നരേന്ദ്രനാഥ് ദത്ത

arise_awake
തലക്കെട്ടിലെ പേര് മറ്റാരുമല്ല.
എത്ര വര്‍ഷം ജീവിച്ചു എന്നതല്ല; എന്ത് ചെയ്തു എന്നതാണ് സത്യമെന്ന് തന്റെ 39 വര്‍ഷത്തെ ജീവിതരേഖ കൊണ്ട് തെളിയിച്ച സ്വാമി വിവേകാനന്ദന്‍. ഇന്നോര്‍ക്കാന്‍ കാരണം മൂവാറ്റുപുഴ നിര്‍മല കോളേജിലെ ഇകോണോമിക്സ് വിഭാഗത്തില്‍ അബ്ദുല്‍ സമദ് സമദാനി നടത്തിയ അതിഗംഭീര പ്രാഭാഷണമാണ്‌.

സമദാനിയുടെ പ്രഭാഷണങ്ങള്‍ അതിമനോഹരമാണ്.

നാട്ടിക കടപ്പുറത്ത് വൃദ്ധസദനത്തിലെ അമ്മമാരുടെ സംഗമത്തില്‍ സമദാനിയുടെ പ്രസംഗം കേട്ടു.
വേദിയിലിരുന്ന മോഹന്‍ലാലും, യൂസഫ്അലിയും, കൈതപ്രവും കരഞ്ഞ സംഭവം നമുക്ക് മറക്കാന്‍ ആവില്ല.
നിലമ്പൂര്‍ പാട്ടുത്സവത്തില്‍ ചരിത്രത്തിന്റെയും, സംസ്കാരത്തിന്റെയും, ഉള്ളറകളിലേക്കിറങ്ങി ചെന്ന് അദ്ദേഹം വാക്കുകളുടെ പെരുമഴ സൃഷ്ടിച്ചു.
അബുദാബി ഓര്‍ത്തഡോക്‍സ്‌ പള്ളിയില്‍ “DIALECTIC OF PEACE “ എന്ന പ്രസംഗം ഇന്നും ഇന്റര്‍നെറ്റില്‍ ദശലക്ഷങ്ങള്‍ കാണുന്നു.

സാമ്പത്തിക ശാസ്ത്രവും വിവേകാനന്ദനും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിക്കുന്ന സമദാനി ആ ബന്ധവും തെളിയിക്കുന്നു.
അറിവിനും സംസ്കാരത്തിനും നൈതികതക്കുമപ്പുറം, വിദ്യാഭ്യാസം വിരസവും, ആര്‍ദ്രതാരഹിതവുമായ മാര്‍ക്ക്‌ ഉത്പാദനമായി മാറിയിരിക്കുന്ന ദുഖത്തോടെ ആരംഭിക്കുന്നു പ്രസംഗം.

ദര്‍ശനവും, വിചിന്തനവും, വിജ്ഞാനവും, എന്നും നിലനില്‍ക്കുമെന്നദ്ദേഹം പറയുന്നു.
പരോപകാരികളായ ദാര്‍ശനികന്മാരുടെ വിഷയം എന്നും ജീവിതമായിരുന്നു. മാനവികതയുടെ ചക്രവാളം വിശാലമാകണമെന്നും സമന്വയത്തിനു ഹോളിസ്റ്റിക് സമീപനം വേണമെന്നും അദ്ദേഹം പറയുന്നു.
ETHICAL POINT OF VIEW നമുക്ക് നഷ്ട്ടമാവുന്നു.
ഓരോരുത്തരും അവരവരുടെ ലോകത്തേക്ക് ചുരുങ്ങുന്നു.
സാമൂഹിക ഇടപാടുകളും ഇടപെടലുകളും കുറയുന്നു.
5000 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ അംഗുലീ പരിമിതമായ 15 പേര്‍ മുദ്രാവാക്യം വിളിച്ച്‌ സമരം നടത്തുമ്പോള്‍ എങ്ങനെ ജനാധിപത്യമാകുമെന്നും അദ്ദേഹം ആകുലപ്പെടുന്നു.

വിവേകസംക്രമണത്തിന്റെ അവധൂതനായി അദ്ദേഹം വിവേകാനന്ദനെ വിശേഷിപ്പിക്കുന്നു.
വിവേകമാണ് യഥാര്‍ത്ഥ ആനന്ദം.
ഭക്ഷണവും, സെക്സും, പണവും, പ്രശസ്തിയും, നല്‍കുന്ന ആനന്ദം നൈമിഷികം മാത്രം.
അറിവാണ് പരമാനന്ദം – IMMORTAL
അറിവ് മതിയായി എന്നാരും ഇന്നേവരെ പറഞ്ഞിട്ടില്ല.

അബ്ദുല്‍ കലാം ആസാദ് ഗ്രന്ഥശാലയുടെ ശാന്തത എന്നെ രാഷ്ട്രീയത്തില്‍ നിന്നും മാടിവിളിക്കുന്നു എന്ന് പറഞ്ഞു.
ഇന്ന് മതത്തിലും, കലയിലും, രാഷ്ട്രീയത്തിലും, അറിവില്ലാത്തവരുടെ ബഹളം തന്നെ.
ദാര്‍ശനികതയില്ലാത്ത, ദാര്‍ശനികതയുടെ സുഗന്ധം ഇല്ലാത്ത, ദാര്‍ശനികതയുടെ അകക്കാമ്പില്ലാത്ത മതവും, കലയും അദ്ദേഹം എഴുതിത്തള്ളുന്നു.

ഹൃദയദ്വിതീകരണമാണ്‌ കലയെന്ന ടോള്‍സ്റ്റോയിയുടെ വാക്കുകള്‍ അദ്ദേഹമോര്‍ക്കുന്നു.
ഭീകരതയ്ക്ക് കണ്ണില്ല, മൂക്കില്ല, ഹൃദയമില്ല, അതിനാല്‍ മതവുമില്ല.
ഗ്രീക്ക് ചിന്തകന്‍ പ്ലാറ്റോ മരണക്കിടക്കയിലായിരിക്കുമ്പോള്‍ കരഞ്ഞ ശിഷ്യരോട് തനിക്ക് ശിഷ്യന്മാരില്ലാതായിപോയല്ലോ എന്ന് പറഞ്ഞതിന്റെ സാരാംശം അദ്ദേഹം ഓര്‍ക്കുന്നു.

നാളെയുടെ ആവശ്യം എന്തെന്ന് ചോദിച്ചാല്‍ ഏതുറക്കത്തിലും ബഹുസ്വരതയാണെന്ന് താന്‍ പറയുമെന്ന് സമദാനി ഓര്‍മിപ്പിക്കുന്നു.
ഇതദ്ദേഹം എല്ലാ പ്രസംഗങ്ങളിലും ആവര്‍ത്തിക്കുന്നു. ലോകത്തെല്ലാവരുടെയും വിശപ്പെന്ന സമസ്യ, കണ്ണീരിന്റെ ഉപ്പുരസം എല്ലാം ഒന്നുതന്നെ.
MOST WANTED IDEOLOGY IS PLURALISM
വിവേകാനന്ദന്‍ ബഹുസ്വരതയുടെ വക്താവായിരുന്നു. ഒപ്പം മനുഷ്യത്വത്തിന്‍റെ പ്രതിനിധി. അമ്മയെ മറക്കുന്ന സന്യാസത്തെ സ്വാമി വെറുത്തു.
മനുഷ്യത്ത്വത്തില്‍ കാലൂന്നി നിന്ന് കണ്ണും, കാതും, കരളും, ആകാശത്തേക്ക് തിരിച്ച അവധൂതന്‍.
നിത്യ ചൈതന്യ യതിയും, വാല്മീകിയും അദ്ദേഹത്തിന്‍റെ വരികളില്‍ നിറയുന്നു പതിവുപോലെ. അത്ഭുതങ്ങള്‍ ശാശ്വതമാണെനന്നദ്ദേഹം പറയുന്നു.
മിന്നാമിനുങ്ങ്‌ എന്നും അത്ഭുതമായിരുന്നു.
അതുകൊണ്ടാകാം ജപ്പാനീസ് ഹൈക്കു കവിതകളില്‍ “SONG OF FIRE FLIES “ വന്നതിനു കാരണം.

ഇന്ത്യ കണ്ട ഏറ്റവും വലിയ സന്യാസി ആയിരുന്നു സ്വാമി വിവേകാനന്ദന്‍.
മഹാത്മാ ഗാന്ധിയെ ഏറ്റവും വലിയ ഹിന്ദു, ഏറ്റവും വലിയ മതേതരവാദി, ഏറ്റവുംവലിയ മനുഷ്യ സ്നേഹി, ഏറ്റവും വലിയ മുസ്ലിം സ്നേഹിതന്‍ എന്നദേഹം വിശേഷിപ്പിക്കുന്നു – എന്‍റെ ഗാന്ധി.

ഹിന്ദു സ്ത്രീകളെ വീട്ടില്‍ താമസിപ്പിച്ച തന്‍റെ ഉമ്മയാണ് താന്‍ കണ്ട ഏറ്റവുംവലിയ മതേതരവാദി എന്നദ്ദേഹം വിശ്വസിക്കുന്നു.
ഭാഷകളുടെ ഒരു സംഘനൃത്തമാണ്‌ ഇന്ത്യയെന്നദ്ദേഹം പറയുന്നു.

സിന്ധു നദിയുടെ തെക്കുള്ള സ്ഥലം ഇന്ദുവാണ്, ഹിന്ദുവായത് ഹിന്ദുസ്ഥാനും.
ഹിന്ദ്‌ ഒരു അറബിവാക്കാണ്. അബു സൂഫിയന്‍റെ ഭാര്യയുടെ പേരും ഹിന്ദ്. ഇന്‍ക്വിലാബ്,ഖല്ബ് ഒക്കെ അറബി പദങ്ങള്‍.
ശങ്കരാചാര്യ സൂക്തങ്ങള്‍ തന്റെ കോളേജ് ദിനങ്ങളില്‍ ഭിത്തിയില്‍ എഴുതിവെച്ചതും, കരണ്‍ സിംഗുമോത്ത്കാലടിയില്‍ പോയതുമൊക്കെ ഈ സംസ്കൃത പണ്ഡിതന്‍ സുകൃതങ്ങളായി എണ്ണുന്നു.
ഭാഷയുടെ ബഹുസ്വരത.
തന്റെ പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ തന്റെ ശ്വാസം തീജ്വാലയാണെന്ന് പറഞ്ഞ അല്ലാമ ഇക്ബാലിനെ അദ്ദേഹം ഓര്‍ക്കുന്നു.
സ്വാമി വിവേകാനന്ദന്‍ നമ്മുടെ സമ്പത്ത്, പ്രേരണാശക്തി, സ്രോതസ്സ്, വേദാന്ത ചിന്തയുടെ സാരാംശം, രത്നം ഒക്കെയാണ്.
ക്ലേശമാണ്‌ കീര്‍ത്തിയിലെക്കുള്ള വഴിയെന്ന്സ്വാമി തെളിയിച്ചു.
സ്വന്തം ഹൃദയത്തില്‍ ഒരിടം നേടിയാല്‍ മനുഷ്യവര്‍ഗ്ഗത്തിന് ശക്തിയും, സമാധാനവും, ലഭിക്കുമെന്ന് പറഞ്ഞദ്ദേഹം അവസാനിപ്പിക്കുന്നു.
മറ്റെല്ലാ പ്രസംഗങ്ങളിലും അദ്ദേഹം പറയുന്നപോലെ

” കടലേ ….
നിന്റെ വയറ്റില്‍
മുത്തുണ്ട്‌, പവിഴമുണ്ട്,
പുഷ്യരാഗമുണ്ട്,വൈഡൂര്യമുണ്ട്,
പേരറിയാത്ത രത്നങ്ങളുണ്ട്!
പക്ഷെ ….എന്‍റെ മാറത്തെക്കൊന്നു നോക്കു !
ഒരു വലിയ നിധിയുണ്ട് !
എന്‍റെ ഹൃദയം !! ”

വഴികാട്ടികളെ നോക്കി തെണ്ടാതെ സ്വന്തം ഹൃദയത്തിലെക്കൊന്നു നോക്കു !
നീ തന്നെ വഴികാട്ടി.

6 comments

Leave a Reply

Your email address will not be published. Required fields are marked *