മരിച്ചിട്ടും തിരിച്ചുവരുന്നവര്‍

മരിച്ചെന്നു കരുതി തിരിച്ചു വന്നവര്‍ ഉണ്ട്.
മരണശേഷവും മനസ്സുകളില്‍ ജീവിക്കുന്നവര്‍ ഉണ്ട്.
മരിച്ചു 40 വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മിക്കപ്പെടുന്നത് അപൂര്‍വ്വം.
മരണത്തിന്‌ ശേഷം നാം അറിഞ്ഞ് തുടങ്ങുക അത്യപൂര്‍വ്വം.
അവരിലോരാളാണ് ശ്രീ. മംഗലം ചാക്കോ.

UN Headquarters

1973 മാര്‍ച്ച്‌ 12 നു മരിച്ച മംഗലം ചാക്കോയെ ഇന്നലെ ഐക്യരാഷ്ട്ര സംഘടനാ ദിനത്തില്‍ നാം ഓര്‍ത്തു.
കാരണം നട്ട്വര്‍ സിംഗ് ന്‍റെ “ONE LIFE IS NOT ENOUGH “ എന്ന പുസ്തകത്തില്‍ അദ്ദേഹത്തെ പറ്റി അല്പം പരിഹാസ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടതിനാല്‍ ഈ മഹാനായ മലയാളി മരിച്ചു 40 വര്‍ഷങ്ങള്‍ക്കു ശേഷം ഓര്‍മിക്കപ്പെട്ടു.
നാം കേട്ടിട്ടുപോലുമില്ലാത്ത മംഗലം ചാക്കോ.

പിന്നീട് ഞാന്‍ ഒരുപാട് പഴയ താളുകളിലേക്ക് ഊളിയിട്ടു; സത്യത്തിലാരും തിരിച്ചറിയാതെ പോയ മംഗലം ചാക്കോയെ തിരിച്ചറിയാന്‍.
53 വര്‍ഷങ്ങള്‍ക്കു മുന്‍പ് യു.എന്‍.സെക്രട്ടറി പദവിയിലേക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ശ്രീ. മംഗലം ചാക്കോ.
നമീബിയയുടെ സ്വാതന്ത്രത്തിനായി പരിശ്രമിക്കേ ജീവന്‍ വെടിഞ്ഞ മംഗലം ചാക്കോ.

1961 ല്‍ യു. എന്‍, സെക്രട്ടറി DAG HAMMARSKJOLD വിമാനാപകടത്തില്‍ മരിച്ചപ്പോള്‍ വി. കെ. കൃഷ്ണമേനോന്‍ മുന്നോട്ടു വച്ച രണ്ടു പേരുകളാണ് മംഗലം ചാക്കോയുടെയും ആര്‍തര്‍ ലാലിന്‍റെയും.

1957 ജനുവരി 23നു വി. കെ. കൃഷ്ണമേനോന്‍ നടത്തിയ വിശ്വപ്രസിദ്ധമായ 8 മണിക്കൂര്‍ പ്രസംഗത്തിന്‍റെ പിന്നാമ്പുറത്തില്‍ പ്രവര്‍ത്തിച്ചതും ശ്രീ. മംഗലം ചാക്കോ ആയിരുന്നു.

കേരളത്തില്‍ വെറുമൊരു ഹൈസ്കൂള്‍ അധ്യാപകനായി തുടങ്ങിയ ചാക്കോ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും എല്‍.എല്‍.ബി. എടുത്ത ശേഷം വിദേശകാര്യവകുപ്പില്‍ ചേര്‍ന്നു. പിന്നീട് ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നും രാജ്യാന്തര നിയമത്തില്‍ ബിരുദം.1948 ല്‍ ശ്രീ.സ്വാമി അയ്യങ്കാരോടൊപ്പം യു. എന്‍. പൊതുസഭയിലേക്ക്.

1954 മുതല്‍ 1958 വരെ ഇന്ത്യയുടെ പ്രതിനിധിയായ ചാക്കോ കാശ്മീര്‍ വിഷയത്തില്‍ പാണ്ഡിത്യം നേടി.
കോളനി ഭരണത്തിലായിരുന്ന 75 കോടി ജനങ്ങളുടെ സ്വാതന്ത്ര്യത്തിനായുള്ള വീരയുദ്ധ ത്തില്‍ മംഗലം ചാക്കോയുടെ കയ്യോപ്പുണ്ട്.
1969 ല്‍ യു. എന്‍. ഡയരക്ടര്‍.

നമീബിയന്‍ സ്വാതന്ത്ര്യ യജ്ഞങ്ങള്‍ക്കിടയില്‍ രോഗബാധിതനായി ശ്രീ. മംഗലം ചാക്കോ 1973 ല്‍ കാലയവനികക്കുള്ളിലേക്ക്.
പ്രശസ്ത്തിയില്‍ നിന്നുള്ള ഒളിച്ചോട്ടവും സത്യസന്ധതയും, കഠിനാധ്വാനവും, കൈമുതലായി ഉണ്ടായിരുന്ന ശ്രീ. മംഗലം ചാക്കോ ന്യൂയോര്‍ക്കിലെ യു. എന്‍. ആസ്ഥാന മന്ദിരത്തിനു സമീപമുള്ള ഹോളി ഫാമിലി ചര്‍ച്ച് സെമിത്തേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.

നാമറിയാതെപോയ, ചരിത്രത്താളുകളില്‍ പതിയാതെപോയ, മംഗലം ചാക്കോയെ ഓര്‍മപ്പെടുത്തിയ നട്ട്വര്‍ സിങ്ങിനു നന്ദി.
“ONE LIFE IS NOT ENOUGH“ നു നന്ദി.
ന്യൂയോര്‍ക്കില്‍ സ്ഥിരതാമസമാക്കിയ മംഗലം ചാക്കോയുടെ കുടുംബാംഗങ്ങള്‍ക്ക് നമുക്ക് മംഗളം നേരാം.

5 comments

Leave a Reply

Your email address will not be published. Required fields are marked *