രവിയെന്ന കണ്ണാടി

ഖസാക്കിന്റെ ഇതിഹാസം

ഏകാന്തതയുടെ ക്ഷീരപഥങ്ങൾ വാരാന്ത്യങ്ങളിൽ എങ്ങിനെ പൂർത്തിയാക്കുമെന്ന ചിന്ത കൊണ്ടെത്തിച്ചത് വീണ്ടും വായിക്കാൻ ഖസാക്കിന്റെ ഇതിഹാസത്തിലാണ്. രവി നമ്മൾ ഓരൊരുത്തരിലൂടെയും ജീവിക്കുകയാണ്. ഏറുമാടങ്ങളുടെ നടുവിൽ ചെന്നെത്തുമെന്ന് പണ്ടേ രവി കരുതിക്കാണും. ഉപനിഷത്തും ആസ്ട്രോഫിസിക്സും പഠിക്കാൻ പ്രിൻസ്റ്റണിലെത്തേണ്ട രവി ഖസാക്കിലെ ഏകാധ്യാപ വിദ്യാലയത്തിൽ അതാണ് വിധി. കനിവു നിറഞ്ഞ വാർദ്ധക്യം, കൂഷ്ടം പറ്റിയ വേരുകൾ – രവിയുടെ ഭാഷയിൽ ബോധാനന്ദ സ്വാമിയുടെ ആശ്രമത്തിലും, പ്രയാഗയിലെ സത്രങ്ങളിലും, മദ്ധ്യപ്രദേശിലെ ക്വേക്കർ സെന്ററിലും പത്മ രവിയെ തേടിയാൽ എവിടെ കണ്ടെത്താൻ ? രവിയുടെ വിധി ഖസാക്കാണ്. കൂമൻ കാവടിയിൽ അന്തിയുറങ്ങാനാണ്. ചെതലിമലയും, തേവാരത്തു ശിവരാമൻ നായരും, അള്ളാപ്പിച്ച മുല്ലാക്കയും രവിയുടെ ജീവിതയാത്രയിലൂടെ കടന്നുപോയി.

ഖസാക്കിലെ പനങ്കാട്ടിൽ കുഴിച്ചിട്ട കുതിരകൾ ഷന്മുഖനന്ദന്മാർക്ക് ചിതലിമല താണ്ടുവാൻ സഹായിക്കുന്നു. ഓരോ യാത്രയിലും രവിയെന്ന പഥികന്റെ കാലിലെ വൃണം നൊന്തു.

അറബികൾ തലവെട്ടിയെറിഞ്ഞ അറബിക്കുളത്തിലെ കബന്ധങ്ങൾ രവി ഭയപ്പെട്ടു. നമ്മളെയൊക്കെപ്പോലെ കർമ്മബന്ധങ്ങളുടെ ഏതു ചരടാണ് നിങ്ങളെ ഇങ്ങോട്ട് കൊണ്ടുവന്നതെന്ന് രവി ചിന്തിക്കുന്നു. കർമ്മ പരമ്പരയുടെ സ്നേഹനിരതമായ കഥ – അകൽച്ചയും ദുഖവും മാത്രം നമുക്ക് നൽകുന്നു. സകലരും നഷ്ടപ്പെട്ടപ്പോൾ പണിക്കൻ കോട്ടയിലിരുന്ന് കരയുന്ന അപ്പുക്കിളി. കണ്ണില്ലാത്ത കൊല്ലൻ വേദങ്ങളെയും ശാസ്ത്രങ്ങളേയും പറ്റിപ്പറയുന്നു. ആരും കൂടുപറ്റാറില്ല മാധവൻ നായരെ എന്ന് രവി പറയുന്നത് എത്ര സത്യമാണ്.

താംബരം MCC യിലെ പഠനകാലം, അച്ഛന്റെ വാതം വേദനയും പരാധീനതയുമായ കാലം, ചിറ്റമ്മയെ അറിഞ്ഞ കിടപ്പറ. ഇതൊക്കെ ചേർന്നതാണു രവി. സ്നേഹശാലിയായ അച്ഛനേയൂം ഗർഭവതിയായ അമ്മയേയും കൺമഷി പരന്ന ചിറ്റമ്മയെയും ഓർക്കുന്നത് അച്ഛന്റെ കത്ത് വരുമ്പോഴാണ്. എല്ലാ സായം സന്ധ്യയും ദുഖമാണ്. ആ ദുഖത്തിന്റെ ഹൃദ്യതയിൽ ഞാൻ സ്വയം താഴുന്നുവെന്ന കുറിപ്പിലവസാനിക്കുന്നു അച്ഛന്റെ കത്ത്.

ചാരിത്രവതികളെ കാക്കുന്ന പുളിങ്കൊമ്പ് രാവിക്ക് അത്ഭുതമാകുന്നു. ജന്മാന്തരങ്ങളുടെ ഇളവെയിലിൽ തുമ്പികൾ പറന്നകന്നു. അമ്മയുടെ നക്ഷത്രക്കുട്ടൻ രവി. ഗർഭത്തിന്റെ കരുണയിൽ വിശ്രമം – ഓർമ്മയുടെ കരുണയിൽ പുനർജന്മം – പിന്നെ വളർച്ച.

… ഒട്ടുമിക്ക വിദ്യാർത്ഥികളും മരിക്കുമ്പോൾ സാലഭജ്ഞികകൾ പുനർജന്മങ്ങളുടെ കഥപറയുന്നു.
മുല്ലയുടെ മണമുള്ളരാത്രിയിൽ പുതച്ചുകിടന്ന അച്ഛൻ പുനർജനിക്കുമോ ഒരു ഗ്രഹത്തിൽ ജീവരാശി കരുപ്പിടിക്കുന്ന പോലെ.

ഒരു സെല്ലിന്റെ വ്യതിയാനമാണ് അർബുദമെന്ന് അല്ലാപ്പിച്ച മൊല്ലാക്കയുടെ മരണം രവിക്ക് പറഞ്ഞുകൊടുക്കുന്നു. ഏഴുകൊല്ലത്തിനു ശേഷം നൈജാമലി ബാങ്കുവിളിക്കുന്നു.

പത്മയുടെ കത്ത് 10 വർഷത്തിന്റെ നീണ്ട കാത്തിരിപ്പിനു ശേഷം ഒരു ഹൃസ്വ സംഗമം. പുതിയ ആരോപണങ്ങൾ അടങ്ങുന്ന ഇൻസ്പെക്ടറുടെ കത്ത് രവിയെത്തേടിയെത്തുന്നു. പിന്നെ ഖസാക്കിനോട് വിട. സായാഹ്ന യാത്രകളുടെ അച്ഛാ വിട തരിക. മന്ദാരത്തിന്റെ ഇലകൾ ചേർത്തുവെച്ചു തുന്നിയ പുനർജ്ജനിയുടെ കൂടുവിട്ട് ഞാൻ വീണ്ടും യാത്രയാകുന്നു. മഴ പെയ്യുന്നു – മഴ മാത്രം – കാലവർഷത്തിന്റെ വെളുത്ത മഴ – അനാദിയായ മഴവെള്ളത്തിന്റെ സ്പർശം. കൂമൻകാവിലെ ബസ്റ്റാന്റിൽ സർപ്പ ദംശമേറ്റ രവി ബസിന്റെ വരവിനായി കാത്തുകിടന്നു – ഇതാണു ജീവിതം. കർമ്മ ബന്ധങ്ങളൂടെ ഒരു ചരടാണു നമ്മെ എവിടെയോ കൊണ്ടെത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *