മഞ്ഞറോസാപ്പൂക്കള്‍……………

ഇന്ന് ലോക പുസ്തക ദിനം.

പുസ്തകങ്ങളുടെ ലോകത്തെ ചക്രവര്‍ത്തിയുടെ ശവസംസ്കാരം നടന്നതിന്നാണ്.
“മഞ്ഞറോസാപ്പൂക്കളുടെ മഴ “ തീര്‍ത്ത മാജിക്കല്‍ റിയലിസത്തിന്‍റെ വക്താവ് ഗബ്രിയല്‍ ഗാര്‍സിയ മാര്‍കാസ് ഗാബോ .
pusthaka dinam
കേരളം കാണാന്‍ ആഗ്രഹം ഉണ്ടെന്നു ഷാജി .എന്‍. കരുണിനോട് ഗബ്രിയല്‍ ഗാര്‍സിയ മാര്‍കാസ് ഒരിക്കല്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷമായി ഗബ്രിയല്‍ ഗാര്‍സിയ മാര്‍കാസ് നെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരാന്‍ മലയാളത്തിന്‍റെ സ്വന്തം എം. ടി. ശ്രമിച്ചു.
സ്നേഹത്തിനു വേണ്ടി മരിക്കാന്‍ കഴിഞ്ഞില്ലെങ്കില് അതുമാത്രമായിരിക്കും മരണസമയത്ത് എന്‍റെ ദുഃഖം എന്നെഴുതിയ ഗാബോ.
സന്തോഷത്തിനു ഭേദമാക്കാന്‍ കഴിയാത്ത ഒരസുഖവും മരുന്ന് കൊണ്ട് ഭേദമാക്കാന്‍ കഴിയില്ലെന്ന് എഴുതിയ ഗാബോ യാത്രയായി.
പുസ്തകദിനത്തില്‍ നമുക്കോര്‍ക്കാനും സ്മരിക്കാനും ഇങ്ങു കൊച്ചു കേരളത്തിലുമുണ്ട്‌ ഒരുപാട് മഹാരഥന്മാര്‍ .
തങ്ങളുടെ കയ്യൊപ്പ് തലമുറകള്‍ക്ക് കാത്തു സൂക്ഷിക്കാന്‍ ബാക്കിയാക്കി മടങ്ങിയവര്‍.

“ഒരു പുസ്തകവും മറ്റൊരാള്‍ക്ക് കടം കൊടുക്കരുത്, അത് തിരികെ കിട്ടില്ല. എന്‍റെ വീട്ടിലെ എല്ലാ പുസ്തകവും ഞ്ഞാന്‍ കടം വാങ്ങിയതാണെ “ന്ന് പറഞ്ഞ ശ്രീ .സുകുമാര്‍ അഴീക്കോട് .

അവിവാഹിതനായ അഴീക്കോടിന് ഇത്ര വലിയ വീട് എന്തിനാണെന്ന് ചോദിച്ചവര്‍ അദ്ദേഹത്തിന്‍റെ പുസ്തകങ്ങളുടെ എണ്ണം കണ്ടപ്പോള്‍ ചോദ്യം പിന്‍വലിച്ചു.

തന്‍റെ മനസ്സാക്ഷിക്കു തോന്നിയത് തുറന്നെഴുതിയ സാഹിത്യ വാരഫലം എം. കൃഷ്ണന്‍ നായര്‍.
ചിരിച്ച മുഖവുമായി പുസ്തകം വായിക്കുന്നവന്‍റെ കണ്ണുകള്‍ നിറഞ്ഞു കണ്ടാല്‍, അത് എം. ടി .യുടെ പുസ്തകമാണെന്ന് നാം വിശ്വസിക്കുന്നു.
ഒരു ലക്ഷത്തിലേറെ കോപ്പികള്‍ ഈ കൊച്ചു കേരളത്തില്‍ വിറ്റഴിച്ച “ഒരു സങ്കീര്‍ത്തനം പോലെ “ യുടെ രചയിതാവ് പെരുമ്പടവം ശ്രീധരന്‍.
തസ്സ്രാക്ക് എന്ന ചെറു ഗ്രാമം കസാഖ് എന്ന ഇതിഹാസ ഗ്രാമമാക്കി മാറ്റിയ ശ്രീ. ഒ.വി. വിജയന്‍.

‘ചെമ്മീന്‍ “ രചിച്ച തകഴി നമ്മുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു.
എഴുത്തുകാരുടെ ഒറ്റയാള്‍ ഗോത്രമായ വി. കെ. എന്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് രചിച്ച ആരോഹണവും, സര്‍ .ചാത്തുവും പരിഹാസ സാഹിത്യത്തിന്‍റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി ഇന്നും നാം വായിക്കുന്നു.

ദാസന്‍റെ കഥ മറ്റാരോടും പറയാനാവില്ല,ദാസന്‍റെ കഥ മനുഷ്യ സ്നേഹത്തിന്‍റെ കഥയാണെന്ന് മയ്യഴിപ്പുഴയുടെ തീരത്തെ പ്പറ്റി എഴുതിയ എം. മുകുന്ദന്‍

മലയാളത്തിന്‍റെ “ റൊമാന്റിക് എലിജി “ എന്ന് വിശേഷിപ്പിച്ച ചങ്ങമ്പുഴയുടെ ശവകുടീരത്തില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു:

താരകകളെ
കാണ്മിതോ നിങ്ങളില്‍
താഴെയുള്ലോരീ പ്രേതകുടീരം
ഹന്ത ! യിന്നതിന്‍ ചിത്തരഹസ്യം
എന്തറിഞ്ഞു ഹാ! ദുരസ്തര്‍ നിങ്ങള്‍
പാല പൂത്തു പരിമളമെത്തി
പാതിരയെ പുണര്‍ന്നോഴുകുമ്പോള്‍
മഞ്ഞണിഞ്ഞു മദാലസയായി
മഞ്ജു ചന്ദ്രിക നൃത്തമാടുമ്പോള്‍
മന്ദം മന്ദം പൊടിപ്പതായി കേള്‍ക്കാം
സ്പന്ദനങ്ങളീ കല്ലറക്കുള്ളില്‍

പെണ്ണെഴുത്തിനെ പറ്റി പറയുമ്പോള്‍ മാധവിക്കുട്ടിയുടെ പേര് ഓടിയെത്തുന്നു.
“എന്‍റെ കഥ “ യിലൂടെ പുതിയൊരു അക്ഷര സംസ്കാരം തന്നെ സൃഷ്ട്ടിച്ച മാധവിക്കുട്ടി.
പുസ്തകങ്ങളുടെ കലവറയുടെ വലിയ ലോകത്തേക്ക് നമ്മെ ക്ഷണിച്ച ഡി. സി. കിഴക്കേമുറിയുള്‍പ്പടെയുള്ള പ്രസാധകന്മാരെയും നമുക്ക് സ്മരിക്കാം.

മണ്മറഞ്ഞ എഴുത്തുകാരെല്ലാം വയലാര്‍ എഴുതിയപോലെ ജീവിച്ചും എഴുതിയും കൊതി തീരാത്തവരാണ് എന്ന്‍ നമുക്ക് തോന്നുന്നു .
“ ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി ?” എന്നവര്‍ ചോദിക്കുന്ന പോലെ .
മഞ്ഞ റോസാപ്പൂക്കളുടെ മഴ തീര്‍ത്ത ഗബ്രിയല്‍ ഗാര്‍സിയ മാര്‍കാസ് മുതല്‍ മാധവിക്കുട്ടി വരെ.
അവസാന സമയത്ത് രോഗക്കിടക്കയില്‍ മാധവിക്കുട്ടി എഴുതിയ വാക്കുകള്‍ ഇവിടെ ചേര്‍ക്കുന്നു.
“ ഒരിക്കല്‍ സല്‍ക്കാരങ്ങള്‍ നടത്തിയ വലിയ കെട്ടിടം പോലെയാണു എന്‍റെ ശരീരം .
ഒരിക്കല്‍ വീട് തകരുകയും ചേരി നിവാസികള്‍ കെട്ടുകളുമായി വന്നെത്തുകയും ചെയ്തു.ഓരോ ചുവടുവേപ്പിനും അവര്‍ മാപ്പ് പറഞ്ഞു.
ഞങ്ങള്‍ ഇവിടെ വരരുതായിരുന്നു.ഒരിക്കല്‍ സുഖങ്ങള്‍ മാത്രം തഴച്ചു വളര്‍ന്നിരുന്ന സ്ഥലത്ത് രാത്രി കാലങ്ങളില്‍ ചേരി നിവാസികളെപ്പോലെ വേദനകള്‍ കടന്നു വരുന്നു.
ഒരുകാല് ജീവിക്കുന്നവരുടെ ലോകത്തും മറ്റേക്കാല് മരിച്ചവരുടെ ലോകത്തും ചവിട്ടുകയാണ് ഓരോ മനുഷ്യ ജീവിക്കും സ്വീകരിക്കാന്‍ കഴിയുന്ന പൂര്‍ണമായ നില.
അപ്പോള്‍ അയാള്‍ക്കു സമനില കിട്ടുന്നു, ഉള്‍ക്കാഴ്ച അഗാധമാകുന്നു,ഭയം അകലുന്നു.
പക്ഷെ ഈ രണ്ടു ലോകങ്ങളില്‍ ഒന്ന് തിരഞ്ഞെടുക്കാന്‍ പ്രയാസമാണ്.
മറ്റൊരു മാര്‍ഗമുണ്ടായിരുന്നെങ്കില്‍ ഞാന്‍ നിഴലുകളുടെ അവ്യക്ത ലോകത്തേക്കു പോയേനെ !”
മാധവിക്കുട്ടി പറഞ്ഞു നിര്ത്തുന്നു.
ലോക പുസ്തകദിനത്തില്‍ മണ്മറഞ്ഞവര്‍ക്ക് വേണ്ടി കണ്ണീര്‍ കൊണ്ട് ബാഷ്പ്പാഞ്ജലി.
നമ്മോടൊപ്പം ഉള്ളവര്‍ക്ക് ദീര്‍ഘായുസ്സും നേരാം.
മഞ്ഞറോസാപ്പൂക്കളാല്‍ നിറയട്ടെ പുസ്തകങ്ങളുടെ അക്ഷര ലോകം !

6 comments

Leave a Reply

Your email address will not be published. Required fields are marked *