വിമാനം എന്ന സ്ത്രീ…..

വിമാനയാത്രയെ പറ്റിയും വിമാനങ്ങളെ പറ്റിയും ഇന്ന് നാം ഓര്‍ക്കുന്നത് ഒരു ഞെട്ടലോടെയാണ്.
വിമാനവും, വിമാനയാത്രയും, സുഖകരമായൊരു അനുഭൂതിയെന്ന സങ്കല്പം പോയി മറഞ്ഞു.
ആകാശത്തേക്ക് പകയോടെ പറക്കുന്ന മിസൈലുകളുടെയും വിമാനറാഞ്ചികളുടെയും, യുദ്ധക്കൊതിയന്മാരുടെയും കൈകളില്‍ പെടാതെ ലക്ഷ്യസ്ഥാനത്തെത്തിയാല്‍ ഭാഗ്യം.
യാത്രക്കാരുടെ സുകൃതം !!!
കാണാമറയത്ത് പോയ്‌ മറഞ്ഞ മലേഷ്യന്‍ വിമാന ദുരന്തത്തിന്‍റെ ആഘാധത്തില്‍ നിന്നും ലോകം കരകയറിയിട്ടില്ല.
അപ്പോഴേക്കും ഇതാ മറ്റൊരു ദുരന്തം…..
298 യാത്രക്കാരുമായി ഉക്രൈനില്‍ മിസൈല്‍ ഏറ്റു വീണ അടുത്ത മലേഷ്യന്‍ വിമാന കഥ.
flight
ജോയ്പ്പ് ലോന്ജെലോ എന്ന എയിഡ്സ് രോഗ വിദഗ്ധന്‍ ഉള്‍പ്പടെ 100 എയിഡ്സ് രോഗ വിദഗ്ധരും ഈ അപകടത്തില്‍ പൊലിഞ്ഞു.
ലോകത്തിന് എയിഡ്സ് രോഗത്തില്‍ നിന്നുള്ള വിമുക്തിയെന്ന സ്വപ്നവും ഇതോടെ ഏറെക്കുറെ ഇല്ലാതായി.
അര നൂറ്റാണ്ടില്‍ 19 വിമാനാക്രമങ്ങളില്‍ 1100 ജീവനാണ് പൊലിഞ്ഞത്……1100 നിരപരാധികള്‍.
1973 ല്‍ സിനായ് മരുഭൂമിയില്‍ ഇറങ്ങാനായി ഒരുങ്ങിയ ലിബിയന്‍ വിമാനത്തില്‍ ഇസ്രയേല്‍ മിസൈല്‍ പതിക്കുമ്പോള്‍ പൊലിഞ്ഞത് 113 ജീവന്‍.
1983 ല്‍ കൊറിയന്‍ ബോയിംഗ് വിമാനം സോവിയറ്റ്‌ യുണിയന്‍ തകര്‍ത്തപ്പോള്‍ മരണം – 269.
1986 ല്‍ ദക്ഷിണ സുഡാനിലെ മലാക്കയില്‍ പീപ്പിള്‍ ലിബറേഷന്‍ സേന ഇല്ലാതാക്കിയത് -65 ജീവനുകള്‍.
1988 ല്‍ ഇറാന്‍റെ വിമാനത്തിനു നേരെ അമേരിക്കന്‍ യുദ്ധക്കപ്പല്‍ മിസൈല്‍ വിക്ഷേപിച്ചപ്പോള്‍ ഇല്ലാതായവര്‍ – 290.
1993 ല്‍ ജോര്‍ജിയന്‍ വിമാനത്തില്‍ മിസൈല്‍ പതിക്കുമ്പോള്‍ മരണം -108.
പകയുടെയും, വിദ്വേഷത്തിന്‍റെയും കറുത്ത കരങ്ങളില്‍ ഇല്ലാതായ എത്രയോ ജീവനുകള്‍…
ഭാര്യയെ കാത്തു നില്‍ക്കുന്ന ഭര്‍ത്താക്കന്മാരുടെ….
മക്കളെ കാത്തു നില്‍ക്കുന്ന മാതാപിതാക്കളുടെ…….
കാമുകിയെ കാത്തു നില്‍ക്കുന്ന കാമുകന്മാരുടെ……
എത്രയോ സ്വപ്‌നങ്ങള്‍ ഈ അര നൂറ്റാണ്ടിലെ 1100 മരണങ്ങളില്‍ പോലിഞ്ഞിരിക്കാം….
ഇന്നും വേദനയുടെ തീരാക്കടലില്‍ അലയുന്ന 1100 പേരുടെ കുടുംബങ്ങള്‍ ……
അവര്‍ യുദ്ധത്തെ ശപിക്കുന്നുണ്ടാകും…
വിമാനത്തെപറ്റി ഞാന്‍ വായിച്ച ലേഖനങ്ങളില്‍ ഇന്നും മായാതെ മനസ്സില്‍ തങ്ങുന്നത് ശ്രി. ബാലചന്ദ്രമേനോന്‍റെ
“പറന്ന്‍… പറന്ന് …പറന്ന്‍ “ എന്ന ചെറു കുറിപ്പാണ്.
കര്‍ക്കിടക മാസത്തില്‍ അമ്മയുടെ രാമായണ പാരായണത്തിനിടയില്‍ സീതയെ രാവണന്‍ കടത്തി കൊണ്ട് പോവാന്‍ ഉപയോഗിച്ച വായു സഞ്ചാര പേടകം പുഷ്പക വിമാനത്തിന്‍റെ കഥയില്‍ നിന്നും ഒരു പൈലറ്റ് ആവാന്‍ കൊതിച്ച മേനോന്‍.
വിമാന നിലയത്തില്‍ അറ്റകുറ്റപ്പണി നടക്കുന്ന വിമാനത്തെ ഫയല്‍വാന്‍റെ പടച്ചട്ട അഴിക്കുമ്പോള്‍ പെട്ടന്ന്‍ ക്ഷയരോഗിയുടെ വാരിയെല്ലുകള്‍ കാണുന്നതിനെ ഓര്‍മിപ്പിക്കുന്നതായി മേനോന്‍ പറയുന്നു.
മേഘങ്ങള്‍ക്കിടയില്‍ പെടുമ്പോള്‍ ഉള്ള കുലുക്കത്തെ പറ്റിയും നിലത്ത് കിടക്കുന്ന ഒരു വസ്തു, ഇത്രയും ആളുകളുമായി അപ്പൂപ്പന്‍ താടി പോലെ പറന്നുയരുന്നതും, ന്യൂയോര്‍ക്കിലെ JFK എയര്‍പോര്‍ട്ടില്‍ മീഞ്ചന്തയില്‍ കാക്കകള്‍ പോലെ വിമാനങ്ങള്‍ വന്നിറങ്ങുന്നതും മേനോന് അത്ഭുതം ആയി.
ആകാശത്തു പറക്കുമ്പോള്‍ പുരാണങ്ങളില്‍ വിവരിക്കുന്ന മേഘക്കീറുകള്‍ ഞാന്‍ കണ്ടു; അവര്‍ക്കിടയില്‍ ഉര്‍വശി, മേനക, രംഭ, തിലോത്തമ മാരെയും, പരദൂഷണപ്രിയനായ നാരദനേയും ഞാന്‍ പരതി.
വിമാനം ഓരോ ഗട്ടറില്‍ വീഴുമ്പോഴും, മൂളിപ്പാട്ടുപാടി ഞാന്‍ ശാന്തത അഭിനയിച്ചു!!
ഇത്തരം പ്രതിസന്ധികള്‍ വരുമ്പോള്‍ മാത്രം യേശുദാസിന്‍റെ പാട്ടുകള്‍ പാടുന്ന ചെമ്പൈ മാരെ എനിക്കറിയാം.
ഓരോ തവണയും യാത്രകഴിയുമ്പോള്‍ ഈ ശാന്തക്കുട്ടന്മാര്‍ ലഗ്ഗേജുമായി നീങ്ങുമ്പോള്‍ തങ്ങളുടെ പിന്നില്‍ മടിപിടിച്ച് ചീങ്കണ്ണിയെപ്പോലെ കിടക്കുന്ന വിമാനത്തെ ഒന്ന് ഏറുകണ്ണിട്ടു നോക്കും…….
ഇത്തവണ വഴുതി രക്ഷപ്പെട്ടു എന്ന് !!!!
എത്ര അര്‍ത്ഥഗര്‍ഭമാണ്‌ മേനോന്‍റെ വരികള്‍ !
വിമാനത്തിന്‍റെ ടേക്ക്ഓഫ്, ലാന്‍റിംഗ്, രഹസ്യങ്ങളറിയാന്‍ മേനോന്‍ പോള്‍ എന്ന പൈലറ്റുമായി ചങ്ങാത്തം സ്ഥാപിക്കുന്നു.
“WE ARE GOING TO LAND “ എന്നല്ല; “WE ARE GOING TO EMBRACE THE EARTH “ എന്നതാണ് ശരിയെന്നു പോള്‍ പറഞ്ഞു.
TAKE OFF ചെയ്യുമ്പോള്‍ “WE ARE AIR BORN “എന്ന്…..നമ്മള്‍ ആകാശത്തു പിറന്നു എന്ന് !!!!
പോള്‍ പറഞ്ഞു
വിമാനം ഒരു ആദ്യസ്ത്രീയാണ്.
അവള്‍ക്കു അഴകുള്ള ഒരു അടിവയറുണ്ട് .
ആ വയറ്റില്‍ ഇന്നൊരു മൃതദേഹവുമുണ്ട്.
WE CALL IT ….. BELLY OF THE PLAIN .
കോവളത്ത് വച്ചു വീണ്ടും കാണാമെന്നു പറഞ്ഞു പൈലറ്റ് പോളും മേനോനും പിരിയുന്നു.
വീണ്ടും കണ്ടപ്പോള്‍ കാര്‍മേഘങ്ങള്‍ക്കിടയില്‍ പെടുന്ന വിമാനത്തെ എങ്ങനെ നിയന്ത്രിക്കുന്നു എന്ന മേനോന്‍റെ ചോദ്യത്തില്‍ നിന്നും പോള്‍ പലതവണ ഒഴിഞ്ഞുമാറി.
അവസാനം പോള്‍ പൊട്ടിക്കരയാന്‍ തുടങ്ങി…!!
ആ കരച്ചില്‍ അലമുറയായി മാറി …!!
ഏതു പ്രായത്തില്‍ കരഞ്ഞാലും മനുഷ്യന്‍ കൊച്ചുകുട്ടിയാകുമെന്നു മാതാ അമൃതാനന്ദമയി പറഞ്ഞത് മേനോന്‍ ഓര്‍ത്തു.
എന്‍റെ ധീരനായ പോരാളി പോള്‍, ഘനഗംഭീരശബ്ദത്തിനുടമ, വില്ലാളി വീരന്‍, കൊടുംകാട്ടില്‍ പെട്ട കരിയിലപോലെ വിതുമ്പി!!
ക്യാപ്റ്റന്‍ പോള്‍ ഒരു ബാഗ്‌ കയ്യിലെടുത്തു…..”KIT OF THE CAPTAIN “
പൈലറ്റുമാര്‍ യാത്ര തുടങ്ങി അവസാനിക്കും വരെ ഈ കിറ്റ്‌ ബാഗ്‌ ഭദ്രമായി സൂക്ഷിക്കണം; യാത്രയുടെ എല്ലാ വിവരങ്ങളും ഇതിലുണ്ട്.
പോള്‍ ഒരു ചെറിയ ഡയറി കയ്യിലെടുത്തു, വൃദ്ധയായ ഒരു സ്ത്രീയുടെ ഫോട്ടോ. “ഇതെന്‍റെ അമ്മയാണ്…
എന്നെ പെറ്റുവളര്‍ത്തിയ അമ്മ….
പക്ഷെ, കണ്ണുകാണാന്‍ വയ്യ !!
ബോംബയില്‍ എന്നോടൊപ്പം താമസിക്കുന്നു.
കണ്ണുകാണാന്‍ വയ്യാത്ത അമ്മയാണ് വിമാനം പറപ്പിക്കുന്നത്;
ഞാന്‍ അല്ല !!!
എനിക്കൊന്നും അറിയില്ല !!! “
ക്യാപ്റ്റന്‍ മുഖം കൈക്കുമ്പിളില്‍ത്താങ്ങി അമര്‍ത്തിത്തിരുമ്മി !
മേനോന്‍റെ “പറന്ന്…പറന്ന്…പറന്ന്…” ഇവിടെ അവസാനിക്കുന്നു, ഒപ്പം വ്യോമാപഠനവും !!!!
ഇത്തരം എത്രയോ അമ്മമാരുടെ പ്രാര്‍ഥനകളാണ്, യുദ്ധക്കൊതിയില്‍, പകയുടെ തനിയാവര്‍ത്തനത്തില്‍ ഇല്ലാതെയാകുന്നത്.

അമ്മിഞ്ഞയൂട്ടിയ മാറിലെ രക്തം –
ഇമ്മണ്ണില്‍ വീഴാതിരിക്കട്ടെ !
ഇരുപാടുമലറുന്ന തോക്കുകള്‍ –
നിരപരാധിത്ത്വത്തെ വീഴ്ത്താതിരിക്കട്ടെ !
എന്നും മര്‍ത്യത തോല്‍ക്കുന്ന യുദ്ധങ്ങള്‍ അവസാനിക്കട്ടെയെന്നു
നമുക്ക് പ്രാര്‍ഥിക്കാം !!!!

12 comments

 1. Keep going with your great articles. They are indeed a great source of inspiration to the readers..! Thank you..
  Usha Suresh Balaje

 2. വളരെ നന്നായി എഴുതിയിട്ടുണ്ട്.
  അത്യന്തം ആകര്‍ഷകമായ ശൈലി ആണ് താങ്കളുടെ.
  തുടര്‍ന്നും എഴുതുക
  ആശംസകളോടെ
  പ്രാര്‍ഥനകളോടെ
  സിന്ധു & മുരളി

 3. നടന്ന് നടന്ന് നടന്ന്
  ബസ്സിൽ ബസ്സിൽ ബസ്സിൽ
  കാറിൽ കാറിൽ കാറിൽ
  സഞ്ചരിച്ച് മെട്രോ നഗരങ്ങളിലെ
  കുഴിയിൽ വീണു അവയവഭംഗം
  സമ്പാദിക്കുമ്പോൾ
  പറന്ന് പറന്ന് പറന്ന്
  ഭാഗ്യ വശാൽ കണ്ണും കരളുമായി
  രക്ഷ പ്രാപിക്കുന്നതല്ലേ അഭികാമ്യം!!

Leave a Reply

Your email address will not be published. Required fields are marked *