കറുത്ത ഓര്‍മ്മകളെ വഹിക്കുന്ന ഒട്ടകങ്ങള്‍

13 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം ഒരു പ്രവാസി ജീവിതത്തിലേക്ക് കടന്നപ്പോള്‍ അക്ഷരങ്ങളുടേയും എഴുത്തിന്റേയും പുസ്തകങ്ങളുടേയും ലോകം അവസാനിച്ചു എന്ന് ഞാന്‍ കരുതി. തമീമി കോമ്പൗണ്ടിലെ E-192 മുറിയില്‍ NDTV യിലെ ചര്‍ച്ചകളും, പ്രഭാത സവാരിയും, വിദേശികളും പുതിയ കൂട്ടുകാരായി വന്നപ്പോള്‍ പഴയ സൗഹൃദങ്ങള്‍ വാട്സ് ആപ്പില്‍ മാത്രം ഒതുങ്ങി. വെള്ളിയാഴ്ച വലകൊണ്ടടച്ച വാതിലിലൂടെ വാരാന്ത്യങ്ങളിലെ ഉറക്കകലാപരിപാടികളിലേക്ക് കമ്പിളി പുതക്കുന്നവരുടെ നിസ്വനങ്ങള്‍. അവിടെയാണ് അക്ഷരങ്ങളുടെ ലോകത്തിന് വിരാമമില്ല എന്ന് ഓര്‍മിപ്പിച്ച് മുരളീധരനും (മാതൃഭൂമി) നൗഷാദലിയും വന്നത്. 1998 ഫെബ്രുവരിയില്‍ സ്കൂള്‍ യുവജനോല്‍സവത്തില്‍ കവിതക്ക് ഒന്നാം സമ്മാനം നേടിയ നൗഷാദലി എന്ന ചെറുപ്പക്കാരനെ 17 വര്‍ഷങ്ങള്‍ക്ക് ശേഷം തിരഞ്ഞ് ഫെയ്സ് ബുക്കിന്റെ ഇടനാഴികളിലൂടെ മുരളീധരന്‍ യാത്ര തിരിക്കുന്നു. സംഭവബഹുലമായ പത്രപ്രവര്‍ത്തന ജീവിതത്തിനിടയില്‍ 1998 ലെ ചെറിയ വാര്‍ത്തയും അതിലെ കഥാപാത്രമായ നൗഷാദ് അലിയെയും തിരഞ്ഞ് പോയ മുരളീധന് നന്മ നേരുന്നു.

Noushad Ali

17 വര്‍ഷം പിന്നിലേക്ക് തന്റെ ഓര്‍മ്മകള്‍ തിരിച്ചു വിട്ട നൗഷാദ് അലി മുരളീധരനുമൊത്ത് കവിതകളുടെ ചക്രവര്‍ത്തി ഒ.എന്‍.വി സാറിനെ കാണാന്‍ ഇന്ദീവരത്തിലെത്തിയതും ഒപ്പം വന്ന പത്മാവതി ടീച്ചര്‍ പേനമറന്നതിന് ശകാരിച്ചതും ഓര്‍മ്മിച്ചെടുക്കുന്നു. ഏഴ് വര്‍ഷം മുമ്പ് പ്രവാസി ജീവിതത്തിലേക്ക് കടന്ന നൗഷാദ് അലി മുരളീധരന്റെ തേടലും ഓര്‍മ്മക്കുറിപ്പും തന്നെ വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക് മടങ്ങാന്‍ സഹായിച്ചാല്‍ അതിന് മുന്‍കൂര്‍ നന്ദി പറയുന്നു. പ്രവാസലോകത്തെത്തുന്നതിന് മുന്‍പ് എഴുതിയ ‘കറുത്ത ഓര്‍മ്മകളെ വഹിക്കുന്ന ഒട്ടക’മെന്ന കവിത നൗഷാദ് അലി മുരളീധരന് പങ്കുവെക്കുന്നു. ഒ.എന്‍.വി സാര്‍ പറഞ്ഞതു സത്യമാണ്, നൗഷാദലീ നിന്നില്‍ കവിതയുടെ ഉപ്പുണ്ട്.

നഷ്ടദിനങ്ങളില്‍ നിന്നാണ് എന്റെ ഒട്ടകം തുടങ്ങുക. അതിന്റെ കുത്തനെയുള്ള കയറ്റം, കൊലുന്നനെയുള്ള ആഴം വെയില്‍ തുറന്ന ഓരോ മണല്‍പ്പുറവും കടന്ന് എന്റെ ഒട്ടകം നോട്ടങ്ങള്‍ പോലെ ദൂരങ്ങള്‍ എറിയുന്നു. ദൂരങ്ങള്‍ പിടിച്ചെടുത്ത് ഓരോ ഭൂഖണ്ഢങ്ങള്‍. ഉറക്കത്തിന്റെ കല്ലറകളില്‍ നിന്നാണ് എന്റെ ഒട്ടകം മുരളുക. കാണാത്ത പുഴകളെ മണ്ണിലേക്ക് തട്ടിത്താഴ്തി, കാണാത്ത നിഴലുകളെ മുന്നില്‍ കൊണ്ടു പോയി കുഴിച്ചുമൂടി, പിന്‍മറഞ്ഞ ദിനങ്ങളുടെ പല്ലെടുത്ത് നൗഷാദലിയുടെ ഒട്ടകം കറുത്ത ഓര്‍മ്മകളുമായി യാത്ര തുടരുന്നു.

എല്ലാ പ്രവാസിയേയും പോലെ എഴുത്തിന്റെ പുതിയ ഭൂഖണ്ഢത്തിലേക്ക് നഷ്ടദിനങ്ങളില്‍ അലയുന്ന ഒട്ടകത്തെ തിരിച്ചയക്കാന്‍ നൗഷാദലി കൊതിക്കുന്നു. ഓരോ പ്രവാസിയും കറുത്ത ഓര്‍മ്മകള്‍ പേറുന്ന ഓരോ ഒട്ടകങ്ങളെ പുതിയ ഭൂഖണ്ഢത്തിലേക്ക് തിരിച്ചയക്കാനുള്ള ബദ്ധപ്പാടിലാണ്. ഓരോരുത്തര്‍ക്കും ഭൂഖണ്ഢങ്ങള്‍ മാത്രം വ്യത്യസ്തം. നൗഷാദലിയുടെ ഒട്ടകം എഴുത്തിന്റെ ഭൂഖണ്ഢത്തിലേക്ക് സ്വപ്നങ്ങളുടേയും, ചിന്തകളുടേയും, സമാഗമങ്ങളുടേയും, പ്രാര്‍ത്ഥനകളുടേയും, കാത്തിരിപ്പുകളുടേയും, ശുഭപ്രതീക്ഷകളുടേയും, നവയുഗങ്ങളുടേയും, ഭൂഖണ്ഢങ്ങളിലേക്ക് തങ്ങളുടെ കറുത്ത ഓര്‍മ്മകള്‍ വഹികുന്ന ഒട്ടകങ്ങളെ തിരിച്ചയക്കാന്‍ ശ്രമിക്കുന്ന ഓരോ പ്രവാസിയും നൗഷാദലിയുടെ വരികളെ നമിക്കും. ഒപ്പം, 17 വര്‍ഷങ്ങള്‍ക്ക് ശേഷം നൗഷാദലീ നീ എവിടെയാണെന്ന ചോദ്യവുമായി സോളാറിന്റെയും, നിസാമിന്റെയും, തീവ്രവാദത്തിന്റെയും, തിരഞ്ഞെടുപ്പ് കോലാഹലങ്ങളുടേയും പുകമറയാല്‍ നിറഞ്ഞ പത്രമാപ്പീസില്‍ നിന്ന് ഒരു ചെറിയ വാര്‍ത്തയുടെ പുറകെ സഞ്ചരിച്ച മുരളീധരനും നന്ദി.

3 comments

  1. Beautifully written. Very glad to see there are still people who appreciate good poetry and poets. And a huge thank you for the kind words.

Leave a Reply to Muraleedharan Nair Cancel reply

Your email address will not be published. Required fields are marked *