നന്മ നിറഞ്ഞവര്‍ക്കൊരു ഗീതം…..

തിരസങ്കല്‍പ്പം – സാനു യേശുദാസന്‍

പ്രകൃതി സുന്ദരമായ തൊടുപുഴയുടെ ഗ്രാമാന്തരീക്ഷത്തില്‍ നിന്ന്‍ മനസ്സില്ലാമനസ്സോടെ തലസ്ഥാന നഗരിയിലേക്ക് ഇക്ബാല്‍ മസൂദ് എന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറിച്ചു നടപ്പെടുന്നു. തന്‍റെ പത്നി രഹാനയോടും, മകന്‍ അബുവിനോടും, തന്‍റെ പച്ച നിറഞ്ഞ ഗ്രാമത്തോടും വിട പറയുമ്പോള്‍ ഇക്ബാലിന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. അടുത്ത അധ്യയന വർഷം തീര്‍ച്ചയായും കുടുംബത്തെ തലസ്ഥാന നഗരിയിലേക്ക് തന്നോടൊപ്പം കൊണ്ടുപോകാമെന്ന വാക്കും കൊടുത്തു.

മുഖംമൂടി അണിഞ്ഞവയാണ് നഗരങ്ങള്‍ എന്നും ഗ്രാമങ്ങള്‍ പൊള്ളയായ സത്യങ്ങള്‍ ആണെന്നും വിശ്വസിച്ച ഇക്ക്ബാല്‍ മസൂദ് ചാര്‍ജെടുക്കുന്നു. വിപ്ലവ പ്രസ്ഥാനങ്ങള്‍ നാടെങ്ങും പടര്‍ന്നു പന്തലിക്കുന്ന സമയം. വിപ്ലവപ്രസ്ഥാനങ്ങളുടെ മറയില്‍ തീവ്രവാദത്തിലേക്ക് തള്ളപ്പെടുന്ന ചെറുപ്പക്കാര്‍ കുടുംബത്തിനും സര്‍ക്കാരിനും ഒരുപോലെ തലവേദനയാകുന്നു. വിപ്ലവ പ്രസ്ഥാനങ്ങളുടെ മറവില്‍ മാവോയിസവും നക്സലിസവും തല പോക്കുന്നു.ആവിഷ്ക്കാര സ്വാതന്ത്രത്തിന്റെ മുതലെടുപ്പിലൂടെ മാധ്യമങ്ങളും വളച്ചൊടിച്ച വാര്‍ത്തകള്‍ കൊണ്ട് നിറയുന്നു.
##
വിപ്ലവ നാടക രചയിതാവെന്ന പേരില്‍ തലസ്ഥാനത്തെ അറിയപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് ശ്രീ. ടി. ജെ. ജോസഫ്. തിരുവനന്തപുരം സര്‍വകലാശാല കോളേജിലെ സുമുഖനായ പ്രസംഗ കലയില്‍ ഒന്നാമനായ ശ്രീ. ടി. ജെ. ജോസഫ് വിദ്യാര്‍ഥി വിദ്യാര്‍ഥിനികളുടെ കണ്ണിലുണ്ണി. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ജോസഫിന്‍റെ പ്രസംഗം കേള്‍ക്കാന്‍ പാര്‍ട്ടി ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ തടിച്ചു കൂടി. ഒരു വര്‍ഷം തന്‍റെ സീനിയറായ, നര്‍ത്തകി കൂടിയായ ഹേമ പ്രസാദിനെ ജോസഫ് വിവാഹം കഴിച്ച കഥ ഇന്നും ഉള്‍പ്പുളകങ്ങളോടെ സര്‍വകലാശാലയുടെ ചുവരുകള്‍ക്കുള്ളില്‍ തങ്ങി നില്‍ക്കുന്നു.
##
ജോസഫിന്‍റെ നാടകങ്ങള്‍ പ്രശസ്തമായിക്കൊണ്ടേയിരുന്നു. ഒപ്പം തന്‍റെ സ്വപ്ന പദ്ധതിയായ “നൂപുരധ്വനി” എന്ന നൃത്താവിഷ്ക്കാരത്തിന്‍റെ പണിപ്പുരയിലായിരുന്നു ഹേമ പ്രസാദ്‌.
ജോസഫിന്‍റെ വിപ്ലവ പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെയും സര്‍ക്കാര്‍ വിരുദ്ധ കലാരൂപങ്ങളുടെയും പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കുകയായിരുന്നു ഇക്ബാല്‍ മസൂദിന്‍റെ പ്രഥമ ദൗത്യം. ചുറുചുറുക്കും ആത്മാര്‍ഥതയും കൈമുതലായ ചെറുപ്പക്കാരനായ ഉദ്യോഗസ്ഥന്‍ ബാലചന്ദ്രന്‍ ഇക്ബാലിന് സഹായിയായി എത്തുന്നു.
##
ജോസഫിന്‍റെയും ഹേമയുടെയും ചലനങ്ങള്‍ വീക്ഷിക്കാന്‍ ഇക്ബാല്‍ ബാലചന്ദ്രനെ ചുമതലപ്പെടുത്തുന്നു. ജോസഫിന്‍റെ ഭവനത്തില്‍ രഹസ്യമായി മൈക്രോഫോണുകള്‍ സ്ഥാപിച്ച് രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ബാലചന്ദ്രന്‍ ശ്രമം തുടങ്ങി.
##
തന്‍റെ അന്വേഷണം പുരോഗമിക്കുന്ന സമയത്താണ് സര്‍ക്കാറിന്‍റെ ഈ അന്വേഷണത്തിന് പിന്നിലെ യഥാര്‍ത്ഥ ഉദ്ദേശം ബാലചന്ദ്രന് മനസ്സിലാവുന്നത്. കഴിവും, നേതൃപാടവവും , നിറഞ്ഞ മന്ത്രിമാര്‍ നയിച്ച മന്ത്രിസഭയിലെ ഏക കറുത്ത വശം സാംസ്കാരികമന്ത്രി ശങ്കര്‍കൃഷ്ണന്‍ ആയിരുന്നു. ഏതൊരു കലാകാരിക്കും തന്‍റെ വളര്‍ച്ചക്ക് ശങ്കര്‍കൃഷ്ണന്‍റെ ഇംഗിതങ്ങള്‍ക്ക് ബാലിയാടായേ തീരൂ എന്നാ സത്യം സാംസ്കാരിക മേഖലയില്‍ അങ്ങാടിപ്പാട്ടായിരുന്നു. ഹേമപ്രസാദ്‌ എന്ന സുന്ദരിയായ നര്‍ത്തകിയില്‍ കണ്ണുണ്ടായിരുന്നു ശങ്കര്‍കൃഷ്ണന്‍. തന്‍റെ ഇംഗിതത്തിന് വഴങ്ങാതെ വഴുതി പോയ ഹേമപ്രസാദിന്‍റെ സ്വപ്ന പദ്ധതിയായ “നൂപുരധ്വനി “ വേദികളില്‍ അവതരിപ്പിക്കാന്‍ ഒരുപാട് കടമ്പകള്‍ നേരിടേണ്ടി വരുന്നു. ഏതു കള്ളത്തെളിവ് ചമച്ചായാലും ടി.ജെ.ജോസഫിനെ തുറുങ്കിലടക്കുക, അതുവഴി തന്‍റെ സ്വപ്നസാക്ഷാത്കാരമായ ഹേമയെ കീഴ്പ്പെടുത്തുക ! ഇത്രമാത്രമായിരുന്നു ഈ അന്വേഷണത്തിന് പിന്നിലെന്ന് ബാലചന്ദ്രന്‍ മനസ്സിലാക്കുന്നു.
##
കാലചക്രം തിരിഞ്ഞുകൊണ്ടേയിരുന്നു.തന്‍റെ കലാസപര്യയുടെ വളര്‍ച്ചക്കായി വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായേ മതിയാകൂ എന്ന സത്യം ഹേമപ്രസാദ്‌ മനസ്സിലാക്കുന്നു. ശങ്കര്‍കൃഷ്ണന്‍റെ ഗസ്റ്റ്ഹൌസുകളിലെ സ്ഥിരം സന്ദര്‍ശകയായി ഹേമ മാറിക്കഴിഞ്ഞെന്ന സത്യം മനസ്സിലാക്കിയ ജോസഫ് തകരുന്നു.
##
ഹേമയുടെയും ജോസഫിന്‍റെയും പ്രണയാര്‍ദ്ര ദിനങ്ങളിലെ സംഭാഷണങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്ത രൂപത്തില്‍ കേട്ട് സന്തോഷിച്ച ബാലചന്ദ്രനെ സംബന്ധിച്ച് ആ കുടുംബത്തിന്‍റെ തകര്‍ച്ച താങ്ങാനാവുന്നതല്ലായിരുന്നു. ഒരിക്കല്‍ ഒരു ആരാധകനായി വേഷമിട്ട് ബാലചന്ദ്രന്‍ ഹേമയെ കണ്ടുമുട്ടുന്നു. ജോസഫുമായി വീണ്ടും ഒത്തുചേരാന്‍ ബാലചന്ദ്രന്‍ ഹേമയെ നിര്‍ബന്ധിക്കുന്നു.
##
സുഹൃത്തുക്കളും മദ്യപാന സദസ്സുകളും മാത്രമായിരുന്നു പിന്നീട് ജോസഫിന്‍റെ ഏക ആശ്വാസം. മദ്യപാനത്തിന്‍റെ രാവും പകലും. ആയിടക്കുള്ള ഒരു നിശാപാര്‍ട്ടിയില്‍ ഊര്‍മിള എന്ന പാട്ടുകാരിയുടെ “നന്മ നിറഞ്ഞവര്‍ക്കൊരു ഗീതം “ എന്ന സംഗീതം ജോസഫിന്‍റെ ഹൃദയത്തില്‍ വല്ലാതെ തങ്ങിനില്‍ക്കുന്നു.
##
പിറ്റേന്ന് രാവിലെ ഊര്‍മിള ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത കലാലോകത്തെ ഞെട്ടിക്കുന്നു.
##
കലാസാഹിത്യ രംഗത്തെ വര്‍ദ്ധിച്ചു വരുന്ന ആത്മഹത്യകളെ പറ്റി ഒരു റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ജോസഫ് തയ്യാറാവുന്നു. ഇവിടെ വീണ്ടും പ്രശ്നങ്ങള്‍ തലപോക്കുകയാണ്. ബാലചന്ദ്രന്‍റെ ശ്രമം മൂലം ജോസഫും ഹേമയും ഒന്നിക്കുന്നു. പഴയ നല്ലകാലങ്ങള്‍ തിരിച്ചു വരുന്നു. മദ്യപാനത്തില്‍ നിന്നും ജോസഫ് കരകയറുന്നു.
ഹരിഹരന്‍ എന്ന പേരില്‍ “ആത്മഹത്യകള്‍ക്ക് പിന്നില്‍” എന്ന ലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നു; കോളിളക്കം സൃഷ്ട്ടിക്കുന്നു. ഹരിഹരന്‍ എന്ന പേരിനു പിന്നില്‍ ടി.ജെ .ജോസഫ് എന്ന വിപ്ലവകാരിയാണെന്നറിയാന്‍ സര്‍ക്കാരിന് അധികസമയം വേണ്ടി വന്നില്ല. ശങ്കര്‍കൃഷ്ണനിലെ കാട്ടാളന്‍ ഒരിക്കല്‍ക്കൂടി തലപൊക്കി. മയക്കുമരുന്ന്‍കേസില്‍ പെടുത്തി ഹേമയെ ജയിലിലടക്കാന്‍ അയാള്‍ ശ്രമിക്കുന്നു.
തന്‍റെ വീട്ടിലേക്ക് പോലിസ് സംഘം എത്തിയപ്പോള്‍ അവരെ വിവരം അറിയിച്ചത് ശങ്കര്‍കൃഷ്ണന്‍റെ പഴയ സുഹൃത്തായ ഹേമയാണെന്ന് ജോസഫ് തെറ്റിദ്ധരിക്കുന്നു. വാക്കുതര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരു ഭ്രാന്തിയെപ്പോലെ റോഡിലേക്കോടിയ ഹേമ ഒരു ട്രക്കിനടിയില്‍ പെട്ട് മരിക്കുന്നു.
##
തെളിവുകളുടെ കുറവും കലാകാരനോടുള്ള ആദരവും മൂലം കേസ് അന്വേഷണം ഇവിടെ അവസാനിക്കുന്നു. തനിക്കെതിരെയുള്ള രണ്ട് അന്വേഷണങ്ങളിലും ബാലചന്ദ്രന്‍ എന്ന പോലീസ്‌ ഉദ്യോഗസ്ഥന്‍ തെളിവുകള്‍ നശിപ്പിച്ച സത്യം ജോസഫ് മനസ്സിലാക്കുന്നു. പോലിസ് സംഘം എത്തുന്നതിനു മുന്‍പ് തന്‍റെ “ആത്മഹത്യകള്‍ക്ക് പിന്നില്‍ “ എന്ന ലേഖനത്തിന്‍റെ തെളിവുകളും മാറ്റാന്‍ ബാലചന്ദ്രന്‍ മറന്നിരുന്നില്ല എന്നും ജോസഫ് മനസ്സിലാക്കുന്നു.
##
മനം മാറിയ മന്ത്രി ശങ്കര്‍കൃഷ്ണനെ എവിടെയോ വച്ച് ജോസഫ് കണ്ടുമുട്ടുന്നു. ജോസഫിന് എതിരെയുള്ള എല്ലാ അന്വേഷണങ്ങള്‍ക്ക് പിന്നിലും തന്‍റെ കാമഭ്രാന്തായിരുന്നു എന്ന സത്യം അയാള്‍ ഒരു കുമ്പസാര സ്വരത്തില്‍ പറയുന്നു.
##
താന്‍ കാരണം ഉദ്യോഗം നഷ്ട്ടപ്പെട്ട ബാലചന്ദ്രനെ തേടി ജോസഫ് യാത്രയാകുന്നു. തന്നെ രക്ഷിക്കാന്‍ തെറ്റായ വിവരങ്ങള്‍ നിറച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയ , പോലിസ് സംഘം എത്തുന്നതിനു മുന്‍പ് തെളിവുകള്‍ മാറ്റിയ, ബാലചന്ദ്രനെ തേടിയുള്ള യാത്ര കോഴിക്കോട്ടെ അത്തോളി എന്ന ഗ്രാമത്തില്‍ “ഹേമ പാലിയേറ്റീവ് “ എന്ന സ്ഥാപനം നടത്തുന്ന ബാലചന്ദ്രന്‍ നായര്‍ എന്ന വ്യക്തിയിലാണ്. എന്തുകൊണ്ടോ ബാലചന്ദ്രന് മുഖം കൊടുക്കാതെ ജോസഫ് മടങ്ങുന്നു.
##
രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം …..
കോഴിക്കൊട്ടെ ഒരു പുസ്തക ശാലയിലേക്ക് കയറി ചെല്ലുന്ന ബാലചന്ദ്രന്‍ ബെസ്റ്റ് സെല്ലര്‍ വിഭാഗത്തില്‍ നിറഞ്ഞിരുന്ന ഒരു പുസ്തകം കയ്യിലെടുക്കുന്നു.
“നന്മ നിറഞ്ഞവര്‍ക്കൊരു ഗീതം “ – ടി. ജെ. ജോസഫ്. ആദ്യ താള്‍ തുറന്നപ്പോള്‍ കാണുന്നു
സമര്‍പ്പണം – അജ്ഞാതനായ ഓഫീസര്‍ക്ക്
ഗിഫ്റ്റ് റാപ്പ് ചെയ്യണോ എന്നാ കടക്കാരന്‍റെ ചോദ്യത്തിന് ബാലചന്ദ്രന്‍റെ മറുപടി – “വേണ്ട”
അയാളുട കണ്ണുകള്‍ നിറഞ്ഞതുപോലെ തോന്നി പുസ്തക കടക്കാരന് !!!!!!!!!!!!!!!

#############

Leave a Reply

Your email address will not be published. Required fields are marked *