സമയതീരങ്ങള്‍

Gireesh Puthenchery

ഗിരീഷ്‌ പുത്തഞ്ചേരിയെ ഇന്ന് ഓര്‍ക്കാന്‍ കാരണം മനോരമയിലെ ഒരു ചെറിയ കുറിപ്പാണ്.
അദ്ദേഹത്തിന്റെ മനോഹര വരികളുടെ പിന്നാമ്പുറ കഥ വായിച്ചപ്പോള്‍.

ചെമ്പൂവേ…പൂവേ..നിറമാറത്തെ ചെണ്ടേല്‍ ഒരു വണ്ടുണ്ടോ ?
ചാന്തേറും ചുണ്ടില്‍ ചുടു മുത്താരം മുത്താന്‍ ഒരു മുത്തുണ്ടേ…..
ചിരിചിലമ്പുലഞ്ഞു ചമയങ്ങളഴിഞ്ഞു ഒ ഒ ഒ ഓ…..
മിഴികൊണ്ട് മിഴികളില്‍ ഉഴിയുമോ ഒ ഒ ഒ ഓ….
നനയുമെന്‍ നെറുകയില്‍ നറുമണം തൂകാമോ….?

അന്തിച്ചോപ്പ്‌ മായും മാനത്താരോ
മാരിവില്ലിന്‍ തൊങ്ങല്‍ തൂക്കും
നിന്റെ ചെല്ല കാതില്‍ കുഞ്ഞി കമ്മല്‍ എന്നോണം…
തങ്കതിങ്കള്‍ പൊട്ടും തൊട്ട് വെണ്ണിലാവില്‍ കണ്ണും നട്ടു …
നിന്നെ ഞാനീ വാകച്ചോട്ടില്‍ കാത്തിരിക്കുന്നു….
തേന്‍ കിനിയും തെന്നലേ …. നിന്നരികെ വന്നു ഞാന്‍ ….
കാതിലൊരു മന്ത്രമായ് കാര്‍കളികള്‍ മൂളവേ…..
നാണം കൊണ്ടെന്‍ നെഞ്ചില്‍ താഴം പൂവോ തുള്ളി ….
ആരും കേള്‍ക്കാതുള്ളില്‍ മാടപ്രാവോ കൊഞ്ചി…..
ആലോലം കിളി മുത്തേ വാ ….ആതിര രാവിലൊരമ്പിളിയായ്…..
കാലാപാനിയിലെ ഈ മനോഹരവരികള്‍ ഈണം കൊടുക്കാനെത്തിയത് ഇസെജ്ഞാനി ഇളയരാജ.
വരികള്‍ കേട്ട ഇളയരാജ പൊട്ടിത്തെറിച്ചു

ഈ വരികള്‍ മുഴുവന്‍ അശ്ലീലമാണ്!
സ്റ്റുഡിയോ വിട്ടിറങ്ങിയ ഇളയരാജയെ ഗിരീഷ്‌ തിരിച്ചു വിളിക്കുന്നു.
“സര്‍, ഈ വരികളുടെ സംസ്കൃതം ഒന്ന് കേട്ട് നോക്കു “.
ഇളയരാജ കോരിത്തരിച്ചു.
സ്ത്രീശരീരത്തെ പറ്റി ഇത്ര ഭംഗിയായി എഴുതിയ വരികള്‍ കേട്ടിട്ടേ ഇല്ലെന്നു പറഞ്ഞ ഇസെജ്ഞാനി ഈണം നല്‍കിയ ശേഷം ഗിരീഷിനോട് ചോദിച്ചു “ താങ്കള്‍ക്കെങ്ങിനെ ഇത്ര മനോഹരമായി സംസ്കൃത വരികള്‍ ചൊല്ലാനാകുന്നു ? “
ഗിരിഷ് മറുപടി പറഞ്ഞു.
“എന്‍റെ അമ്മ ഒരു സംസ്കൃതം വിദുഷി ആയിരുന്നു”.
“പാരമ്പര്യമായി പകര്‍ന്നു കിട്ടിയതാണ്, ഞാന്‍ ഒരു ഇടക്കാല സൂക്ഷിപ്പുകാരന്‍ മാത്രം.
വിജ്ഞാനത്തിന്റെ ദീര്‍ഘകാല സൂക്ഷിപ്പുകാരനായി ജീവിക്കട്ടെ എന്ന ഇസെജ്ഞാനിയുടെ അനുഗ്രഹം വാങ്ങി മടങ്ങിയ ഗിരീഷ്‌ പക്ഷേ, വാക്ക് പാലിക്കാതെ മറഞ്ഞു പോയി.

പ്രതിഭകളുടെ അകാല വിയോഗങ്ങളെപ്പറ്റി ശ്രി ജോണ്‍ പോള്‍ പറഞ്ഞ വാക്കുകളിലൂടെ ഈ ചെറിയ കുറിപ്പ് അവസാനിപ്പിക്കുന്നു.
ചൈതന്യസ്വരൂപങ്ങളായ ജീവിതങ്ങള്‍ വേഗം സമയതീരം കടന്നു പോവും.
ഗിരീഷും, ലോഹിതദാസും, മുരളിയും, ഒക്കെ സമയതീരങ്ങള്‍ വേഗം കടന്നു പോയി.
വിജ്ഞാനത്തിന്റെ ഹ്രസ്വകാല സൂക്ഷിപ്പുകാര്‍.!

4 comments

Leave a Reply

Your email address will not be published. Required fields are marked *