വാതിൽക്കൽ നിൽക്കുന്ന വ്യക്തി

Actress Kalpana‌‌ Funeral
ഈ കുറിപ്പെഴുതാൻ കാരണം ആടിയുലഞ്ഞുനിൽക്കേ സ്വയമറിയാതെ കൊഴിഞ്ഞു വീണ ആ ഇലയെ ഓർത്തപ്പോഴാണ്. കൽ‌പ്പന – ഏവരേയും ചിരിപ്പിക്കുമ്പോഴും സ്വയം സ്വകാര്യമായി കരഞ്ഞുതീർത്ത ജീവിതം. കൽ‌പ്പന മറഞ്ഞ സത്യം ഇനിയും അംഗീകരിക്കാൻ നമുക്കാവുന്നില്ല. ആദരാജ്ഞലികളുടെ പ്രളയത്തിൽ ഹൃദയത്തിൽ തങ്ങി നിൽക്കുന്നത് അനൂപ് മേനോന്റെ കുറിപ്പാണ്. മരണം വാതിൽക്കൽ മുട്ടുമ്പോൾ ഡോൾഫിനിലെ കൊച്ചുവാവ ബാക്കിവെച്ചത് ഒരേ ആ‍ഗ്രഹമാണ്. കനത്തുപെയ്യുന്ന രാമഴയിൽ ഒരു കുടക്കീഴിൽ ഭർത്താവിനൊപ്പം ഒരു യാത്ര. പിന്നീടൊരിക്കൽ അനൂപിന്റെ ഫോൺ സംഭാഷണത്തിനിടയിൽ കൽ‌പ്പന പറഞ്ഞു ‘ ഹോട്ടൽ മുറികളെ എനിക്ക് ഭയമായിരുന്നു. നമ്മൾ ഇഷ്ടപ്പെടാത്ത ഒരാൾ വാതിൽക്കൽ നിൽക്കുന്ന പോലെ‘.

ഒന്നര പതിറ്റാണ്ട് മുമ്പാണ് ആദ്യമായും അവസാനമായും ഞാ‍ൻ കൽ‌പ്പനയെ കാണുന്നത്. സഹോദരൻ കമലുമൊത്ത് കൊച്ചി-ചെന്നൈ വിമാന യാത്രക്കിടെ. കൽ‌പ്പന-ഉർവ്വശി കുടുംബവുമായുള്ള എന്റെ പിതാവിന്റെ അര നൂറ്റാണ്ടിന്റെ സൌഹൃദത്തെപ്പറ്റിയും പഞ്ചവടിപ്പാലവുമൊക്കെ വെറും പത്തു നിമിഷത്തിൽ ചെക്-ഇൻ കൌണ്ടറിൽ പറഞ്ഞുതീർത്തു. NEPC എന്ന് വിമാന കമ്പനി ഇന്ത്യയുടെ ഏത് പ്രാന്തപ്രദേശത്തേക്കും പറന്നിറങ്ങിയിരുന്ന കാ‍ലം. തന്റെ NEPC യാത്രകളെക്കുറിച്ച് കൽ‌പ്പന വാചാലയായി. NEPC പൈലറ്റിനൊപ്പം ഒരു യാത്രക്കാരന് സൌജന്യമായി യാത്ര ചെയ്യാമെന്ന് കൽ‌പ്പന പറഞ്ഞപ്പോൾ അതെങ്ങനെയെന്ന എന്റെ ചോദ്യത്തിന് കൽ‌പ്പനയുടെ മറുപടി ഇന്നുമോർക്കുന്നു. പൊള്ളാ‍ച്ചി, വില്ലപുരം തുടങ്ങിയ സ്ഥലങ്ങളിൽ വിമാനമിറക്കാൻ പൈലറ്റിന് വഴിപറഞ്ഞു കൊടുക്കാനാണ് ഒരാൾ കോക്ക്പിറ്റിൽ ഇരിക്കുന്നത്. നർമ്മം നിറഞ്ഞ നിമിഷങ്ങൾ അവസാനിപ്പിച്ച് കൽ‌പ്പന NEPC വിമാനത്തിലേക്ക് നടന്നു.

വിട – കൽ‌പ്പന – വിട
ആകാശങ്ങളിലെ കുണ്ടും കുഴിയും നിറഞ്ഞ മേഘങ്ങളെ ഇനി നിങ്ങൾക്ക് ഭയക്കണ്ട.
ഭൂമിയിലെ ഭാവരൂപങ്ങൾ മാറുന്ന മനുഷ്യരെ ഇനി നിങ്ങൾക്ക് ഭയക്കണ്ട.
കൽ‌പ്പനയുടെ നന്മയള്ള മനസ്സിനെ തിരിച്ചറിയാതെ പോയ കപട വേഷധാരികളെയും ഇനി ഭയക്കണ്ട.
ഹോട്ടൽ മുറികളുടെ വാതിൽപ്പുറത്ത് നിൽക്കുന്ന അപകടകാരിയായ വ്യക്തിയെ ഇനി ഭയക്കണ്ട.
അനൂപ് മേനോൻ എഴുതിയ പോലെ “വാതിൽപ്പുറത്തുണ്ടായിരുന്ന ആ ആരാധകൻ ഒരു ഔചിത്യമില്ലാത്ത കോമാളി തന്നെയാണ് ചേച്ചീ – ഇത്രയും നന്മയുള്ള ഒരു ജീവനെ കരിച്ചുകളയാൻ ഒരു വിഡ്ഢിക്കേ കഴിയൂ.
വാതിൽ‌പ്പുറത്തെ അദൃശ്യരൂപത്തെ ഭയന്ന് ഭൂമിയിൽ ഭാ‍ക്കിയാകുന്ന ഞങ്ങളുടെ പ്രാർത്ഥനാ പുഷ്പങ്ങൾ….

2 comments

Leave a Reply

Your email address will not be published. Required fields are marked *