സ്നേഹത്തിന്റെ അര്‍ത്ഥം

മാധവിക്കുട്ടിയെ ഇന്നോര്‍ക്കാന്‍ കാരണം ഒരു പത്ര തലക്കെട്ടാണ്.
മാധവിക്കുട്ടിയുടെ ജീവിതരേഖ കമല്‍ സിനിമയാക്കുന്നു, വിദ്യാബാലന്‍ നായിക.
യാദൃശ്ചികമെന്ന് പറയട്ടെ , അഞ്ചു വര്‍ഷം മുന്‍പ് മെയ്‌ 31 നാണ് പുന്നയൂര്‍കുളത്തെ പൊന്മാന്‍ നമ്മെ വിട്ടു പോയത്.
മാനസിയും, നീര്‍മാതളവും , എന്‍റെ കഥയും , ഒക്കെ മനസ്സില്‍ തങ്ങി നിന്നാലും, ശ്രി. എം.കെ.മുനീറിന്റെ ഓര്‍മക്കുറിപ്പിലെ ഒരദ്ധ്യായമാണ് എനിക്ക് മറക്കാനാവാത്തത്.

snehathinte_artham

മുനീറിന്റെ വരികള്‍: സ്നേഹത്തിന്റെ അര്‍ത്ഥമെന്തെന്ന് ചോദിച്ചാല്‍ എനിക്ക് ഒറ്റ ഉത്തരമേ ഉള്ളു – മാധവിക്കുട്ടി.
സാമുവല്‍ ബക്കറ്റ് “വെയിറ്റിംഗ് ഫോര്‍ ഗോദോ “ എഴുതിയത് ഫ്രഞ്ച് ഭാഷയിലാണ്.
അതിനു അദ്ദേഹം പറഞ്ഞത് “ എനിക്ക് കുറച്ച് ഫ്രഞ്ച് വാക്കുകളേ അറിയൂ അതിനാല്‍ എഴുത്തിന്റെ തീക്ഷ്ണത കൂടും”. എന്നാണ്. മാധവിക്കുട്ടി ചെയ്തതും അത് തന്നെയല്ലേ ? “പുന്നയൂര്‍കുളത്തു ഞാനെത്തും ഒരു പൊന്മാനായി !” ആ പ്രയോഗത്തിലെ സൗന്ദര്യതലം മാത്രം മതിയല്ലോ ഇവര്‍ക്ക് മുന്നില്‍ ശിരസ്സ്‌ നമിക്കാനെന്നു മുനീര്‍ ചോദിക്കുന്നു.
തന്റെ ഉമ്മ മരിച്ചപ്പോള്‍ മാധവിക്കുട്ടി എഴുതി
“നീ എന്നെ ഉമ്മയായി കണ്ടോളൂ! “
അതായിരുന്നു മാധവിക്കുട്ടി.
അവസാന സമയങ്ങളില്‍ മെത്തയില്‍ ഒരു കുഞ്ഞു തലയിണ – അത് തൊട്ടിട്ടു പറയും
“ഇതാണെന്റെ ശ്രീകൃഷ്ണന്‍, ഇത് കെട്ടിപ്പിടിച്ചേ ഞാന്‍ ഉറങ്ങൂ. ആശുപത്രി മുറിയുടെ സീലിങ്ങില്‍ കുറേ നക്ഷത്രങ്ങള്‍ ഒട്ടിക്കണം നീലാകാശം കണ്ടെനിക്ക് ഉറങ്ങണം. ! “ മാധവിക്കുട്ടിയുടെ വാക്കുകള്‍ .
എന്റെ കഥയില്‍ അവര്‍ എഴുതി
”നായാടികള്‍ കുട്ടികള്‍ ഉണ്ടായാല്‍ മലയുടെ മുകളില്‍ കൊണ്ടുപോയ് കിടത്തും .
കാറ്റും, മഴയും, വെയിലും ,കൊണ്ട് ഘോരതപസ്സിനെ അതിജീവിക്കാന്‍ ഞാനൊരു നായാടി ശിശുവെന്ന പോലെ സകല ഭൂതത്തിന്റെയും സ്പര്‍ശത്തിനു അധീനയായി….
എന്റെ സിരകളില്‍ ചൂടുള്ള വീഞ്ഞ് ഒഴുകി….
എന്റെ ചുണ്ടുകളില്‍ ആയിരം ചുംബനങ്ങള്‍ തങ്ങി നിന്നു……
ഇത്രയും തുറന്നെഴുതാന്‍ മാധവിക്കുട്ടിക്കേ കഴിയൂ.
നാലപ്പാട്ട് വീടിനെപ്പറ്റി അവര്‍ ഇങ്ങനെ എഴുതി
“പച്ചില പാമ്പിനെ വഹിക്കുന്ന നാരകമരങ്ങള്‍, ഓലമേഞ്ഞ തണ്ണീര്‍ പന്തല്‍, ചാഞ്ഞു നില്‍ക്കുന്ന പ്ലാശുമരം, പശുതോഴുത്ത്, നെല്ലി, ആകാശത്തേക്ക് കൈ നീട്ടിയ പാരിജാതം, വൃദ്ധ രാക്ഷസനായ കാഞ്ഞിരമരം, ഇലഞ്ഞി, കുളക്കോഴികള്‍ വസിക്കുന്ന പൊന്ത, ചീങ്കണ്ണികള്‍ വായതുറക്കുന്ന കുളക്കടവുകള്‍, അമ്മാവന്റെ പ്രിയപ്പെട്ട പനിനീര്‍ പൂന്തോട്ടം, പുളിയന്‍ മാങ്ങകളുണ്ടാവുന്ന തെക്കന്‍ മാവ്, പുളിയാരല്‍ ചെടി….
പാര്‍ക്ക്‌ സ്ട്രീറ്റിലെ ലോറന്‍സ് ഹോപ്പിന്റെ ശവകുടീരത്തിനു മുകളിലെ ബോഗന്‍ വില്ലകള്‍ ചലിക്കുന്നത് – സ്നേഹം മതമാക്കി മാറ്റിയ ആ സുന്ദരിയുടെ ചപലമായ ആത്മാവാണെന്ന് മാധവിക്കുട്ടി എഴുതി;
ഒടുങ്ങാത്ത ജീവിത തൃഷ്ണയാകണം ആ പൂവള്ളികളെ നിത്യനര്‍ത്തകരെ പോലെ ചാഞ്ചാടിക്കുന്നത്.
ഈ ലോകത്തില്‍ ഒരു സ്വര്‍ഗം സൃഷ്ട്ടിച്ച് ദേവന്മാരെപ്പോലെ കഴിയാന്‍ അവര്‍ കൊതിച്ചു.
ഭര്‍ത്താവിനോടൊപ്പം സ്നേഹത്തിന്റെ രാജ്യത്തില്‍ നിന്നും ഇടയ്ക്കിടെ ഭ്രഷ്ട്ട്ടാക്കി കൊണ്ടിരുന്ന അവരുടെ വിധിയെ അവര്‍ ശപിച്ചു.
സ്ഥിരവും ഭദ്രവുമായ സ്നേഹത്തിനുവേണ്ടി അവര്‍ വെമ്പി.
കാലടികള്‍ ഉറച്ചു നില്‍ക്കാന്‍ പറ്റിയ ഒരസ്ഥിവാരത്തിന് വേണ്ടി…..
സ്നേഹം തപസ്സാണ്,
സ്നേഹത്തിനെ അന്ത്യമായ സായൂജ്യവും അവര്‍ കുറിച്ചു.
എന്‍റെ ജന്മ സമയത്ത് ഏതോ കുരുത്തംകെട്ട ദൈവം എന്‍റെ മുറിയിലേക്ക് പതുങ്ങി ഇറങ്ങിവന്നെന്നെ തൊട്ടു, അങ്ങനെ ഞാന്‍…..ഇന്നത്തെ ഞാനായി.
“എന്‍റെ ആത്മാവ് എന്‍റെ ഭര്‍ത്താവിന്റെ കാലടികളെ മണത്തുകൊണ്ട് പരുങ്ങുന്ന ഒരു അനാഥപട്ടിയല്ലായിരുന്നെങ്കില്‍ ആ വേനലില്‍ കാര്‍ലോ എന്ന യുവാവിന് ഞാന്‍ എന്‍റെ ശരീരം വെള്ളിതളികയില്‍ തുടുത്ത കനിയെ എന്ന പോലെ എന്നെന്നേക്കുമായി കാഴ്ച്ച വെക്കുമായിരുന്നു.”
എനിക്കും പൂച്ചയെ പോലെ ഒമ്പത് ജന്മങ്ങളുണ്ട്.
തീയില്‍ വീണു ചാമ്പലായാലും വീണ്ടും നവജീവനോടെ ആവിര്‍ഭവിക്കുന്ന ഫീനിക്ക്സ് എന്ന ഐതിഹാസിക പറവയെപ്പോലെ …
ഞാന്‍ വീണ്ടും ഉയിര്‍ത്തെഴുന്നേറ്റ് ….
ഞാന്‍ വീണ്ടും ഉന്മത്തയായി……
ഭഗവാന്റെ നാമങ്ങള്‍ ഉരുവിട്ട ചുണ്ടുകളില്‍ ഞാന്‍ വീണ്ടും ചുവപ്പ് ചായം തേച്ച്……..
വാക്കുകള്‍ പെറുക്കിയെടുക്കാന്‍ വയ്യാത്ത പ്രേമ ഗാനങ്ങള്‍ നിലാവുള്ള രാത്രികളില്‍ ആലപിച്ച്……
ആരോഗ്യം നശിച്ച അവസാന നാളുകളില്‍ അവര്‍ ഇങ്ങനെ കുറിക്കുമ്പോള്‍ എന്റെ കഥ അവസാനിക്കുന്നു.
ഞങ്ങളുടെ വീടിന്റെ മുറ്റം അവസാനിക്കുമ്പോള്‍ ഒരു കന്മതിലായിരുന്നു.
വേലിയേറ്റം വരുമ്പോള്‍ കനത്ത തിരമാലകള്‍ വന്നടിക്കും.
മതിലിനപ്പുറത്തെ പൂഴിമണ്ണില്‍ കാമുകീ കാമുകന്മാര്‍ ഇണചേരുന്നു , തെമ്മാടികള്‍ അവരെ നോക്കി പരിഹാസങ്ങള്‍ പുറപ്പെടുവിച്ചു.
മദ്യപാനികള്‍ പകല്‍ വെളിച്ചത്തില്‍ ബോധമറ്റ് കിടന്നുറങ്ങി.
കുറേ വാരങ്ങള്‍ക്കപ്പുറത്ത് സാധുക്കളെ ദഹിപ്പിക്കുന്ന ചുടലക്കാടായിരുന്നു….
അവിടേക്ക് വിലകുറഞ്ഞ മഞ്ഞപ്പൂക്കള്‍ അണിയിച്ച് കയറ്റു കട്ടിലില്‍ കിടത്തിയ ദരിദ്ര ശവങ്ങളെ ബന്ധുക്കള്‍ താങ്ങിപ്പിടിച്ച്‌ കൊണ്ടുപോകുന്നത് ഞാന്‍ കണ്ടു.
പൂഴിയില്‍ നടക്കുമ്പോള്‍…. ആ മെലിഞ്ഞ കാലുകളുടെ താളം ഇടയ്ക്കിടയ്ക്ക് തെറ്റികൊണ്ടിരുന്നു…
ആ വേനലില്‍ മരണത്തിന്റെ മണം…..പൊട്ടിയ ജനല്‍ പാളികളിലൂടെ എന്റെ കിടപ്പുമുറിയില്‍ വന്നെത്തി കഴിഞ്ഞു….
കമല സുരയ്യ എന്ന മാധവിക്കുട്ടി……
പുന്നയൂര്‍കുളത്ത് ഞങ്ങള്‍ കാത്തു നില്‍ക്കുകയാണ്,
പൊന്മാനായി നിങ്ങള്‍ വീണ്ടും വരുന്നതും കാത്ത്…..

1 comment

Leave a Reply

Your email address will not be published. Required fields are marked *