മധുര പ്രതികാരം അഥവാ LA CALIFORNIE

cannes_2600405b
ലോകം മുഴുവന്‍ പ്രതികാര കഥകള്‍ കൊണ്ട് നിറയുകയാണ്.

കാര്‍ട്ടൂണിന്‍റെ പേരില്‍ പാരീസിലെ മാധ്യമത്തിന്റെ ഓഫീസില്‍ നടന്ന ഭീകരാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇന്ന് നമ്മെ ഞെട്ടിച്ചു. പേഷവാറിലെ സ്കൂള്‍ കുട്ടികളുടെ ദുരന്ത പര്യാവസായിയായ കഥയുടെ ഞെട്ടലില്‍ നിന്നും വിമുക്തമായിട്ടില്ല നാം.
രാഷ്ട്രങ്ങളുടെ പ്രതികാരവും പതിറ്റാണ്ടുകള്‍ കഴിഞിട്ടും തീരുന്നില്ല.
ഇന്ത്യയില്‍ ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന്‍റെ ബോട്ടുകളില്‍ ഭീകരര്‍ കടല്‍ കടന്നു വരാന്‍ കാത്തിരിക്കുന്നു.
അതിര്‍ത്തിയിലെ തോക്കുകളുടെ ഗര്‍ജനം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഇറാഖും, സിറിയയും, മറ്റു പല ദേശങ്ങളും സ്ഫോടനങ്ങളുടെ തുടര്‍ വാഴ്ചകളില്‍ തളര്‍ന്നു നില്‍ക്കുന്നു.
പ്രതികാരത്തിന്‍റെ തനിയാവര്‍ത്തനങ്ങള്‍ എന്തു നേടുന്നു എന്ന ചോദ്യം ബാക്കിയാവുന്നു.
ഇത്തരം പ്രതികാരങ്ങളുടെ കഥകള്‍ പത്രത്തിന്റെ മുന്‍പേജുകളില്‍ ഇടം പിടിക്കുമ്പോള്‍ പിന്നാമ്പുറത്ത് ഒരു മധുര പ്രതികാരത്തിന്റെ കഥ പലരും കണ്ടില്ല.

വിശ്വവിഖ്യാതനായ പിക്കാസോയുടെ കൊച്ചുമകള്‍ മരിയ പിക്കാസോയുടെ മധുര പ്രതികാരം. പിക്കാസോയുടെ ആദ്യ ഭാര്യ ഓൾഗയുടെ മകന്‍ പോളോയുടെ മകള്‍ മരിയ പിക്കാസോ. സുഖസൗകര്യങ്ങളില്‍ ആറാടി ജീവിച്ച മുത്തച്ഛന്‍ സമ്മാനിച്ചത്‌ ദുരന്ത പൂര്‍ണമായ ദിനങ്ങള്‍ മാത്രം. കണ്ണില്‍ ചോരയില്ലാത്ത മുത്തച്ഛന്‍ എന്ന് മരിയ പുസ്തകം എഴുതാന്‍ കാരണം അവളുടെ ദുരന്ത ബാല്യം. രണ്ടാം ഭാര്യ ജാക്വലിന്‍ റോക്കുമോത്ത് ഫ്രാന്‍സിലെ കന്നെസിലെ ല-കാലിഫോര്‍ണി എന്ന മണിമാളികയില്‍ ഉല്ലസിക്കുന്ന സമയത്ത് കാണാന്‍ ചെന്ന മരിയയെ തിരക്കിലാണ്, ഇപ്പോള്‍ കാണാന്‍ പറ്റില്ല എന്ന് പറഞ്ഞ് പറഞ്ഞയക്കുമ്പോള്‍ അവളുടെ ഹൃദയം എത്ര മുറിഞ്ഞു കാണും?കാലചക്രം തിരിഞ്ഞപ്പോള്‍ വിധി ജാക്വലിനും നല്‍കി തിരിച്ചടി. പിക്കാസോയുടെ മരണത്തില്‍ മനം നൊന്ത ജാക്വലിന്‍ സ്വയം നിറയൊഴിച്ച് മരണത്തെ പുല്‍കി.
കാലചക്രം വീണ്ടും തിരിഞ്ഞു.

വിധിയും പ്രപഞ്ചസത്യങ്ങളും മരിയക്കൊപ്പം വന്നു. സഹോദരന്റെ മരണത്തിന്‌ ശേഷം ല-കാലിഫോര്‍ണി മറിയക്കു സ്വന്തമാകുന്നു. തനിക്കു നേരെ വാതില്‍ കൊട്ടിയടച്ച മുത്തച്ഛന്‍റെ 29 കോടി ഡോളറിന്റെ ച്ഛായാ ചിത്രങ്ങള്‍ അവള്‍ വില്‍ക്കാനൊരുങ്ങുന്നു. മുത്തച്ഛന്റെ വീടും സൃഷ്ട്ടികളും വിറ്റുതുലക്കാന്‍ ഭ്രാന്തുണ്ടോ എന്ന ചോദ്യത്തിന് അവള്‍ മറുപടി പറഞ്ഞു,
“ദുരന്ത ബാല്യത്തിന്റെ ഭൂതകാലത്തില്‍ നിന്നും എനിക്ക് രക്ഷപ്പെടണം “
മറിയക്കു നന്മകള്‍ നേരുന്നു. തോക്കുകളും ബോംബുകളും ചാവേർപടകളും ഇല്ലാതെ ഇങ്ങനെ പ്രതികാരം ചെയ്യാമെന്ന് കാലത്തിനു കാണിച്ചു കൊടുത്തതിന് ല- കാലിഫോര്‍ണിയുടെ കൊട്ടിയടച്ച വാതിലുകള്‍ മരിയക്കായി മലര്‍ക്കെ തുറന്നു കിടക്കട്ടെ.

ദുരന്തബാല്യത്തിന്റെ ഭൂതകാലത്തില്‍ നിന്നും അവള്‍ രക്ഷപ്പെടും വരെ…..

Leave a Reply

Your email address will not be published. Required fields are marked *