സിനിമ വരും പോകും …….

Bharath Gopi

ഇന്ന്‍ ഈ കുറിപ്പെഴുതാന്‍ കാരണം സന്തോഷ്‌ പണ്ഡിറ്റിന്‍റെ പുതിയ ചിത്രമായ “ ടിന്‍റുമോന്‍ എന്ന കോടീശ്വരന്‍ “ എന്ന ചിത്രത്തിലെ ഗാനം അബദ്ധവശാല്‍ കേട്ടതാണ്.

പണം വരും പോകും എന്ന ഗാനം ഒന്ന് കേട്ട് നോക്കു !

മലയാള സിനിമയുടെ മൂല്യച്യുതിക്ക് ഇതിലും വലിയൊരു കാഴ്ച വേണോ?
ന്യൂ ജനറേഷന്‍ സിനിമകളിലൂടെ ഇഴഞ്ഞു നീങ്ങുന്ന മലയാള സിനിമക്ക് എന്നാണാവോ ഒരു രക്ഷ?
മലയാളിക്ക് ചിരപരിചിതനായ ഒരു തിരക്കഥാകൃത്തിന്‍റെ അഭിമുഖത്തിലൂടെ ഞാന്‍ ഒന്ന് കണ്ണോടിച്ചു.
പണം വരും പോകും….. എന്ന ഗാനം ഏല്‍പിച്ച ഷോക്കില്‍ നിന്നൊന്നു കരകയറാന്‍ !
സര്‍വ്വശ്രീ: എം. ടി, തോപ്പില്‍ ഭാസി, ലോഹിതദാസ്, എന്നിവരുടെ ലബ്ധപ്രതിഷ്ഠക്കുള്ള ഭാഗ്യ സുകൃതത്തിനു കാരണമെന്തെന്നു ചോദിക്കുമ്പോള്‍ അദ്ദേഹം പറയുന്നു.
“എം. ടി. ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്, മനസ്സില്‍ നന്മയുടെ ഉറവിടമുള്ളവര്‍ക്കേ കഥയെഴുതാനാവൂ എന്ന് ! ”
തിന്മ മനസ്സില്‍ നിറച്ചു വച്ച് എഴുതുന്ന കഥകളാല്‍ നിറയുകയാണ് മലയാളം സിനിമ.
മാധ്യമം, സിനിമ, കഥ, നാടകം, ഇതൊക്കെ ഒരു അഭിനിവേശം ആകണം. – പാഷന്‍ ആവണം.
പ്രകാശനത്തിന്‍റെ ആകാശം പോലും അതിരുകളില്ലാത്ത അദ്ഭുതകരമായ സാധ്യതകളുടെ ലോകമാണ് സിനിമയെന്നു അദ്ദേഹം അഭിമുഖത്തിലൂടെ ഓര്‍മപ്പെടുത്തുന്നു.

അവരവര്‍ക്ക് സ്വായത്തമാകുന്ന, പ്രാപ്തിയുള്ള വഴങ്ങുന്ന വഴികളില്‍ തങ്ങുക ! സിനിമയുടെ ഭൂമിക അഥവാ വിളനിലം ജീവിതത്തിന്‍റെ പുനര്‍ വ്യാഖ്യാനം ആകുമ്പോഴാണ് അതിനു മനോഹാരിത കൈ വരുന്നത്.
പരസ്പര സഹവര്‍ത്തിത്വവും മത്സര ബുദ്ധിയുമായി കഴിഞ്ഞിരുന്ന സര്‍വശ്രീ : അടൂര്‍, എം. ടി., കെ.ജി. ജോര്‍ജ്, പദ്മരാജന്‍, ലോഹിതദാസ്, ഭരതന്‍, മോഹനന്‍ തുടങ്ങിയവര്‍ സൃഷ്ട്ടിച്ച കാഴ്ച്ചയുടെ ശുദ്ധി നമുക്ക് നഷ്ട്ടമായി.
ഫിലിം സൊസൈറ്റികളിലൂടെ കണ്ടു വളര്‍ന്ന ക്ലാസ്സിക് സിനിമകളില്‍ നിന്ന്‍ വിരല്‍ത്തുമ്പില്‍ മാത്രം കാണുന്ന സിനിമകളിലേക്കുള്ള യാത്രാദുരന്തം ജീവിതത്തില്‍ നിന്ന്‍ പ്രചോദനം ഉള്‍ക്കൊള്ളാതെ ജീവിതത്തെ പുറം തിരിഞ്ഞ്നില്‍ക്കുന്ന ബ്രോയിലര്‍ സംസ്കാരം ആണ് ഈ കഥയില്ലായ്മക്ക് കാരണം.

എം. ടി. യുടെ ഭാഷയില്‍ നമുക്ക് ഒന്നാംകിട ടെക്കനീഷന്‍സ് നിറയേ ഉണ്ട് ; ഫിലിം മേയ്ക്കെര്സ് ഇല്ലാതെയാകുന്നു !
കോളേജ് ക്ലാസ്സുമുറിയില്‍ നിന്ന് ലഭിക്കുന്ന അറിവുകളേക്കാള്‍ അറിവ് കോളേജ് മുറ്റത്തെ മരച്ചുവട്ടില്‍ നിന്ന് ലഭിച്ചിരുന്ന കാലം പോയ്മറഞ്ഞു !
മൂല്യച്യുതി അഥവാ കള്‍ച്ചറല്‍ വാക്വം ആയി മാറി പുതിയ സിനിമകള്‍.
ജീവിതഗന്ധിയായ സമീപനം നഷ്ട്ടപ്പെട്ടപ്പോള്‍ കലാപരമായ ശൂന്യത വന്നു !
വിദേശ ചിത്രങ്ങളുടെ ഹൃദയഭാവങ്ങളുടെ ഇരുളും വെളിച്ചവും പകര്‍ത്താതെ വേഷങ്ങള്‍ മാത്രം പകര്‍ത്തുന്നു.
ഈ അഭിമുഖത്തില്‍ അഭിനയത്തെ സ്പിരിച്വല്‍ ആയി സമീപിച്ച ഭരത് ഗോപിയുടെ രണ്ടു അനുഭവങ്ങള്‍ തിരക്കഥാകൃത്ത് വിവരിക്കുന്നു. സന്തോഷ്‌ പണ്ഡിറ്റ്‌മാര്‍ ഒന്ന് കണ്ണോടിച്ചാല്‍ നന്ന് !
അതിനു അദ്ദേഹത്തിന്‍റെ ശരീരം കൊടുത്ത വില വലുതായിരുന്നെങ്കിലും !
യവനികയിലെ തബല വായിക്കാനറിയാത്ത ഗോപിയുടെ അയ്യപ്പന്‍റെ തബല വായന കണ്ട് ശ്രീ സാക്കീര്‍ ഹുസ്സയിന്‍ പറഞ്ഞു “ I CAN’T BELIEVE THAT HE DOESN’T KNOW TABALA “
ഓര്‍മ്മക്കായി എന്നാ ചിത്രം കണ്ട ഗോപിയുടെ അമ്മ അദ്ദേഹത്തോട് പറഞ്ഞു
“ മൂന്നു വയസ്സില്‍ നീ കണ്ട കൃഷ്ണന്‍ മൂപ്പനെ നീ മറന്നില്ലല്ലോ “
മൂന്നാം വയസ്സില്‍ മനസ്സിലെ കമ്പ്യൂട്ടറില്‍ പകര്‍ത്തിയ കൃഷ്ണന്‍ മൂപ്പനെ ഗോപി അങ്ങനേ പകര്‍ത്തി.
അപ്പുണ്ണി എന്നാ സിനിമയിലെ കാലന്‍ കുടയില്ലാത്ത ഒരു സീന്‍ എടുക്കുമ്പോള്‍ കുട പുറത്തു തൂക്കിയിടണമെന്നും, ആ പിടി പുറത്ത് തൊടുമ്പോള്‍, ഉറയുമ്പോള്‍ ഉള്ള വേദനയില്‍ നിന്നേ ആ കഥാപാത്രത്തിന് ഭാവങ്ങള്‍ വരൂ എന്ന് വാശി പിടിച്ച ഗോപി.
ഗോപി എന്ന മഹാ പണ്ഡിതനില്‍ നിന്നും പണ്ഡിറ്റ്‌മാരിലെക്കുള്ള ദുരന്തയാത്രകള്‍ എന്ന് തീരും ??????

1 comment

Leave a Reply

Your email address will not be published. Required fields are marked *