബ്രിട്ടോ യാത്ര തുടങ്ങി.
ജീവിക്കുന്ന രക്തസാക്ഷി സൈമണ്‍ ബ്രിട്ടോ.
ആര്‍ക്കും വാക്ക് കൊടുക്കാതെ സംസ്കാരവും ഭാഷയും സംഗീതവും തേടി സൈമണ്‍ ബ്രിട്ടോയുടെ യാത്ര.
വയ്യാത്ത ശരീരത്തിന് താങ്ങായി മരുന്നുകള്‍ മാത്രം.
സൂഫി സംഗീതവും നാടെങ്ങും സുഹൃത്തുക്കളുമായി വീല്‍ ചെയറില്‍ ആകുന്നതിനു മുന്‍പേ നടന്ന യാത്രകളുടെ ഓര്‍മ്മക്കായി.
യാത്രക്ക് മുന്‍പേ ഗുരു ജസ്റ്റിസ് മോഹനന്റെ മകളുടെ വിവാഹത്തിനു ശിരസ്സില്‍ തൊട്ടനുഗ്രഹിച്ചു.
വടുതലയില്‍ നിന്ന് കാസര്‍ഗോഡ്‌. അവിടെ കുഞ്ഞമ്പുവിന്‍റെ വീട്ടില്‍ ഒരു രാത്രി…
പിന്നെ കാര്‍വാറില്‍ കവയിത്രി സുകന്യ മാരുതിയുടെ ആഥിത്യം.
പുണെയില്‍ സുഹൃത്ത് ഹരിനാരായണനെ കാണണം.
ഭോപാലില്‍ പാര്‍ട്ടി സെക്രട്ടറി പത്താന്‍ സരോജിനെ കാണണം….
പിന്നെ കുറേ അലയണം……
സൈമണ്‍ ബ്രിട്ടോ എന്ന രക്തസാക്ഷിയുടെ ജനനം 1983 ഒക്റ്റോബര്‍ 14 ന്.
ഏറണാകുളം ജനറല്‍ ആശുപത്രിയില്‍ വച്ച് പ്രതിയോഗികളുടെ കുത്ത് നെഞ്ചത്തും, ഹൃദയത്തിലും ശ്വാസകോശത്തിലും, കരളിലും, നട്ടെല്ലിലും എല്ക്കുമ്പോള്‍ സൈമണ്‍ ബ്രിട്ടോ എന്ന രക്ത സാക്ഷി ജനിക്കുന്നു.
എഫ്.ഐ.ആര്‍. ല്‍ ഇന്ന ആളുടെ മകന്‍ ഇന്ന ആള്‍ കുത്തി എന്ന് പറഞ്ഞപ്പോഴും പരിചയമില്ലാത്ത പ്രതിയോഗിയോട് ബ്രിട്ടോ പൊറുത്തു.
പിന്നെ പത്തു വര്‍ഷം വീട്ടിലെ കട്ടിലില്‍ അരക്ക് താഴെ തളര്‍ന്നു പോയ രക്തസാക്ഷി.
പുസ്തകങ്ങളില്‍ അഭയം തേടി, ഹോമിയോപ്പതി, അലോപ്പതി, പ്രകൃതിചികിത്സ, മൂന്നു പുസ്തകങ്ങള്‍ എഴുതി.
മഹാരൌദ്രവും, നകുലന്റെ കണക്കു പുസ്തകവും, അഭ്രഗാമിയും.
സീന ഭാസ്കര്‍ എന്ന പാര്‍ട്ടി പ്രവര്‍ത്തക ബ്രിട്ടോയെ വായിക്കുന്നു.
അതില്‍ കയിലീന എന്ന മകള്‍.
ഇപ്പോള്‍ കയം എന്ന വീട്ടില്‍ പഴയ സൂഫി ഗാനങ്ങളുടെയും, പഴയ സൌഹൃദങ്ങളുടെയും ഓര്‍മകളുമായി ബ്രിട്ടോ.

10 വര്‍ഷത്തിനു ശേഷം 1993 ല്‍ വീടിനു വെളിയിലിറങ്ങുമ്പോള്‍ ബ്രിട്ടോയുടെ കേരളം ആകെ മാറിയിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.
കുന്നുകളും മലകളും ഇല്ലാതായി
പുതിയ യന്ത്രങ്ങള്‍ കണ്ടു തുടങ്ങി
എല്ലാവരും മൊബൈല്‍ ഫോണുകളില്‍ തെറി വിളിക്കുന്നു.
എല്ലാവരും കള്ളം പറയുന്നു
സത്യമേത് കള്ളമേത് എന്ന് തിരിച്ചറിയാന്‍ കഴിയുന്നില്ല
ലോകം ആകെ മാറി ………
ഇത് 2015 ….
KL-7 BD9733 അംബാസിഡര്‍ കാര്‍ സൈമണ്‍ ബ്രിട്ടോയേയും കൊണ്ട് വടുതലയില്‍ നിന്ന് ലക്ഷ്യമില്ലാതെ അലയുമ്പോള്‍ ….
പ്രിയപ്പെട്ട ബ്രിട്ടോ
അന്യന്‍റെ സ്വകാര്യത ഒപ്പാനുള്ള യന്ത്രം മാത്രമായി മൊബൈല്‍ മാറിയിരിക്കുന്നു.
സത്യം പറയുന്നവര്‍ അങ്ങോളമിങ്ങോളം ക്രൂശില്‍ തൂങ്ങുന്ന കാഴ്ച ….
മൂന്നു പതിറ്റാണ്ടില്‍ വീണ്ടും മാറുകയാണ് ലോകം…..
മനുഷ്യരും……
സൈമണ്‍ ബ്രിട്ടോ…. ശുഭ യാത്ര ….!!!

Leave a Reply

Your email address will not be published. Required fields are marked *