യാത്ര………..!!

ചില നിമിഷങ്ങള്‍ ….ദീപ്തങ്ങളായ, തേജോമയമായ ശുഭ മുഹൂര്‍ത്തങ്ങളാണ്.
അത്തരം ചില നിമിഷങ്ങള്‍ നമ്മോടൊപ്പം ഓര്‍മകളായി , ചിലപ്പോള്‍ നൊമ്പരങ്ങളായി ജീവിതാന്ത്യം വരെ കാണും.
വര്‍ണങ്ങള്‍ നിറഞ്ഞ കാഴ്ചകളുടെ കണ്ണടച്ച് യാത്രയായ ബാലുമഹേന്ദ്ര യോടൊപ്പം കഴിഞ്ഞ ചില നിമിഷങ്ങള്‍ ഓര്‍മകളുടെ പുകമറ നീക്കി വരുന്നു.
ഓളങ്ങളും , യാത്രയും പലതവണ എറണാകുളം ഷേണായീസ് തിയറ്ററില്‍ കണ്ട ഒരു സിനിമ ഭ്രാന്തനു ബാലുമഹേന്ദ്രയെ മറക്കാനാകുമോ ?
നൂറ്റാണ്ടിലെ ഏറ്റവും നല്ല ചിത്രം എന്ന് “ ദൃശ്യ”ത്തെ വിശേഷിപ്പിക്കുന്നവര്‍ യാത്ര എന്ന സിനിമ കണ്ടിട്ടില്ലായിരിക്കും.

യാത്ര എന്ന ചലച്ചിത്രകവിതയുടെ പരസ്യ വാചകം ദശാബ്ദങ്ങള്‍ക്കിപ്പുറവും നാം ഓര്‍ക്കുകയാണ്.

“ഈ ചിത്രം കണ്ടിട്ടില്ലെങ്കില്‍ മലയാളത്തിന്‍റെ
ഏറ്റവും നല്ല ചിത്രം നിങ്ങള്‍ കണ്ടിട്ടില്ല ……”

മനസ്സില്‍ വച്ചാരാധിച്ച ജീവിതത്തിന്‍റെ ഛായാഗ്രാഹകനെ നേരില്‍ കാണുന്നത് 2012 ല്‍ ആണ്‌. ജ്യോതി മേനോന്‍റെ “ ദൈവത്തിന്‍റെ മാലാഖ “ എന്ന പുസ്തകത്തിന്‍റെ സിനിമാ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തിന്‍റെ ദശരഥപുരത്തെ ഫിലിം സ്കൂളില്‍ വെച്ച് . അരമണിക്കൂര്‍ നീണ്ട ചര്‍ച്ച കഴിഞ്ഞു മടങ്ങുമ്പോള്‍ മഹാനായ കലാകാരന്റെ ഓര്‍മകള്‍ ഓളങ്ങളായി മനസ്സില്‍ അലയടിക്കുകയായിരുന്നു.

പിന്നീട് , “ കണ്ണും കരളും “ എന്ന ചലച്ചിത്രത്തിന്‍റെ അന്‍പതാം വാര്‍ഷിക ചടങ്ങുകള്‍ക്കായി അദ്ദേഹം വന്നപ്പോള്‍ . ചെന്നൈയിലെ ഡോണ്ബോസ്കോ സ്കൂളില്‍ ചടങ്ങ് തുടങ്ങാന്‍ മണിക്കൂറുകള്‍ വൈകിയെങ്കിലും തന്‍റെ വിദ്യാര്‍ഥികള്‍ക്കൊപ്പം ക്ഷമയോടെ സദസ്സില്‍ ഇരുന്ന ബാലുമഹേന്ദ്രയെ ഇന്നും ഓര്‍ക്കുന്നു.

താമസിച്ചു വന്നാലേ സൂപ്പര്‍സ്റ്റാര്‍ ആവൂ എന്ന മിഥ്യാസങ്കല്പങ്ങള്‍ വച്ചു പുലര്‍ത്തുന്ന സിനിമാ ലോകത്തിനു അപവാദമാണ് ഇന്നലെ യാത്രയായ ബാലുമഹേന്ദ്ര.

വാക്കുകള്‍ക്കോ, ചരമക്കുറിപ്പുകള്‍ക്കോ , കണ്ണുനീരിനോ , പകരം വയ്ക്കാന്‍ ബാലുമഹേന്ദ്രയുടെ അസാനിധ്യത്തിനാകില്ല.

യാത്രയിലെ ഗാനം ഇന്നും അലയടിക്കുന്നു….

“നിറമുള്ള സ്വപ്‌നങ്ങള്‍ പൂവിടും നാള്‍
കൂടൊന്നുകൂട്ടാന്‍ നാരുകള്‍ തേടി………
ആണ്‍കിളി എങ്ങോ പൊയീ …………….”

ഒരുപാട് നിറമുള്ള സിനിമകള്‍ ബാക്കിയാക്കി തന്‍റെ ക്യാമറകണ്ണടച്ച് ,തന്‍റെ തൊപ്പിയും കഴുത്തില്‍ കെട്ടിയ തൂവാലയുമായി മടങ്ങിവരവില്ലാത്ത യാത്ര.
ബാലുമഹേന്ദ്രയുടെ ഓളങ്ങളിലേ വരികള്‍ കൊണ്ടൊരു ബാഷ്പാഞ്ജലി !

വേഴാമ്പല്‍ കേഴും വേനല്‍ കുടീരം നീ ..

ഏകാകിനി…………………..നിന്നോര്‍മകള്‍

ഏതോനിഴല്‍…………………ചിത്രങ്ങളായി

ഈ വഴി ഹേമന്തമെത്ര വന്നു………………

ഈറനുടുത്തു കൈ കൂപ്പി നിന്നു……………………….

എത്ര വസന്തങ്ങള്‍ നിന്റെ മുന്നില്‍ …………………………

പുഷ്പ പാത്രങ്ങളില്‍ തേന്‍ പകര്‍ന്നു …

മായികാ മോഹമായ് മാരിവില്‍ മാലയായ്‌………

മായുന്നുവോ , മായുന്നുവോ ,ഓര്‍മകള്‍ കേഴുന്നുവോ

ജീവനില്‍ കണ്ണുനീര്‍ വാര്‍ത്തുവയ്ക്കും……………….

ഈ വെറും ഓര്‍മകള്‍ കാത്തു വയ്ക്കും ……………………

ജീവിതം തുള്ളി തുടിച്ചു നില്‍ക്കും ……..

പൂവിതള്‍ തുമ്പിലെ തുള്ളിപോലെ ………………..

വാരിളം പൂവുകള്‍ വാടിവീണാലുമീ…………………..

വാടികളില്‍ വണ്ടുകളായി ഓര്‍മകള്‍ കേഴുന്നുവോ ?

3 comments

Leave a Reply

Your email address will not be published. Required fields are marked *