പ്രതിമയും രാജീവ് അഞ്ചലും……

പ്രതിമകളെ പറ്റി ഓര്‍ക്കാന്‍ കാരണം ഇന്നത്തെ ഒരു പത്രവാര്‍ത്തയാണ്.

ലോക്സഭയുടെ പുതിയ സ്പീക്കര്‍ സുമിത്ര മഹാജന്‍ സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യം പോയത് ഒരു പ്രതിമയുടെ സമീപത്തേക്ക് ആണ്- ദേവി അഹല്യാഭായ് ഗോല്‍ക്കറുടെ പ്രതിമ.

പാര്‍ലിമെന്‍റ് ലൈബ്രറിക്ക് സമീപം ആരും ശ്രദ്ധിക്കാതെ നില്‍ക്കുന്ന ആ പ്രതിമയോടു പുതിയ വനിതാ സ്പീക്കര്‍ക്ക് പ്രത്യേക മമതയാണ് .

പതിനെട്ടാം നൂറ്റാണ്ടില്‍ ഇന്‍ഡോര്‍ കേന്ദ്രമാക്കി മൂന്ന് പതിറ്റാണ്ട് ഭരിച്ച അഹല്യാഭായി ഗോല്‍ക്കറുടെ പ്രതിമ, ഇപ്പോഴത്തേ ആരും കാണാത്ത സ്ഥലത്തുനിന്നും പറിച്ചുനടാനുള്ള ശ്രമം സുമിത്ര മഹാജന്‍ ആരംഭിച്ചു കഴിഞ്ഞു.

പ്രതിമകളുടെ നാടാണ് കേരളം.

ഇങ്ങ് കണ്ണൂരില്‍ വരേയുണ്ട് ഏ. കെ .ജി .യുടെയും , ഗാന്ധിജിയുടെയും, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെയും പ്രതിമകള്‍.
കൊച്ചിയില്‍ ഗാന്ധിജിയും, സഹോദരന്‍ അയ്യപ്പനും, സുഭാഷ്‌ചന്ദ്രബോസിനും, മദര്‍ തെരേസക്കും , കലാഭവന്‍ ആബേലച്ചനും വരേയുണ്ട് പ്രതിമകള്‍.

വേലുത്തമ്പി ദളവക്കും, ചിത്തിര തിരുനാള്‍ മഹാരാജാവിനും പ്രതിമകള്‍ തലസ്ഥാനത്ത്.

ഗാന്ധിജിക്കും, രാമവര്‍മ തമ്പുരാനും,ശക്തന്‍ തമ്പുരാനും, സാംസ്കാരിക നഗരമായ തൃശ്ശൂരില്‍ പ്രതിമകള്‍.

ബുദ്ധനു പ്രതിമ മാവേലിക്കരയില്‍ .

ഹെര്‍മന്‍ ഗുണ്ടെര്‍ട്ടിനു പ്രതിമ തലശ്ശേരിയില്‍.

പനമ്പിള്ളിക്കും, ഇ. വി.ആര്‍. നും , പരശുരാമനും , മന്നത്തിനും , മറിയം തെരേസക്കും , സഹോദരന്‍
അയ്യപ്പനും , ടി. കെ. മാധവനും , വയലാര്‍ രക്തസാക്ഷികള്‍ക്കും,പൂന്താനത്തിനും , മുതല്‍ ജയന് വരേയുണ്ട് കേരളത്തില്‍ പ്രതിമകള്‍ !

കോഴിക്കോട് എസ്‌. കെ.പൊറ്റെക്കാടും, മലമ്പുഴയില്‍ യക്ഷിയുമാണ് കേരളത്തിലെ മറ്റു പ്രധാന പ്രതിമകള്‍.

ദേവി അഹല്യാഭായ് ഗോല്‍ക്കറെ പോലെ ഇവയില്‍ ഒട്ടുമിക്ക പ്രതിമകളും ആരാലും ശ്രദ്ധിക്കപ്പെടാതെ നില്‍ക്കുന്നു;

സ്മാരക ശിലകള്‍ മാത്രമായി……

പ്രതിമകളെ പറ്റി ഓര്‍ക്കുമ്പോള്‍ പെട്ടന്ന്‍ മനസ്സില്‍ വരുന്ന മുഖം എന്‍റെ അടുത്ത സുഹൃത്തായ രാജീവ് അഞ്ചലിന്‍റെയാണ്.

സിനിമയുടെ ആരവങ്ങളില്‍ നിന്നും, സംഘടനകളുടെ സംഘട്ടനങ്ങളില്‍ നിന്നും , എന്നും അകന്നു നില്‍ക്കുന്ന രാജീവ്‌ അഞ്ചല്‍.

മലയാള സിനിമയെ ആദ്യമായി ഓസ്കറിന്‍റെ നിരയിലെത്തിച്ച മഹാനായ കലാകാരന്‍.

ഗുരു എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളികളുടെ മനം കവര്‍ന്ന സംവിധായകന്‍ പ്രഗല്‍ഭനായ ഒരു ശില്‍പി കൂടിയാണ്.

അയ്യര്‍ ദ ഗ്രേറ്റ്‌ , ഞാന്‍ ഗന്ധര്‍വന്‍, അഥര്‍വം ,ഗുരു, എന്നീ ചിത്രങ്ങളിലെ കലാസംവിധാന പ്രതിഭ മാത്രം മതി രാജീവിനെ തൊട്ടറിയാന്‍.

MADE IN U. S. A. NOTHING BUT LIFE , എന്നീ ഹോളിവുഡ് ചിത്രങ്ങളുടെ ശില്പി കൂടിയായ രാജീവ് അഞ്ചല്‍ ഇന്നെവിടെയെന്ന്‍ നാം ചോദിക്കണം.

അദ്ദേഹത്തെ അടുത്തറിയുന്ന എന്നെപ്പോലെ ചിലര്‍ക്കറിയാം , ലോകത്തിന്‍റെ നെറുകയില്‍ കേരളത്തിന്‍റെ തിലകക്കുറി ചാര്‍ത്താനുള്ള തിരക്കിലാണ് അദ്ദേഹം എന്ന്.
പദ്മരാജന്‍റെ “പ്രതിമയും രാജകുമാരിയും “ എന്ന മനോഹരമായ കഥ ചലച്ചിത്രമാക്കാന്‍ രാജീവ്‌ ഒരുപാട് കൊതിച്ചത് എനിക്കറിയാം.

ചുപ്പനും, ധീരു ഭായിയും, രാജകുമാരിയും, കഥാപാത്രങ്ങളായ കഥ ചലച്ചിത്രമായിരുന്നെങ്കില്‍ മലയാള സിനിമ കണ്ട ഏറ്റവും വലിയ മാജിക്കല്‍ റിയലിസം ഒരു പക്ഷെ ഈ ചിത്രമായിരുന്നേനെ. ഫാന്‍റസിയുടെ കാണാപ്പുറങ്ങളിലേക്കുള്ള ഏറ്റവും വലിയ കഥ.

എന്തുകൊണ്ടോ ആ സ്വപ്നം സാക്ഷാത്കരിച്ചില്ല.

ഇപ്പോള്‍ രാജീവ്‌ അഞ്ചല്‍ എവിടെയാണെന്ന ചോദ്യത്തിനുത്തരമാണ് – ജടായുപ്പാറ.

ഇതിഹാസ കഥാപാത്രമായ ജടായു .

അരുണയുടെ മകന്‍ .

ലങ്കയിലേക്ക് രാവണന്‍ സീതയെ തട്ടിക്കൊണ്ടു പോകുമ്പോള്‍ ആകാശത്തു വച്ചു ജടായു ആക്രമിക്കുന്നു.
ജടായുവിന്‍റെ ചിറക് രാവണന്‍ അരിഞ്ഞു വീഴ്ത്തുന്നു.

ചിറകു വന്നു വീണയിടമാണ് ജടായുപ്പാറ.

രാമനും ലക്ഷ്മണനും സീതയുടെ വിവരങ്ങള്‍ അറിയുന്നത് ജടായുവില്‍ നിന്നാണ്.ജടായുവിന്‍റെ ചിറക് വീണ സ്ഥലത്ത് ഒരു ജലസ്രോതസ്സുണ്ടാകുന്നു.

ശ്രീരാമന്‍റെ കാല്‍പ്പാടുകള്‍ പതിഞ്ഞ സ്ഥലമാണ് ജടായുപ്പാറ.

ജടായുപ്പാറയില്‍ സമുദ്രനിരപ്പില്‍ നിന്നും 600 അടി മുകളില്‍ 60 ഏക്കറിലാണ് രാജീവ്‌ ഈ മനോഹര ശില്‍പം നിര്‍മിക്കുന്നത്.

200 അടി നീളം, 150 അടി വീതി, 60 അടി ഉയരമുള്ള, ജടായു ശില്‍പം.

പൂര്‍ണമാകുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ ശില്‍പം ജടായു ആകും.

റോപ്പ് വേയും, നക്ഷത്ര ഹോട്ടലുകളും, കണ്‍വെന്‍ഷന്‍ സെന്‍ററും , അമ്യൂസ്മെന്‍റ് പാര്‍ക്കുകളും , ഒക്കെ നിറഞ്ഞ ഒരു വലിയ വര്‍ണ വിസ്മയമാകും ജടായുപ്പാറ.

കേരളത്തിന്‍റെ ഒരു കോണിലുള്ള ചടയമംഗലം എന്ന ഗ്രാമം ലോക ഭൂപടത്തിലേക്കെത്തുകയാണ് ജടായുപ്പാറയുടെ അനാവരണത്തിലൂടെ.

അടുത്തിടെ ജടായുപ്പാറ എന്ന് ലോകത്തിനു സമര്‍പ്പിക്കുമെന്ന എന്‍റെ ചോദ്യത്തിന് രാജീവ്‌ ഇങ്ങനെ മറുപടി പറഞ്ഞു.

“ജടായുപ്പാറ തുറക്കുമ്പോള്‍ ലോകമറിയും “.

വാക്കുകള്‍ സത്യമാവട്ടെ !

ജടായുപ്പാറ ലോകത്തിനു സമര്‍പ്പിക്കുമ്പോള്‍ കേരളത്തിന്‍റെ മഹാനായ ശില്‍പിയെ ലോകം അറിയട്ടെ.

പ്രതിമയും രാജകുമാരിയും എന്ന കൈവിട്ടുപോയ സ്വപ്നം ജടായു പ്രതിമയിലൂടെ രാജീവ്‌ തിരിച്ചുപിടിക്കട്ടെ.

വൈകി വന്ന വസന്തം പോലെ രാജീവ് അഞ്ചല്‍ എന്ന കലാകാരന്‍റെ കലാജീവിത സപര്യയും പൂത്തുലയട്ടെ !

Leave a Reply

Your email address will not be published. Required fields are marked *