കുമ്പസാരക്കൂട്

ഈ കുറിപ്പെഴുതാൻ കാരണം ഇന്നത്തെ മനോരമയിലെ ഒരു ലേഖനമാണ്.
ഇന്ന് ഞാൻ കാണാൻ കൊതിക്കുന്ന ഇൻലൻഡുകളുടേയും കവറുകളുടേയും തപാൽ പെട്ടികളുടേയും കഥ പറയുന്ന ലേഖനത്തിലെ ഒരു വരി ഹൃദയസ്പർശമായി.

ഒരുകാലത്ത് തപാൽ പെട്ടികൾ കുമ്പസാര രഹസ്യങ്ങൾ സൂക്ഷിച്ചിരുന്ന ഒരു വൈദികനെപ്പോലെയായിരുന്നു.
എന്റെ ബാല്യകാലത്തൊരുപാട് കൈപ്പടകൾ കാണാൻ ഭാഗ്യം ലഭിച്ചയാളാണ് ഞാൻ.
രാഷ്ട്രീയ രംഗത്തും സാമ്യൂഹ്യരംഗത്തും കലാരംഗത്തും വിരാചിച്ച ഒരുപാട് മഹാരഥന്മാരുടെ കത്തുകൾ.
ഒരു ചെറിയ കത്തിനുപോലും മറുപടി അയക്കാൻ എന്റെ പിതാവ് ശ്രദ്ധിച്ചിരുന്നു.
കൈതപ്രത്തിന്റെ കവിതാത്മകമായ കത്തുകളും ഡോ. പി. എം. മാത്യു വെല്ലൂരിന്റെ കാർട്ടൂൺ നിറഞ്ഞ കത്തുകളും ഒളിച്ചുവായിക്കുമ്പോൾ കിട്ടിയിരുന്ന സുഖം ഇന്ന് നിമിഷങ്ങൾക്കകം ട്രാഷിലേക്ക് തള്ളപ്പെടുന്ന വാട്ട്സ് ആപ്പ് സന്ദേശങ്ങളേക്കാളും എത്ര ഇരട്ടിയായിരുന്നു.
അക്ബർ കക്കട്ടിലിന്റെ നുറുങ്ങുകത്തുകളും ഇന്നും മനസ്സിൽ തങ്ങുന്നു.
ശ്രീകുമാരൻ തമ്പിയുടെ ഹൃദയസ്പർശിയായ കത്തുകൾ ഒരു ഗാനം പോലെ ഹൃദയത്തിൽ ഇന്നും സൂക്ഷിക്കുന്നു.

കത്തുകളുടെ ലോകം വിശാലമായിരുന്നു.
നമ്മുടെ മനസ്സുപോലെ സന്ദേശങ്ങളും കത്തുകളുടെ വിശാലതയിൽ നിന്നും എസ്.എം.എസ്സിന്റെ ചെറിയ ലോകത്തേക്ക് ചുരുങ്ങുന്നു.

ഗൾഫിൽ നിന്ന് ഭർത്താവും ഇവിടെ നിന്ന് ഭാര്യയും മഷിയിൽ പേനമുക്കിയെഴുതിയ വരികളെ മായ്ക്കാനാകൂമോ ഇന്നത്തെ വാട്ട്സ് ആപ്പ് സന്ദേശങ്ങൾക്ക്.

“എത്രയും ബഹുമാനപ്പെട്ട എന്റെ
പ്രിയ ഭർത്താവ് വായിക്കുവാൻ
സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാൽ ഏറെ പിരിശത്തിൽ
ചൊല്ലീടുന്നു വസ്സലാം…
ഞങ്ങൾക്കെല്ലാ‍ം സുഖമാണിവിടെ എന്നു തന്നെ എഴുതീടട്ടെ,
മറുനാട്ടിൽ നിങ്ങൾക്കും അതുലേറേ ക്ഷേമമാണെന്നു കരുതി
സന്തോഷിക്കട്ടെ…

എഴുതി അറിയിക്കാൻ കാര്യങ്ങൾ നൂറുണ്ട്
എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്
എൻ മിഴികൾ തൂകും കണ്ണുനീർ അതുകണ്ട്
എൻ കരൾ വേദന കാണുവാൻ ആരുണ്ട്
എങ്ങിനെ ഞാൻ പറയും
എല്ലാമോർത്ത് എന്നെന്നും ഞാൻ കരയും
ഈ കത്തീന് ഉടനടി ഒരു മറുപടി തന്ന്
സങ്കടം തീർത്തീടണേ
ഇടക്കീടെ എന്നെയും ഓർത്തീടണേ…”

ഈ കത്തുവായിക്കുന്ന ഏതൊരു കഠിനഹൃദയനും ഒരു നിമിഷം കരഞ്ഞുപോകില്ലേ??

എന്റെ പിതാവ് 30 വർഷങ്ങൾക്ക് മുമ്പ് കാർട്ടൂണിസ്റ്റ് തോമസിന് ഉപദേശിക്കുന്ന കത്ത് ഇവിടെ ചേർക്കുന്നു.
ഫ്രണ്ട്ഷിപ്പ് ഡെ എസ്. എം. എസ് സന്ദേശങ്ങളേക്കാൾ എത്ര ഹൃദ്യമാണീ വരികൾ???

yesudasan_letter

ബേപ്പുർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കത്തും ഇവിടെ ചേർക്കുന്നു.
കത്തിന്റെ അവസാനം നമ്മളെ എല്ലാവരേയും അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് എഴുതി അവസാനിപ്പിക്കുമ്പോൾ ഇന്നു ബീഫ് കഴിക്കുന്നവരും കഴിക്കാത്തവരും തമ്മിലുള്ള അന്തരം എത്ര വലുതാണെന്ന് നമുക്ക് മനസ്സിലാകും.

vbasheer_letter

മൊയ്തീൻ കാഞ്ചനമാലക്കായി അവർക്ക് മാത്രം മനസ്സിലാകുന്ന ലിപി സൃഷ്ടിച്ച നാടാണ് കേരളം.
അതേ കേരളത്തിൽ തപാൽ പെട്ടികൾ ഇല്ലാതെയായി.
കത്തുകളുടെ സൌരഭം ഇല്ലാതെയായി.
സ്നേഹത്തിന്റെ അതിർവരമ്പുകൾ കൂടുതൽ വിശാലമാകുന്നു.

ചങ്ങമ്പുഴയുടെ സ്മൃതിപദത്തിൽ അദ്ധേഹത്തിന്റെ കൈപ്പടയിലെഴുതിയ വരികളോടെ ഈ കുറിപ്പവസാനിപ്പിക്കുന്നു.

“താരകകളേ, കാണ്മിതോ നിങ്ങൾ
താഴെയുള്ളൊരീ പ്രേതകുടീരം
ഹന്ത! യിന്നതിൻ ചിത്ത രഹസ്യം
എന്തറിഞ്ഞൂ ഹാ! ദുരസ്തർ നിങ്ങൾ
പാല പൂത്തു പരിമളമെത്തി
പാതിരയെ പുണർന്നൊഴുകുമ്പോൾ
മഞ്ഞണിഞ്ഞൂ മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ
മന്ദമന്ദം പൊടിപ്പതായ് കേൾക്കാം
സ്പന്ദനങ്ങളീ കല്ലറയ്കുള്ളിൽ“

7 comments

 1. Very touching. With modernisation and technological advances we are loosing so much of the “old world charm” .
  Quote
  “A poor life this if, full of care,
  We have no time to stand and stare.
  Unquote
  William Henry Davies

 2. Letter, post boxes, landlines and so many other things have become a thing of the past. We seem to be loosing our values and softer & many beautiful aspects as time goes by.
  Well written.

Leave a Reply

Your email address will not be published. Required fields are marked *