നന്ദിയുടെ ലോകം നന്ദി കേടിന്‍റെയും….

ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടാത്ത ചില പേരുകള്‍ ഉണ്ട്. മനുഷ്യമനസ്സില്‍ എന്നും ജീവിക്കുന്ന ചിലരുടെ പേരുകള്‍. അവയില്‍ ഒന്നാണ് ശ്രീ. കൊന്നിയൂര്‍ ദാസ്. വളരെ കുറച്ചു ഗാനങ്ങള്‍ മാത്രം രചിച്ച കൊന്നിയൂര്‍ ദാസ്‌. ഒരൊറ്റ ഗാനം മതി കൊന്നിയൂര്‍ ദാസ്‌ എന്ന കവിയെ ഓര്‍ക്കാന്‍. രാജീവ് നാഥിന്റെ അഹം എന്ന ചിത്രത്തിലെ “ നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു “. ഇന്നീ ഗാനം ഓര്‍ക്കാന്‍ കാരണം മറ്റൊന്നുമല്ല. മലയാള മനോരമയുടെ ഇന്നത്തെ വാചകമേളയില്‍ ആടുജീവിതം എന്ന ഒറ്റ കൃതിയിലൂടെ ലോകപ്രശസ്തനായ ബെന്യാമിന്റെ വരികള്‍. നജീബിനെ അനശ്വരനാക്കിയ ബെന്യാമിന്റെ വരികള്‍. പ്രവാസി ജീവിതത്തിന്റെ ഇരുണ്ട വശങ്ങള്‍ തുറന്നുകാട്ടിയ ബെന്യാമിന്റെ വരികള്‍.

ഒരു ഉദ്യോഗസ്ഥന്‍ തനിക്ക് ഉത്തരവാദിത്തപ്പെട്ട ജോലി പൂര്‍ത്തീകരിക്കുന്നതിനും, ബാങ്ക് ഉദ്യോഗസ്ഥന്‍ ലോണ്‍ ശരിയാക്കുന്നതിനും, ടി.ടി.ആര്‍. ടിക്കറ്റ്‌ ശരിയാക്കുന്നതിനും, പ്രസാധകര്‍ പുസ്തകം പ്രസിദ്ധീകരിക്കുന്നതിനും, നിരൂപകര്‍ സിനിമ കണ്ടതിനും, പാതിരി പ്രാര്‍ഥിച്ചതിനും, ഒക്കെ താണ്‌വീണ്കിടന്നു നന്ദി അറിയിക്കെണ്ടതുണ്ടോ?

നന്ദി അറിയിച്ചില്ലെങ്കില്‍ അയാള്‍ തന്റെ ശത്രു ആയിപ്പോകുമെന്ന ഭയം. നന്ദി ലഭിച്ചില്ലെങ്കില്‍ അയാള്‍ തന്നെ ബഹുമാനിച്ചില്ല എന്ന വിചാരം !!
പ്രവര്‍ത്തിയിലും വാക്കിലും ആത്മാര്‍ഥതയുള്ള ഒരു സമൂഹം ഇങ്ങനെ നന്ദിപ്രകടനങ്ങളില്‍ മുഴുകാനാമോ എന്ന ചോദ്യം ബാക്കിയാക്കി പരിഹാരമൊന്നും പറയാതെ അവസാനിക്കുന്നു ബെന്യാമിന്‍റെ വരികള്‍.

ചിന്തോദീപകമായ വരികള്‍ക്ക് നന്ദി ബെന്യാമിന്‍.
ഒപ്പം നന്ദിയോടെ ഓര്‍ക്കുന്നു കോന്നിയൂര്‍ ദാസിനെയും…..മനോഹരമായ വരികള്‍ക്ക്.

നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു,
നന്ദി ആരോടു ഞാന്‍ ചൊല്ലേണ്ടു,
ഭൂമിയില്‍ വന്നവതാരം എടുക്കാന്‍ എനിക്കന്നു
പാതിമെയ്യായ പിതാവിനോ
പിന്നതില്‍ പാതിമെയ്യായ മാതാവിനോ
പിന്നെയും പത്തുമാസം
ചുമന്നെന്നെ ഞാനാക്കിയ ഗര്‍ഭ പാത്രത്തിനോ ?
പൊട്ടിക്കരഞ്ഞുകൊണ്ടൂഴിയില്‍ ആദ്യമായി
ഞാന്‍ പെറ്റ് വീണ ശുഭ മുഹൂര്‍ത്തത്തിനോ ?
രക്ത ബന്ധം മുറിച്ചന്യനായ്
തീരുവാന്‍ ആദ്യം പഠിപ്പിച്ച
പോക്കിൾ കൊടിയോടോ ?
നന്ദിയാരോട് ഞാന്‍ ചൊല്ലേണ്ടു ?
മാഞ്ഞു പോകുന്നു ശിരോലിഖിതങ്ങളും
മായുന്നു മാറാല കെട്ടിയ ചിന്തയും
പകിട പന്ത്രണ്ടും കളിച്ച സ്വപ്നങ്ങളെ
പലകുറി നിങ്ങൾക്ക് സ്വസ്തിയേകട്ടെ ഞാന്‍
മാഞ്ഞുപോകുന്ന ഗീതങ്ങളും, മാറാല കെട്ടിയ ചിന്തകളും, പകിട പന്ത്രണ്ടു കളിക്കുന്ന സ്വപ്നങ്ങളും, കൂടെയുള്ളിടത്തോളം കാലം ആള്‍ദൈവങ്ങള്‍ക്ക് നന്ദി പറഞ്ഞേ തീരൂ ബെന്യാമിന്‍ ….
അതാണ്‌ സത്യം !!

Leave a Reply

Your email address will not be published. Required fields are marked *