കാത്തിരുന്ന് കാത്തിരുന്ന്…..

kanchanamala

അര നൂറ്റാണ്ട് മുൻപ് നടന്ന ഒരു ദുരന്ത പ്രണയത്തിന്റെ അലയടികൾ ഇന്ന് കേരളത്തെ പിടിച്ചുലയ്ക്കുകയാണ്. കാൽപന്തും, നീന്തലും, ചിത്രകലയും, രാഷ്ട്രീയവും രക്തത്തിൽ അലിഞ്ഞു ചേർന്ന ബി.പി. മൊയ്തീൻ എന്ന മനുഷ്യ സ്നേഹിയുടെ കഥ കേരളം നെഞ്ചോട് ചേർത്തു കഴിഞ്ഞു.

അവിവാഹിതന്റെ വിധവ എന്ന പേരിൽ ഇന്നും മുക്കത്ത് ജീവിച്ചു തീർക്കുന്ന കാഞ്ചനമാലയുടെ കഥ.

27 വർഷം തന്റെ മനസ്സാ വരിച്ച മൊയ്തീന്റെ ജീവനെടുത്ത ഇരുവഞ്ഞിപ്പുഴയെ കാണാതിരുന്ന കാഞ്ചന മാല.
യാഥാസ്ഥിതിക മുസ്ലിം കുടുംബത്തിൽ ജനിച്ച മൊയ്തീൻെറ പിതാവിന് സങ്കൽപ്പിക്കാനാകാത്ത പ്രേമമായിരുന്നു അവരുടേത്.

പിതാവിന്റെ നാടൻ തോക്കിന്റെ ബുള്ളറ്റിനോ, നാടൻ കത്തിയുടെ 22 കുത്തിനോ എടുക്കാനായില്ല ബി. പി. മൊയ്തീന്റെ ജീവൻ. തങ്ങൾക്ക്‌ മാത്രം വായിക്കാനാവുന്ന അക്ഷര ലിപികളും, കടത്തുവഞ്ചിയും, അക്കരെക്കു പോകുമ്പോഴുളള ഹ്രസ്വ നിമിഷങ്ങളും, പിന്നെ കുറേ വർണ്ണശബളമായ സ്വപ്നങ്ങളുമായി അവർ ജീവിതയാത്ര ചെയ്തു.

പക്ഷെ വിധി മറെറാന്നായിരുന്നു. ഇരുവഞി പുഴയിൽ മുങ്ങിയ തോണിയിൽ മൊയ്തീന്റെയും കാഞ്ചനയുടേയും സ്വപ്നങ്ങൾ മുങ്ങിത്താണു.

മൊയ്തീന്റെ മാതാവിന്റെ ഹൃദയവിശാലതയിൽ ആ വീട്ടിലേക്ക് വധുവായി വന്ന കാഞ്ചന മാല മൊയ്തീന്റെ ഓർമ്മകളുമായി ഇന്നും ജീവിക്കുന്നു. ബി. പി. മൊയ്തീൻ സേവാ ട്രസ്റ്റിന്റെ കീഴിൽ സ്ത്രീ രക്ഷാ പദ്ധതികളും, രക്ത ദാനവും, നീന്തൽ പരിശീലനവും ഒക്കെ നടത്തി. പല തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, പരാജയപ്പെട്ട കാഞ്ചന മാല മൊയ്തീനോടൊപ്പം സ്വർഗ്ഗീയതയിൽ ഒത്തു ചേരുന്ന ദിനവും കാത്ത് മുക്കത്ത് കഴിയുന്നു.

ഇരുവഞ്ഞിപ്പുഴയുടെ ആക്രോശങ്ങളും, ഗൽഗദങ്ങളും, ഒന്നും തന്റെ മൊയ്തീൻ നഷ്പ്പെട്ട ദിനത്തേക്കാൾ ഭീകരമല്ലെന്ന് കാഞ്ചന മാലയ്ക്കറിയാം. നാലഞ്ചു നാട്ടുകാർ ഇരുവഞിപ്പുഴക്ക് മേലെ നിർമ്മിക്കുന്ന പാലത്തിന്ന് ബി. പി. മൊയ്തീന്റെ പേരിടണമെന്ന് കലക്ടർക്ക് നിവേദനം കൊടുത്ത് വഞ്ചിയിൽ മടങ്ങുമ്പോഴും പുഴ കേഴുന്നുണ്ടായിരിക്കണം.

ഈ കുറിപ്പെഴുതിയത് മലയാളികളെല്ലാം അറിയുന്ന ഒരു കഥ പറയാൻ അല്ല. ബി.പി. മൊയ്തീനു നന്ദി പറയാൻ ആണ്. മൊയ്തീൻ കാഞ്ചന മാല പ്രണയകഥ പറഞ്ഞ ഹ്രസ്വചിത്രത്തിന്റെ തലക്കെട്ട് ” ജലം കൊണ്ട് മുറിവേറ്റവൾ “ എന്നായിരുന്നു. കഴിഞ്ഞ കുറേ വർഷമായി സിനിമ കണ്ടും കൊണ്ടും മുറിവേറ്റ മലയാളിക്ക് സ്വാന്തനമായി മൊയ്തീൻ.

കുറേ കോമാളികൾ കാട്ടുന്ന വൈകൃതങ്ങൾ കണ്ടു സിനിമയെന്ന് തെറ്റിദ്ധരിച്ചു മടങ്ങിയ ഞങ്ങൾക്ക് മൊയ്തീൻ ഒരു പ്രതീക്ഷയുടെ തിരിവിളക്കാകുന്നു.

നല്ല സിനിമകളെ കാത്തു നാം ഒരു പാട് വിരഹം സഹിച്ചെങ്കിലും ” എന്ന് സ്വന്തം മൊയ്തീനിൽ റഫീഖ് അഹമ്മദ് എഴുതിയ പോലെ……

വിരഹവുമെന്തൊരു മധുരം…
മുറിവുകളെന്തൊരു സുഖദം…

22 comments

  1. ഇരുവഴിഞ്ഞി ആണോ ഇരുവഞ്ഞി ആണോ ശരി…???

Leave a Reply to Vidya Sundar Cancel reply

Your email address will not be published. Required fields are marked *