തിരക്കഥകളുടെ മാര്‍പ്പാപ്പ…..

യൗവ്വനകാലത്ത് സിനിമാ മാസികകളുടെ ഉള്ളറ തേടിപ്പോയ ഒരാളാണു ഞാന്‍. അക്കൂട്ടത്തില്‍ എന്നും മുന്‍നിരയില്‍ നാന വാരികയായിരുന്നു. എണ്‍പതുകളില്‍ നാനയില്‍ പ്രസിദ്ധീകരിച്ചിരുന്ന ഏറ്റവും പ്രസിദ്ധമായ പംക്തിയായിരുന്നു “അരമന രഹസ്യം അങ്ങാടിപ്പാട്ട്”. സിനിമയുടെയും സിനിമാക്കാരുടേയും രഹസ്യങ്ങള്‍ അന്യ നാമധേയങ്ങളില്‍ എഴുതിയിരുന്ന പംക്തി.
 
 “അ” സംവിധായകന്‍ എന്നുവെച്ചാല്‍ ഐ.വി.ശശി.
 
കോഴികൂവുന്ന നിര്‍മാതാവ് കുഞ്ചാക്കോ
 
വക്കീല്‍ നടന്‍ മമ്മൂട്ടി
 
അങ്ങനെ പോവുന്നു അന്യ നാമധേയങ്ങള്‍.
 
എണ്‍പതുകളിലെ ഒന്നാം കിട തിരക്കഥാകൃത്ത് ശ്രീ. ജോണ്‍ പോളിന്‍റെ അന്യനാമം “ മാര്‍പ്പാപ്പ കഥാകാരന്‍ “!
 
മൂന്നു ദശാബ്ദങ്ങള്‍ക്കിപ്പുറം  മനോരമ ഓണ്‍ലൈനില്‍ അദ്ദേഹത്തിന്‍റെ ആറു ഭാഗങ്ങളില്‍ നിറഞ്ഞിരുന്ന അഭിമുഖം പലതവണ കണ്ടപ്പോള്‍ മനസ്സില്‍ കുറിച്ചു, ജോണ്‍ പോള്‍ തന്നെ തിരക്കഥകളുടെ മാര്‍പ്പാപ്പ  – എഴുത്തിന്‍റെ തമ്പുരാന്‍.
 
എണ്‍പതുകളില്‍ എന്‍റെ പിതാവ് കാര്‍ട്ടൂണിസ്റ്റ് യേശുദാസനോടൊപ്പം  സ്കൂളിലേക്ക് പോകുമ്പോള്‍ അന്ന് കാനറാ ബാങ്ക് ഉദ്യോഗസ്ഥനായ ജോണ്‍ പോളും ഉണ്ടാകും കാറില്‍ . അങ്ങനെ  പതിനാലില്‍ താഴെ പ്രായമുണ്ടായിരുന്ന എനിക്ക് പപ്പയും ജോണ്‍പോളുമായുള്ള വരുംകാല ചിത്രങ്ങളുടെ അണിയറ രഹസ്യങ്ങളും കഥാതന്തുവും ഒക്കെ നിറഞ്ഞ ചര്‍ച്ചകള്‍ കേള്‍ക്കാനുള്ള മഹാഭാഗ്യമുണ്ടായി. അന്ന് തലയ്ക്കു പിടിച്ച എന്‍റെ സിനിമാഭ്രാന്ത് ഇന്നും അഭങ്കുരം തുടരുന്നു!
 
ഇന്നത്തെ തലമുറയ്ക്ക് ശ്രീ. ജോണ്‍ പോള്‍ ആരെന്നു തിരയാന്‍ വിക്കിപീഡിയയില്‍ എത്തിനോക്കേണ്ടിവരും. ജോണ്‍ പോള്‍ ആരെന്നറിയാന്‍ അദ്ദേഹം എഴുതിയ ചിത്രങ്ങളുടെ പേരുകള്‍ മതിയാവും.
 
ente-bharatan-tirakatha-500x500 
 
ചാമരത്തില്‍ തുടങ്ങി നമ്മള്‍ തമ്മില്‍ എത്തിനില്‍ക്കുന്ന സപര്യ.
മര്‍മരം , കഥയറിയാതെ , ഓര്‍മക്കായി , പാളങ്ങള്‍ , ആലോലം ഇണ , സന്ധ്യ മയങ്ങും നേരം , രചന ഇത്തിരിപ്പൂവേ ചുവന്നപൂവേ , ആരോരുമറിയാതെ , അതിരാത്രം , കാതോടു കാതോരം , ഇനിയും കഥ തുടരും , ഈ ശബ്ദം ഇന്നത്തെ ശബ്ദം അമ്പട ഞാനേ , യാത്ര , ഈറന്‍ സന്ധ്യ , മിഴിനീര്‍പ്പൂക്കള്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍ , മാളൂട്ടി , ഉണ്ണികളേ ഒരു കഥ പറയാം  , സൂര്യഗായത്രി , പുറപ്പാട് , ചമയം  മഞ്ജീരധ്വനി……….
അങ്ങനെ പോകുന്നു ആ പേരുകള്‍. എണ്‍പതുകളുടെ ചിത്രങ്ങളുടെ നന്മ നിറഞ്ഞ പരിഛേദം .ന്യൂ ജനറേഷന്‍ സിനിമകളില്‍ മിക്കവയും ഒരുതരത്തിലുള്ള അഘാതവും ഉണ്ടാക്കുന്നില്ല എന്ന് അദ്ദേഹം അഭിമുഖത്തിന്‍റെ ഒന്നാം ഭാഗത്തില്‍ പറയുന്നു. മനസ്സിനേല്പ്പിച്ച ഏറ്റവും വലിയ അഘാതം  അങ്ങനെ നോക്കിയാല്‍ ഉറൂബിന്‍റെ “നീലക്കുയില്‍” അല്ലേ  എന്ന് അദ്ദേഹം ചോദിക്കുന്നു.
 
അശരണ്യയായ ഗര്‍ഭിണിയായ പെണ്ണിനെ പിഴപ്പിച്ചു കടക്കുന്ന യുവാവിന്‍റെ കുഞ്ഞിനെ സ്വീകരിക്കുന്ന പോസ്റ്റ്‌ മാന്‍ .
 
 “നീലക്കുയിലും” പദ്മരാജന്‍റെ “അരപ്പട്ടകെട്ടിയ ഗ്രാമവും” ഉണ്ടാക്കിയ വിസ്ഫോടനം ഇന്നത്തെ ന്യൂ ജനറേഷന് സങ്കല്പ്പിക്കാനാകുമോ എന്ന ചോദ്യം നമ്മെ ചിന്തിപ്പിക്കുന്നു. അസഭ്യ വാക്കുകളുടെ പെരുമഴയല്ല ന്യൂ ജനറേഷന്‍ ചിത്രങ്ങള്‍ എന്ന് അദ്ദേഹം തന്‍റെ “യാത്ര” എന്ന സിനിമയിലെ വാട്ടര്‍ ടാങ്കിനു മുകളില്‍ നിന്ന് ചാടാന്‍ ശ്രമിക്കുന്ന ജയില്‍ പുള്ളിയുടെ “ മ “ കാര സംഭാഷണങ്ങളുമായി താരതമ്യം ചെയ്തു തെളിയിക്കുന്നു. ആത്മാഹുതി ചെയ്തുകൊണ്ട് ഇവന്‍റെ  മുഖത്തു കാറി തുപ്പുന്നതിനു പകരം എന്‍റെ ജീവന്‍ നിന്‍റെ  മുന്നില്‍ ഇട്ടു തുലക്കുന്നു എന്ന് പറയുന്ന ഒരുവന്‍ കുരുതിക്കളത്തില്‍ എടുത്തുചാടുമ്പോള്‍ അവസാനത്തെ ഹൃദയത്തിന്‍റെ ഭാഷയാണ്‌ അവന്‍ ഉപയോഗിച്ച പുലഭ്യ വാക്കുകള്‍ . അതിനാല്‍ നാം ഇന്നത്തെ പോലെ ചെവി പൊത്തുന്നില്ല.
 
ജുഗുപ്സാവഹമായ വാക്കുകളും , കള്ളനാണയങ്ങളും തിരിച്ചറിയുന്ന പ്രേക്ഷകനാണ്  ന്യൂ ജനറേഷന്‍ അല്ലാതെ ചിത്രങ്ങളല്ല . തന്‍റെ “ആലോലം “എന്ന മനോഹര  ചിത്രം “ഒന്നും മിണ്ടാതെ “ എന്ന പേരില്‍ ഈ വര്‍ഷം അനുകരിക്കപ്പെട്ടതിലും ശ്രീ. ജോണ്‍ പോളിന് പരിഭവമില്ല. കഥയുടെ നൂക്ലിയസ് ആര്‍ക്കും എടുക്കാം പക്ഷെ, അനുമതിയെടുക്കണമെന്നു മാത്രം.
 
ഷേക്ക്‌സ്പിയറിന്‍റെ  “മാക്ബത്ത് “ കുറസോവയുടെതാവാം , ശാരംഗപാണിയുടെ ചതിയന്‍ ചന്തു എം. ടി. വാസുദേവന്‍ നായരുടെതും ആവാം. കഥയുടെ റീടെല്ലിംഗ് മാത്രം.
 
“മാക്ട “ എന്ന സിനിമാ പ്രവര്‍ത്തകരുടെ സംരംഭം ഉണ്ടാക്കിയ നാളുകള്‍ വിതുമ്പലോടെ ജോണ്‍പോള്‍ ഓര്‍ക്കുന്നു.ജോഷിയുടെ ബെന്‍സ്‌ കാറില്‍ മുന്‍സീറ്റില്‍ ശ്രീ . അടൂര്‍ ഗോപാലകൃഷ്ണനും പിന്‍സീറ്റില്‍ ശ്രീ . കെ. ജി. ജോര്‍ജ്ജും , ശ്രീ. ഹരിഹരനുമായുള്ള യാത്ര ഇന്നത്തെ വിഘടിത സംസ്കാര ചലച്ചിത്രലോകത്തിന് സങ്കല്പ്പിക്കാനാകുമോ?
 
അഭിമുഖത്തിന്‍റെ രണ്ടാം ഭാഗത്തില്‍ അഭിനയകലയെ മനോഹരമായി നിര്‍വചിക്കുന്നു ശ്രീ. ജോണ്‍പോള്‍. ഉറ്റസുഹൃത്ത് ആഷിക് അബുവിന്‍റെ നിര്‍ബന്ധത്തില്‍ “ഗാംഗ്സ്റ്റര്‍”  എന്ന ചിത്രത്തില്‍ നിര്‍ബന്ധത്തിനു വഴങ്ങി ഒരു ചെറു കഥാപാത്രം അഭിനയിക്കുന്നു. തനിക്കഭിനയം അറിയില്ലെന്നദ്ദേഹം പറഞ്ഞപ്പോള്‍ ആഷിക് അബു പറഞ്ഞു “അതുമതി, ആ സത്യം സാറിനറിയാം. ഇന്നത്തെ നടന്മാര്‍ക്കു പലര്‍ക്കും അതറിയാത്തതാണ് കുഴപ്പം” . “Acting is like sex,we can do but can’t speak”, അദ്ദേഹം പറയുന്നു.
 
മൂന്നാം ഭാഗത്ത്‌ താരാധിഷ്ട്ടിതമായ ചിത്രങ്ങള്‍ക്ക് ശേഷം തിരക്കഥാകൃത്തുക്കളെ ജനം തിരിച്ചറിയുന്നതിനു തുടക്കമിട്ടത്  ശ്രീ .എം. ടി. യാണ്. പിന്നെ, ഷെരീഫ് , പദ്മരാജന്‍, ടി.ദാമോദരന്‍ , ഫാസിലും , ഭരതനും , ഹരിഹരനും  . ഒഴുക്കിനെതിരെ പിടിച്ചു നിന്നു.  ഒരു അവാര്‍ഡ്‌ പോലും തന്നെ തേടിയെത്തിയില്ലെങ്കിലും “ഓര്‍മ്മക്കായ്”യും  “ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങു വെട്ട” വും ഇന്നും ജനം ഓര്‍ക്കുന്നതാണ് ശരിയായ അവാര്‍ഡ്‌. ചാമരം എന്ന ചിത്രം ക്യാമ്പസ്‌ ചിത്രങ്ങളുടെ നാന്ദി കുറിച്ചു..യുവത്വത്തിന്‍റെ Quakes അഥവാ കമ്പനങ്ങളാണ് ചാമരം. ലാല്‍ജോസ് “ക്ലാസ്സ്മേറ്റ്സ്” എടുക്കുമ്പോള്‍ ചാമരം ചിത്രീകരിച്ച സി.എം..എസ്‌. കോളേജ് തന്നെ വേണമെന്ന് വാശി പിടിച്ചു .കാരണം അവിടെ ഇന്നും ചാമരവഴികള്‍, ചാമരം പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രണയസ്തൂപങ്ങള്‍, മുത്തശ്ശിമരങ്ങള്‍,                           വിതുമ്പലുകള്‍,തേങ്ങലുകള്‍,സ്വപ്‌നങ്ങള്‍,കിനാവുകള്‍,നൊമ്പരങ്ങള്‍,കമ്പനങ്ങള്‍  എല്ലാം ഇന്നുമുണ്ട്. “രണ്ടു പെണ്‍കുട്ടികള്‍” എന്ന ചിത്രത്തിലൂടെ മോഹന്‍ കാണിച്ച ലെസ്ബിയന്‍ പരീക്ഷണത്തിന്‌ ഇന്നത്തെ സംവിധായകര്‍ക്ക് ധൈര്യമുണ്ടാവുമോ എന്നദ്ദേഹം സംശയിക്കുന്നു.
 
ഭാരതനോടോപ്പമുള്ള 13 ചിത്രങ്ങള്‍ മഹാഭാഗ്യമായി കരുതുന്നു ജോണ്‍പോള്‍.സ്വപ്നത്തിന്‍റെ പുറത്ത് അടയിരുന്ന്‍, ഭ്രാന്തിന്‍റെ അവസ്ഥയിലൂടെ സഞ്ചരിച്ച് രണ്ടു ശരീരങ്ങള്‍ ഒരു തലച്ചോറു പോലെ പറന്നെത്തുന്ന കെമിസ്ട്രി , അതിന്‍റെ, Agony,Ecstacy,pain, അതായിരുന്നു ഭരതന്‍ ജോണ്‍പോള്‍ കൂട്ടുകെട്ട്. ഭരതനിലെ അസുരനേയും, ദേവനേയും, അനുഭവിച്ച ജോണ്‍പോള്‍. നോമ്പരപ്പെടുത്തിയും, നെറുകയില്‍ വാത്സല്യം ചൊരിഞ്ഞും, ഭരതന്‍ സൃഷ്ട്ടിച്ച ഓരോ ചിത്രവും ഓഡിയോ വിഷ്വല്‍  ട്രീറ്റുകള്‍  ആയിരുന്നു . അന്പത്തിരണ്ടാമത്തെ സീനില്‍ എന്ത് സംഭവിക്കുമെന്ന് പതിനാറാമത്തെ സീന്‍ എഴുതുമ്പോള്‍ തന്നെ അറിയാമെന്നു പറഞ്ഞ  ശ്രീ.മങ്കട രവി വര്‍മയെ അദ്ദേഹം ഗുരുസ്ഥാനത്ത് കാണുന്നു കാലദേശാദികളെ അതിജീവിച്ചു പ്രയാണം ചെയ്യുന്ന ശ്രീ .ഐ.വി.ശശിക്ക് വേണ്ടി സിംലയില്‍  ഹണിമൂണിന് പോയ ശ്രി. ജോണ്‍പോള്‍ കണ്ട ഒരു ചെരുപ്പുകുത്തിയേയും, ഒരു പട്ടാളക്കാരനാല്‍ നശിപ്പിക്കപ്പെട്ട മകളെയും, പട്ടാളക്കാരന്‍റെ കുതിരക്കുളമ്പടി കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഹിസ്റ്റീരിയയും , ചേര്‍ത്തുണ്ടാക്കിയ “ഞാന്‍ ഞാന്‍ മാത്രം” എന്ന ചിത്രവും നാഴികക്കല്ലായി നില്‍ക്കുന്നു.   തന്‍റെ ചിത്രം ആദ്യം കണ്ടിട്ട് വിളിക്കുന്നത് പദ്മരജനാനെന്നു പറയുമ്പോള്‍ മലയാളസിനിമക്ക് നഷ്ട്ടപ്പെട്ട പ്രതിപക്ഷ ബഹുമാനം നാമോര്‍ക്കുന്നു.
 
woodlands ഹോട്ടലില്‍ കെ..ജി.ജോര്‍ജ്ജും, ഭരതനും, മോഹനും ഒത്തുള്ള സന്ധ്യകളും , ഗോപിയെപ്പറ്റിയുള്ള സ്മരണകളും നമ്മെ കുത്തിനോവിക്കുന്നു.പക്ഷാഘാതനായ ഗോപിക്കുള്ള മൃതസഞ്ജീവനിയായിരുന്നു ജോണ്‍പോളിന്‍റെ“ഉത്സവപിറ്റേന്ന്” ഒരൊറ്റ റിതം ഇന്‍സ്ട്രുമെന്റ് പോലും വായിക്കാനറിയാത്ത ഗോപി യവനികയില്‍ അഭിനയിക്കുമ്പോള്‍ അയ്യപ്പന്‍റെ കൈകളില്‍ ഏതോ ഒരു ദൈവിക ശക്തി വന്നു പതിച്ചത് അത്ഭുതകരം തന്നെ.ആ രംഗം കണ്ട സാക്കീര്‍ ഹുസ്സയിന്‍ പറഞ്ഞു “I can’t believe that Gopi doesnt know tabala “ . ഊമയായ “ഓര്‍മക്കായ്”ലെ നായകനെ കണ്ട സഞ്ജീവ്കുമാര്‍ ഗോപിക്കെഴുതി “You have beaten my role in Koshish “.സന്ധ്യ മയങ്ങും നേരം” പ്രിവ്യൂ കണ്ട ശിവാജി ഗണേശന്‍ അതിന്‍റെ തമിഴ് പതിപ്പില്‍ നിന്ന് പിന്മാറി.”I can’t do this only Gopi can do “.മലയാളിക്കറിയാത്ത ഒരുപാട് സത്യങ്ങള്‍ ഈ അഭിമുഖത്തിലൂടെ ജോണ്‍പോള്‍ അനാവരണം ചെയ്യുന്നു.
 
റോബിന്‍ഹുഡ് ചിത്രത്തിന്‍റെ മാതൃകയിലുള്ള മലയാളത്തിലെ ആദ്യത്തെ പരീക്ഷണവും ജോണ്‍പോളിന്‍റെ തന്നെ ”അതിരാത്രം”. താരാദാസ് എന്ന അധോലോകനായകനെ സൃഷ്ട്ടിക്കുമ്പോള്‍ മനസ്സില്‍ കെ. എസ്‌. അബ്ദ്ദുള്ള എന്ന കാസര്‍ഗോഡിലെ “Don With A Heart “  ആയിരുന്നു. മമ്മൂട്ടിയുടെ ഉറ്റസുഹൃത്ത് ക്യാപ്റ്റന്‍ രാജുവിന്‍റെ മരണരംഗം അതിപ്രശസ്തമാണ്‌. “വേട്ടപ്പട്ടികളെ പോലെ നിന്നെ കാര്‍ന്നുതിന്നു ചോരകുടിക്കുന്ന ശത്രുക്കള്‍ക്ക് വിട്ടുകൊടുക്കുന്നതിലും ഭേദം , നിനക്കു ഞാന്‍ നല്ല മരണം നല്‍കുന്നു”! എന്ന് പറഞ്ഞു താരാദാസ് നിറയൊഴിക്കുന്ന രംഗം ഇന്നും അനുകരിക്കപ്പെടുന്നു. അവിശുദ്ധപ്രേമത്തിന്‍റെ വേദന “രചന” എന്ന ചിത്രത്തിന്‍റെ ക്ലൈമാക്സിനേക്കാള്‍നന്നായി ആര്‍ക്കെഴുതാനാകും ?
 
വീരനായകപരിവേഷത്തിന് മൃത്യുവില്ലെന്ന മിഥ്യാ സങ്കല്‍പ്പത്തിനെ “ഉണ്ണികളേ ഒരു കഥ പറയാം” എന്ന ചിത്രത്തിലൂടെ തിരുത്തി എഴുതിയ ജോണ്‍പോള്‍. “യാത്ര”യിലെ നായകന്‍ മമ്മൂട്ടി കൊള്ളുന്ന ഓരോ അടിയും പ്രണയത്തിനു വേണ്ടിയുള്ള ത്യാഗമാണെന്ന് തെളിയിച്ച ശ്രീ. ജോണ്‍പോള്‍. തന്‍റെ ഒരു തിരക്കഥക്കായി മണിരത്നവും, ഗോവിന്ദ് നിഹലാനിയും, ഹരിഹരനും, ജോഷിയും, ക്യു നില്‍ക്കുന്ന കാലത്ത് ജോണ്‍പോളിനോപ്പം “ഒരു ചെറുപുഞ്ചിരി” എന്ന കൊച്ചു ചിത്രത്തിന് കൈകോര്‍ത്ത ശ്രീ. എം. ടി. വാസുദേവന്‍‌ നായരെ അഭിമാനത്തോടെ ഓര്‍ക്കുന്നു ജോണ്‍പോള്‍.
 
അഭിമുഖം അവസാനിക്കുമ്പോള്‍ എം. ടി. യോടൊപ്പമുള്ള നാളുകള്‍ അദ്ദേഹം ഓര്‍ക്കുന്നു.
 
ചെറുപുഞ്ചിരിയുടെ ഷൂട്ടിംഗ് വേളകളിലെ വിശ്രമ വേളകളില്‍ എം. ടി. എന്ന മഹാനായ എഴുത്തുകാരനെ വീട്ടിലേക്കു ഉച്ചയുറക്കത്തിനു കൊണ്ടുപോവാനും   സല്‍കരിക്കാനും ഒരു ഗ്രാമം മുഴുവന്‍ മത്സരിക്കുകയായിരുന്നു.ഷൂട്ടിംഗ് തീര്‍ന്നപ്പോള്‍ ഗ്രാമവാസികള്‍ എം. ടി . യോട് തിരിച്ചു ചോദിച്ചത് ഒറ്റകാര്യമാണ്. ഗ്രാമത്തിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് വസ്ത്രങ്ങളും, പുസ്തകങ്ങളും ,അദ്ദേഹത്തിന്‍റെ കൈകള്‍ കൊണ്ട് നല്കണമെന്ന്.
 
മലയാളസിനിമാ പ്രേമികളും ശ്രീ. ജോണ്‍പോളിനോട് ഒറ്റക്കാര്യമേ ചോദിക്കുന്നുള്ളൂ. ആഘാധമുണ്ടാക്കുന്ന കഥകളും യുവത്വത്തിന്‍റെ കമ്പനങ്ങള്‍ നിറഞ്ഞ രംഗ വിസ്മയങ്ങളും കലസപര്യയുടെ painഉം  , Ecstacyയും , Agonyയും , ഒക്കെ നിറഞ്ഞു നില്‍ക്കുന്ന ചിത്രങ്ങളുമായി ഒന്നിങ്ങു വന്നെങ്കില്‍.കഥയറിയാതെ ആട്ടം കാണുന്ന ഞങ്ങളുടെ ഹൃദയത്തില്‍ നന്മയുടെ മര്‍മരങ്ങളുമായി………………  .


13 comments

 1. Super writing!!
  A visual treat, a journey through John Paul Sir’s screenplays and movies……………………….. An extremely talented and humble man………….. Loved the caption “Thirakathakalude Marpappa”………Very Apt indeed!

 2. I watched John Pauls interviews after reading your blog……..captured very well Sanu
  Enjoyed reading and watching!
  Jayarajan

 3. Nice blog! Enjoyed reading and recollecting all those wonderful movies………..they don’t make those kind of movies anymore.
  Smitha and Rajeev Kalambath

 4. Nice blog! Enjoyed reading and recollecting all those wonderful movies………..they don’t make those kind of movies anymore.
  Smitha and Rajeev Kalambath

 5. Lovely! Nice heading. Your writing is delightful. A nice tribute to John Paul Sir. I am enthused to watch his interviews now.
  Sangeetha & Sudesh Kumar

 6. Dear Sanu,
  Good one. Keep it up.

  “പണ്ടത്തെ പഹയന്മാര്ക്ക് ഇപ്പോഴത്തെ പഹയന്മാരെക്കാള് ധൈര്യം ഉണ്ടായിരുന്നു “!

  വെല്ലുവിളികള് നേരിടാനുള്ള ധൈര്യം നമുക്ക് ലഭിക്കട്ടെ !

  നഷ്ട്ടപ്പെടാന് ഒന്നുമില്ലെന്നും നേടാന് ഒരുപാടുണ്ടെന്നും മനസ്സിലാക്കുമ്പോള് ധൈര്യം താനേ വരും !

  നാം അനുഭവിക്കാത്ത ജീവിതങ്ങള് കെട്ടുകഥകളായിത്തന്നെ നില്ക്കട്ടെ !

  Thanks & Regards
  Regi Thomas|DGM- Maintenance
  ABAN Offshore Ltd

 7. കേന്ദ്രവും സം സ്ഥാനവും ജോണ്‍ പോളിന് പുരസ്‌കാരം നല്കിയി ല്ലെങ്ങിലും സാനുവിന്റെ ബ്ലോഗ്‌ ലെ കലാനുകാല വിവരങ്ങൾ ഇന്നത്തെ അഭിനവ ന്യൂ ജനറേഷൻ സിനിമാ ഭ്രാന്തന്മാർ പാഠപുസ്തകം ആക്കട്ടേ

Leave a Reply

Your email address will not be published. Required fields are marked *