കാഴ്ച – THE EDGE OF LOVE !

Ryhaneh Jabbari 2

കാലത്തിനോ ചരിത്രത്തിനോ മായ്ക്കാനാകാത്ത കണ്ണീരില്‍ എഴുതിയ ഒരു കത്ത്.!
റെയ്ഹാന ജബ്ബരിയുടെ അവസാന കത്ത് ഏല്‍പിച്ച മുറിവുകള്‍ നമ്മുടെ ഹൃദയത്തില്‍ നിന്ന് മാറിയില്ല.

റെയ്ഹാന ജബ്ബരി ….
1988 ല്‍ ജനനം.
2014 ഒക്ടോബര്‍ 25 നു മരണം, ഇറാനിലെ ഗോഹാര്‍ദസ്ത് ജയിലിലെ തൂക്കുമരത്തില്‍.
26 വര്‍ഷത്തെ ഹ്രസ്വ ജീവിതത്തില്‍ 7 വര്‍ഷങ്ങള്‍ ജയിലറകളിലും, കരുണ കാണിക്കാത്ത കോടതി മുറികളിലും.
എത്ര ദാരുണമായ കുരുന്നു ജീവിതം.

2007 ല്‍ സര്‍ബന്ധി എന്ന ധനാഢ്യന്റെ ഓഫീസില്‍ ഇന്‍ന്‍റീരിയര്‍ ഡെക്കറേഷന്‍ ചര്‍ച്ചകള്‍ക്കായി പോയ റെയ്ഹാനയെ കടന്നുപിടിക്കാന്‍ അയാള്‍ ശ്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന പേനാക്കത്തി കൊണ്ട് റെയ്ഹാന അയാളെ കൊലപ്പെടുത്തുന്നു.
സത്യത്തിനു മുന്നില്‍ എന്നും അന്ധത അഭിനയിക്കുന്ന നിയമത്തിനു മുന്നില്‍ റെയ്ഹാന തോറ്റു.
എല്ലാ സാക്ഷികളും തെളിവുകളും അവള്‍ക്കു വിനയായി.
സര്‍ബന്ധിയെ കാണുന്നതിനു മൂന്നു ദിവസം മുന്‍പ് അവള്‍ എന്തിന് പേനാക്കത്തി വാങ്ങിച്ചു ?
കൊലക്ക് രണ്ടു ദിവസം മുന്‍പ് ഉറ്റസുഹൃത്തിന് “അയാളെ ഞാന്‍ കൊല്ലാന്‍ സാധ്യതയുണ്ട് “ എന്ന എസ്‌.എം.എസ്‌.?
അങ്ങനെയെല്ലാം അവള്‍ക്കു എതിരായി.
സര്‍ബന്ധിയെ താന്‍ കുത്തി എന്ന് അവള്‍ സമ്മതിക്കുന്നു.
പക്ഷെ, കൊന്നത് മറ്റൊരാളാണെന്നു അവള്‍ തറപ്പിച്ചു പറഞ്ഞത് കേള്‍ക്കാനോ തെളിയിക്കാനോ നമുക്ക് ആയില്ല.
7 വർഷം നിയമങ്ങള്‍ മാറി മാറി വായിച്ച അഭിഭാഷകരോ 20000 പേര്‍ ഒപ്പിട്ട നിവേദനത്തിനോ, സോഷ്യല്‍ മീഡിയകള്‍ക്കോ, എന്തിനും ഏതിനും പൊതുമാപ്പ് നല്‍കുന്ന AMNESTY INTERNATIONAL നോ, കോടികളുടെ പ്രാര്‍ഥനകള്‍ക്കോ അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാനായില്ല.
മണ്ണാകാന്‍ മടിച്ച മരണത്തെ ഭയക്കാത്ത റെയ്ഹാന 2014 ഒക്ടോബര്‍ 25 നിയമങ്ങള്‍ക്ക്‌ കീഴടങ്ങി.
മരണത്തിന്‌ മുന്‍പ് റെയ്ഹാന അമ്മക്കെഴുതിയ കത്തിലെ വരികള്‍ മാത്രം ബാക്കി.
കാലങ്ങള്‍ കഴിഞ്ഞാലും മായാതെ, മറയാതെ, റെയ്ഹാനയുടെ കത്ത് മാത്രം ജീവിക്കും.

Ryhaneh Jabbari 1

“നമുക്ക് പണവും അധികാരവും ഇല്ലാത്തതിനാല്‍ കൊലയാളി ഒരിക്കലും പിടിയിലാകില്ല.
മരണം ജീവിതത്തിന്‍റെ അവസാന വാക്കല്ലെന്നു എന്നെക്കാള്‍ നന്നായി അമ്മക്കറിയാം.
ഞാന്‍ കരഞ്ഞില്ല….
മാപ്പിരന്നില്ല……
കാരണം, ഞാന്‍ നിയമത്തെ വിശ്വസിച്ചു !
പക്ഷെ,
ഒരു കൊതുകിനെപ്പോലും കൊല്ലാത്ത ഞാന്‍ കൊലയാളിയായി.
എന്‍റെ ജീവന് വേണ്ടി അമ്മ മാപ്പിരക്കരുത് !
പക്ഷെ ഒന്ന് മാത്രം അമ്മ അപേക്ഷിക്കണം ….
മണ്ണില്‍ ചീഞ്ഞ് ഒടുങ്ങാന്‍ എനിക്ക് വയ്യ !
എന്‍റെ യുവത്വം നിറഞ്ഞ ഹൃദയവും മണ്ണായി തീരരുത്….
എന്നെ തൂക്കിക്കൊന്നാലുടന്‍ എന്‍റെ കണ്ണ്‍, വൃക്ക, ഹൃദയം, എല്ലാം ആവശ്യമുള്ളവര്‍ക്ക് നല്‍കണം.
ഞാന്‍ ആരെന്ന് അവയവങ്ങള്‍ സ്വീകരിക്കുന്നവര്‍ അറിയരുത് !
എനിക്ക് ശവക്കല്ലറകള്‍ വേണ്ട ….
അവിടെ വന്ന് നിങ്ങള്‍ കരയുകയും പീഡിതരാവുകയും അരുത് ….
ഞാന്‍ മരണത്തെ പുല്‍കുന്നു,
ദൈവത്തിന്‍റെ കോടതിയില്‍ ഞാന്‍ എല്ലാവരെയും വിചാരണ ചെയ്യും.
ആ ലോകത്ത് നമ്മള്‍ പരാതിക്കാരും അവര്‍ കുറ്റവാളികളും ആയിരിക്കും !
ദൈവം എന്താണ് വിധിക്കുന്നതെന്ന് നമുക്ക് കാണാം. ”

kazhcha

റെയ്ഹാനയുടെ കണ്ണീരില്‍ കുതിര്‍ന്ന വരികള്‍ ഇവിടെ അവസാനിക്കുന്നു.
ലോകത്തിന്‍റെ ഏതോ ഒരു കോണില്‍ ആരോ ഒരാള്‍ റെയ്ഹാന ജബ്ബരിയുടെ കണ്ണുകളുമായി തനിക്കു നഷ്ട്ടപ്പെട്ട കാഴ്ചകള്‍ കാണാന്‍ ആവേശത്തോടെ ഇപ്പോള്‍ കണ്ണു തുറക്കുന്നുണ്ടാകും !
ക്രൂരമായ ഈ ലോകം കാണുമ്പോള്‍ തന്‍റെ അന്ധതയായിരുന്നു ഭേദം എന്ന് അയാളിപ്പോള്‍ മനസ്സില്‍ പറയുന്നുണ്ടാകാം !

Leave a Reply

Your email address will not be published. Required fields are marked *