സ്വപ്നങ്ങളും കൈയ്യൊപ്പും നഷ്ടപ്പെട്ട അമ്പിളി

ambili_fathima
എത്ര ശ്രമിച്ചിട്ടും ഉറങ്ങാനാവുന്നില്ല. പതിവു രാത്രികൾ പോലെ ഏകാന്തതയുടെ ക്ഷീരപഥങ്ങളിലൂടെ വീണ്ടും, ചെന്നെത്തിയത് അമ്പിളി ഫാത്തിമയിലാ‍ണ്. ഒരുപാട് ചോദ്യങ്ങൾ ബാക്കിയാക്കി മടങ്ങിയ നക്ഷത്രക്കണ്ണുള്ള രാജകുമാരി.

ജീവിതമല്ല, ജീവൻ മാ‍ത്രമേ അവൾ യാചിച്ചൊള്ളൂ. കിട്ടിയില്ല. പ്രാർത്ഥനകളും യാചനകളും വിഫലമാക്കി മടക്കയാത്ര. ജീവിതത്തിൽ ഒരാഗ്രഹവും നേടാതെ ആറു മാസങ്ങൾക്ക് മുമ്പ് എന്റെ ജീവിതത്തിലേക്ക് എന്തിനവൾ കടന്നുവന്നെന്ന് ഇന്ന് ഞാൻ വ്യാകുലപ്പെടുന്നു.

രണ്ടാമത്തെ ശസ്ത്രക്രിയക്കു ശേഷം സൂചിമുനകൾ ഒന്ന് മാറ്റിവെക്കുമ്പോൾ. മരുന്നുകളുടെ തള്ളിക്കയറ്റത്തിന് ഒരു ശമനം വരുമ്പോൾ 8547024840 എന്ന അവളുടെ ഫോണിൽ നിന്ന് നിലക്കാത്ത സന്ദേശങ്ങൾ. ഒരുപാട് പ്രതീക്ഷകൾ – പ്രാർത്ഥനകൾ – ആഗ്രഹങ്ങൾ നിറഞ്ഞ സന്ദേശങ്ങൾ. ഒപ്പം രണ്ട് ചെറിയ ആ‍ഗ്രഹങ്ങൾ. ആശുപത്രി ഭക്ഷണം മടുത്തു. എനിക്ക് ഒരു കേരള സദ്യ വാങ്ങിത്തരണം. എന്റെ ആശുപത്രി ജീവിതത്തെപ്പറ്റി ഒരുമിച്ചൊരു പുസ്തകമെഴുതണം. ഓർമ്മകൾക്കെന്ത് സുഗന്ധം എന്ന പേരിൽ. തിളങ്ങുന്ന കണ്ണുകൾ ദാനം ചെയ്യണമെന്ന ആഗ്രഹം പോലെ സദ്യയും, പുസ്തകവും സ്വപ്നങ്ങളായി അവശേഷിച്ചു.

ഡിസംബർ 29 ന് ഇന്ത്യ വിടുമ്പോൾ ഒന്ന് കാണാൻ വരുമോ എന്ന അവളുടെ ആഗ്രഹം മാത്രം സാധിക്കാൻ കഴിഞ്ഞില്ല. എന്റെ ബ്ലോഗിലെ 70 ഓളം കുറിപ്പുകൾ വായിച്ചു തീർത്ത് അഭിപ്രായങ്ങളും എന്നെ ആറിയിച്ചു.

മഞ്ജു വാര്യരുടെ സന്ദർശനത്തെപ്പറ്റിയുള്ള സന്ദേശങ്ങളിൽ ആ കണ്ണുകളിലെ തിളക്കം ഞാൻ കണ്ടു. എന്റെ ബ്ലോഗുകളിലൊന്നിന്റെ തലക്കെട്ട് “ My signature is My Dream ” എന്ന വാചകം ഒരുപാട് നാൾ അവൾ വാട്ട്സ് ആപ്പിന്റെ സ്റ്റാറ്റസ് ആക്കി. കയ്യൊപ്പും സ്വപ്നങ്ങളും ബാക്കിയാക്കി അമ്പിളി ഫാത്തിമ പോയി. മഞ്ജു വാര്യർ കുറിച്ചപോലെ അവളുടെ മനക്കരുത്തിനു മുന്നിൽ മരണവും തോറ്റു എന്നൊക്കെ വെറുതെ നമുക്ക് ഭംഗിവാക്ക് പറയാം. മരണം ഇന്നേവരെ തോറ്റ ചരിത്രമില്ല.

മരണംതോൽപിച്ച എന്റെ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ ഞാൻ ഡിലീറ്റ് ചെയ്യാറില്ല.എന്തുകൊണ്ടോ എനിക്കതിന് സാധിക്കുന്നില്ല്ല.അക്കൂട്ടത്തിൽ അമ്പിളി ഫാത്തിമയുടെ 85470224840 എന്നും മായാതെ നിൽക്കട്ടെ. നക്ഷത്രക്കണ്ണുള്ള ഒരു പാവയാണ് അവളുടെ വാറ്റ്സ്ആപ്പ് ചിത്രം. Last seen 19th April 12.24 pm ഒരു പക്ഷെ അവൾ അവസാനമായി ആശുപത്രിയിലേക്ക് പോകുന്നതിന് മുൻപാകാം.

വേദനകളുടെ സൂചിമുനകളും കയ്പേറിയ മരുന്നുകളും വൃഥാവാകുന്ന പ്രാർത്ഥനകളും ഒന്നുമവൾക്കിനി ഭയക്കണ്ട. വാറ്റ്സ് ആപ്പിന്റെ മണിമുഴക്കങ്ങളും ശീതീകരിച്ച ആശുപത്രി മുറികളും ‘എല്ലാം ശരിയാകും’ എന്ന വൃഥാ വാക്കുകളും ഒന്നുമില്ലാത്ത ആ ലോകത്ത് അവൾ വിശ്രമിക്കട്ടെ. ഒരു പക്ഷെ അവളുടെ നന്മ നിറഞ്ഞ മനസ്സിനെ ഉൾകൊള്ളാനുള്ള വിശാലത ഈഎ ലോകത്തിനില്ലായിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *