മരണത്തിന്റെ Hide and Seek

rajamani_kuttan_onv

വൈകുന്നേരങ്ങളിൽ ഇല്ലാതെയാകുന്ന സൂര്യനെപ്പറ്റി രഞ്ജിത് മനോഹരമായി തന്റെ കയ്യൊപ്പ് എന്ന ചിത്രത്തിൽ പറഞ്ഞിട്ടുണ്ട്. പുകയിലപ്പാടത്തിനപ്പുറത്തേക്ക് സൂര്യൻ മറയുന്ന ബാല്യത്തിന്റെ പകലറുതികൾ നായകനെ കരയിച്ചു. ജനലിനപ്പുറത്തെ കശുമാ‍ാവിൻ പിന്നിലൊളിക്കുന്ന സൂര്യനും അവനെ കരയിച്ചു. ആകാ‍ശത്ത‍ിനെ നിറങ്ങളാൽ ചുവപ്പിച്ചും പിന്നെ ശൂന്യതയുടെ ചാരനിറത്തിൽ നഗ്നയാക്കി കടലിന്റെ ആഴത്തിലേക്ക് പോയ സൂര്യൻ അവന്റെ നെഞ്ചിൽ കണ്ണീരിന്റെ ഭാരം നിറച്ചു. സ്നേഹനിരാസങ്ങളുടെ സമയ ബിന്ധുക്കൾ ചേർന്ന് ഓരോ പകലും അവസാനിക്കുമ്പോൾ യാത്രാമൊഴികൾകൊണ്ട് കരയിച്ച് മറ്റൊരു സൂര്യൻ കൂടി മറയുമ്പോൾ രഞ്ജിത്തിന്റെ ബാലചന്ദ്രൻ എന്ന നായകന്റെ പേന പാതിയെഴുതിയ വാക്കിന്മേൾ നിശ്ചലമാകുന്നു.

പക്ഷെ ഇന്ന് എന്നെ കരയിക്കുന്നത് പ്രഭാതത്തിലെ സൂര്യനാണ്. ഓരോ പുലരിയിലും സൂര്യരശ്മിയേക്കാൾ സുതാര്യരായ ഓരോ പ്രതിഭകളുടെ മരണവുമായെത്തുന്ന പകലുകൾ ഏ.സി ജോസ് – കൽ‌പ്പന – ഷാൻ ജോൺസൺ – ഓ.എൻ.വി – ആനന്ദക്കുട്ടൻ – രാജാമണി – അക് ബർ കക്കട്ടിൽ – കഴിഞ്ഞ വർഷങ്ങളിൽ പലരുമായും പലതരത്തിലുള്ള സൗഹൃദങ്ങളും പങ്കിടാൻ സാധിച്ച എന്നെ ഇവരുടെ മരണ വാ‍ർത്തയുമായെത്തിയ സൂര്യൻ വീണ്ടും വീണ്ടും യാത്രാമൊഴികളാൽ കരയിക്കുന്നു.

കൽ‌പ്പനയെപ്പറ്റി എഴുതിയ ഓർമ്മക്കുറിപ്പിന്റെ മഷിയുണങ്ങും മുമ്പ് വീണ്ടും വീണ്ടും മരണത്തിന്റെ കാലൊച്ച. ഓ.എൻ.വി യുമായി വർഷങ്ങളുടെ ബന്ധമായിരുന്നു എന്റെ പിതാവിന്. A C ജോസ് 70 വർഷമായി ബന്ധം നിലനിർത്തിയ സതീർത്ഥ്യൻ. അക് ബർ കക്കട്ടിൽ പ്രിയ കുടുംബ സുഹൃത്ത്. ഓ.എൻ.വിയുടെ മരണദിവസം പത്രങ്ങളുടെ തല്ലക്കെട്ടുകൾ മാത്രം മതി ആ ഓർമ്മകൾ ജീവിതാന്ത്യം വരെ നിലനിർത്താ‍ൻ.

കാവ്യസൂര്യാ സ്വസ്ഥിയെന്ന്  മാതൃഭൂമിയും, മറക്കില്ല മലയാളമെന്ന് മനോരമയും, നിലച്ചു മാണിക്യ വീണയെന്ന് ദീപികയും,  കാവ്യാസ്തമയം എന്ന്  ദേശാഭിമാനിയും, സ്വസ്തി മഹാകവേ സ്വസ്തിയെന്ന് മംഗളവും, കാവ്യാഞ്ജലിയെന്ന് മെട്രോയും, നന്മയുടെ വെളിച്ചം കെട്ടു എന്ന് ജനയുഗവും, മലയാളത്തിന്റെ പ്രണാ‍മമെന്ന്  മാധ്യമവും, ഇനി ഞങ്ങൾക്കുണർന്നിരിക്കാം ഭവാനുറങ്ങുകയെന്ന് സുപ്രഭാതവും, യാത്രയായി ഭാവഗായകനെന്ന് ജന്മഭൂമിയും ഓ.എൻ.വി.ക്കായി സമർപ്പിച്ചു..

സോഷ്യൽ മീഡിയയുടെ കുറിപ്പുകളിൽ ഏറ്റവും അന്വർത്ഥമായത് രാജാമണി അവസാനമായി സംഗീതം നൽകിയത് hide and seek എന്ന ചലചിത്രത്തിനാണ് – ആ ചിത്രത്തിന്റെ ഗാനരചന ഓ.എൻ.വിയും ഛായാഗ്രഹണം ആനന്ദക്കുട്ടനുമായിരുന്നു. മരണത്തിന്റെ hide and seek. ഈ കൺകെട്ടുകളി ഇവിടെ അവസാനിച്ചെന്ന് നമുക്ക് കരുതാം. സമാധാനിക്കാം. സൗഹൃദത്തിന്റെ താക്കോലുമായി ഏതു വാതിലും തുറക്കാമെന്ന് തെളിയിച്ചയാളാണ് അക് ബർ കക്കട്ടിൽ. കക്കട്ടിൽ കുവൈത്തിൽ എന്ന് Kuwait Times വാർത്ത് കണ്ട് ഇത് റിപ്പർ ചന്ദ്രൻ ജയിലിൽ എന്ന് പറയുന്നപോലെയാണല്ല്ലോ എന്ന് K P മോഹനനോട് പറഞ്ഞ കക്കട്ടിൽ ഹാസ്യസാഹിത്യത്തിന്റേയും അധ്യാപക സാഹിത്യത്തിന്റേയും വക്താവായിരുന്നു. തന്റെ സുഹൃത്ത് അശോകൻ ചരുവിലിനോട് സഹോദരിയുടെ അസുഖ വിവരം പറഞ്ഞ് കരഞ്ഞ കക്കട്ടിൽ സ്വന്തം രോഗം എന്നും മറച്ചുവെച്ചു. കാലം കുറഞ്ഞ ദിനമെങ്കിലും അർത്ഥദീർഘമായ ജീവിതം തീർത്ത് പലരും കടന്നുപോകുന്നു. ഈ മരണങ്ങൾ ദുഖങ്ങളല്ല. ഒരുതരം മരവിപ്പാണ് നമ്മളിലുണ്ടാക്കുന്നത്.

വിട – ഓ.എൻ.വി
വിട – ഷാൻ
വിട – ആനന്ദക്കുട്ടൻ
വിട – രാജാമണി
വിട – അക് ബർ കക്കട്ടിൽ
വീണ്ടും കാണാമല്ലോ….

6 comments

  1. As a friend wondered “Is the God making any wonderful movie in the heavens? ”
    I personally knew ONV Sir and Rajamani Sir. Great personalities with great simplicity!!! Well written tribute Sanu.

  2. I went through your blog. It is very painful when we think about the demise of all our dear ones. Beautifully written about them.

Leave a Reply

Your email address will not be published. Required fields are marked *