കഥ തുടരുമ്പോള്‍…………

ഇന്നലത്തെ മലയാള മനോരമയിലെ ഒരു ചെറുകുറിപ്പാണ് ഈ ബ്ലോഗ്‌ ഏഴുതിക്കുന്നത്.
ന്യൂഡല്‍ഹി , അപ്പു , തുടങ്ങിയ ഒട്ടനവധി ഹിറ്റ്‌ ചിത്രങ്ങള്‍ സമ്മാനിച്ച ഡെന്നിസ് ജോസഫിനെ ഒരു കഥയെഴുതാന്‍ തമ്പി കണ്ണന്താനം ഏല്‍പ്പിക്കുന്നു.
അസുഖം കാരണം കിടപ്പിലായ ഡെന്നിസ് സുഹൃത്തായ എസ്‌. എന്‍. സ്വാമിയെ ഏല്‍പ്പിക്കുന്നു ആ കര്‍ത്തവ്യം .
കഥയുടെ തുമ്പിനായി അലയുമ്പോള്‍ സ്വാമി ഒരു ചിത്രം പത്രത്തിന്‍റെ താളുകളില്‍ കാണുന്നു.

അതുല്യ നടന്‍ ദിലീപ്കുമാര്‍ ഭാര്യ സൈറഭാനുവിനോടൊപ്പം അധോലോകനായകന്‍ ഹാജി മസ്താന്‍റെ കാലില്‍ തൊട്ടു വന്ദിക്കുന്ന ചിത്രം.
ആ സ്പാര്‍ക്കില്‍ നിന്ന് സ്വാമി ജന്മം കൊടുത്ത കഥയാണ്‌ ഇരുപതാം നൂറ്റാണ്ട്.

മലയാള സിനിമയുടെയും , സ്വാമിയുടെയും ,കെ. മധുവിന്‍റെ യും , മോഹന്‍ലാലിന്‍റെയും , സുരേഷ്ഗോപിയുടെയും , തമ്പി കണ്ണന്താനത്തിന്‍റെയുമൊക്കെ ചരിത്രം മാറ്റി എഴുതിയ ചിത്രം ഇന്നും നാം ടി .വി. യില്‍ കണ്ട് ആസ്വദിക്കുന്നു.

പിന്നീട് സി. ബി. ഐ. ഡയറിക്കുറിപ്പുകളുടെ പരമ്പരകളുമായി എസ്‌. എന്‍. സ്വാമിയുടെ ജൈത്രയാത്ര ……അത് ഇന്നും തുടരുകയാണ്.

കഥകളെന്നും നമ്മുടെ ചുറ്റും നിറയുകയാണ്.

ചുറ്റുമുള്ള കഥാതന്തുക്കളെ കാണാത്ത കസ്തൂരിമാനുകളെ പോലെ നാം കഥ തേടി അലയുകയാണ്.

ഇറാനിയന്‍ ചിത്രങ്ങളുടെ സി . ഡി . ഇട്ടുകണ്ടാലേ കഥകള്‍ കിട്ടൂ എന്ന മിഥ്യാ സങ്കല്‍പ്പങ്ങള്‍ക്ക് അപവാദമാണ് ഇത്.

ഇതുപോലെ ജീവിതഗന്ധിയായ കഥകള്‍ മണത്തറിഞ്ഞു എഴുതിയ ലോഹിതദാസ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മനോരമ ആഴ്ചപ്പതിപ്പില്‍ തന്‍റെ ചിത്രങ്ങളുടെ കഥാതന്തുക്കളെ പറ്റി എഴുതിയത് ഇന്നും മനസ്സില്‍ തങ്ങുന്നു.

തന്‍റെ സഹപാഠിയെ വഴിയില്‍ കണ്ടപ്പോള്‍ ലോഹിതദാസ് ചോദിച്ചു

“എങ്ങോട്ടാ ? “

“ അറിഞ്ഞില്ലേ നമ്മുടെ അദ്ധ്യാപകന്‍ ബാലന്‍മാസ്റ്റര്‍ ആശുപത്രിയിലാ “

“എന്തു പറ്റി ? “

“അല്പം വട്ടാ “

“ വട്ടോ ? “

“ ബന്ധുക്കളൊക്കെ ചേര്‍ന്നു വട്ടാക്കിയതാ “

ആ ഒറ്റ വാചകമാണ് സര്‍വകാല ഹിറ്റ് ആയ തനിയാവര്‍ത്തനത്തിന്‍റെ കഥാതന്തു.

ലോഹിയുടെ അയല്‍ക്കാരന്‍ കേശവന്‍ എന്ന സാധുവിന് ഒരു ഉറുമ്പിനെപ്പോലും കൊല്ലാനാവില്ല.

പക്ഷെ ഒരു വൈകുന്നേരം വീട്ടിലെത്തുന്ന കേശവന്‍ കാണുന്നത് തന്‍റെ ഭാര്യയെ കയറിപ്പിടിക്കുന്നവനെ ആണ്.

കയ്യിലെടുത്ത വിറകു കൊള്ളിയുമായി കേശവന്‍ അവന്‍റെ തലക്കടിക്കുന്നു.
അവന്‍ മരിക്കുന്നു .

കേശവന്‍ ജയിലില്‍ ആവുന്നു. ജയില്‍ മോചിതനായ കേശവന്‍ രക്തം കണ്ടാല്‍ അറക്കാത്തവനായി മാറുന്നു.

മലയാളി ഇന്നും നെഞ്ചിലേറ്റുന്ന കിരീടവും , ചെങ്കോലും സമ്മാനിച്ച സേതുമാധവന്‍ കേശവനില്‍ നിന്നും ജനിച്ചതാണ്.

തന്‍റെ ഗ്രാമത്തില്‍ സഹോദരന്‍റെ കല്യാണത്തിന്‍റെ തൊട്ടു മുമ്പൊരു മരണം സംഭവിക്കുന്നു .പക്ഷെ കല്യാണം ഭംഗിയായി നടക്കുന്നത് വരെ ആ മൃതദേഹം വീട്ടിലെവിടെയോ ആ കുടുംബാംഗങ്ങള്‍ മറച്ചുവെക്കുന്നു.ഈ ഹൃദയഭേദകമായ സംഭവമാണ് ലോഹിയുടെ ഭരതമായത് .

അങ്ങനെ ലോഹിയെപ്പോലെ ജീവിതം പറിച്ചെഴുതുന്ന മറ്റൊരു കലാകാരന്‍ ആണു രഞ്ജിത്ത് .

മരണം കാത്തുകിടക്കുന്ന ശ്രീവിദ്യയെ കാണാന്‍ എത്തിയ പൂര്‍വകാമുകന്‍ കമലഹാസന്‍ ശ്രീവിദ്യയോടു എന്തായിരിക്കും സംസാരിച്ചതെന്ന് ചിന്ത രഞ്ജിത്തിനെ കൊണ്ടെത്തിച്ചത് തിരക്കഥ എന്ന മനോഹരമായ ചലച്ചിത്രത്തിലാണ്.ഒരു കവിത പോലത്തെ സിനിമ .ദൈവം സ്വര്‍ഗത്തിലല്ല നമ്മുടെ അരികിലുണ്ടെന്നു കാണിക്കാന്‍ പ്രാഞ്ചിയെട്ടനിലൂടെയും നന്ദനത്തിലൂടെയും തെളിയിക്കാന്‍ രഞ്ജിത്തിനേ കഴിയൂ.

2002 ല്‍ ഇഹലോകവാസം വെടിഞ്ഞ മുല്ലശ്ശേരി രാജഗോപലനാണ് ദേവാസുരത്തിലേയും രാവണപ്രഭുവിലെയും മംഗലശ്ശേരി നീലകണ്ഠന്‍. മലയാള കലാകാരന്മാരുടെ ഉറ്റ തോഴന്‍.

ജീവിതതിലെവിടെയോ തളര്‍ന്നുവീഴുന്ന രാജഗോപാല്‍ മരണം വരെ ഒരു കലാകാരനായിരുന്നു.

പാട്ടുകളെ സ്നേഹിച്ച രാജഗോപാല്‍.

2012 ല്‍ കോഴിക്കോട് വെച്ചു ചേര്‍ന്ന രാജഗോപാല്‍ അനുസ്മരണത്തില്‍ എം . പി . വീരേന്ദ്രകുമാര്‍ മുല്ലശ്ശേരി രാജഗോപാലിനെ അടുത്തറിയാതെ പോയതില്‍ വിതുമ്പി .

മുല്ലശ്ശേരി രാജഗോപാല്‍ ജീവിക്കും ദേവാസുരത്തിന്‍റെ ആയുസ്സോളം നമ്മളോടൊപ്പം .

ദേവാസുരം വീട്ടില്‍ സി.ഡി യിട്ട് കണ്ട രാജഗോപാല്‍ രഞ്ജിത്തിനെ വിളിച്ച്‌ പറയുന്നു “ നീ എന്നെ ഒരുപാടു നല്ലവനാക്കി കളഞ്ഞല്ലോ “ എന്ന്
അങ്ങനെ കേശവനും ബാലന്‍ മാസ്റ്ററും രാജഗോപാലും ഒക്കെ മരണമില്ലാതെ ജീവിക്കുന്നു.

നമുക്ക് ചുറ്റും കഥകളാണ്, നാം കാണാന്‍ മറക്കുന്ന മടിക്കുന്ന കഥകള്‍.

കഥയമമ കഥയമമ കഥകളതി സാദരം

പലകോടി ജന്മങ്ങള്‍ കുമിളകളായുണര്‍ന്നുടയും

കഥാസരിത് സാഗര സീമയില്‍

കഥകളാകുന്നു നാം അറിവീലയെങ്കിലും അഥവാ

തിരിച്ചറിഞ്ഞെന്നാലും അറിയുകില്ലുള്‍കഥ

കഥകളാല്‍ നിവൃതമീ പ്രകൃതിയും

കഥകളീ കടലുകള്‍ കുലശൈലശ്രിംഗങ്ങള്‍

കഥ തന്നെ വഴിനീളെ അടരുമീയിലകളും

കദനമായെറിയു മായുസ്സിന്‍റെ തിരികെട്ടു കഥ കഴിയുമ്പോള്‍ തുടങ്ങുന്നു

പുതിയതിനവസ്സാനമില്ലാത്ത കദനമോ

തുടരുന്നു ,തുടരുന്നു , തുടരുന്നു

വഴിയോര സത്രത്തില്‍ അപരാഹ്നവേളയില്‍

ഒരുമിച്ചു കൂടി പിരിഞ്ഞുപോകും വരെ

പറയുക ,പറയുക , കഥകള്‍ നിരന്തരം

കഥ പറഞ്ഞങ്ങനെ കഥകളായി കാലത്തിലലിയുക

അതില്‍ ഒരു കഥയില്ലയെങ്കിലും

കഥകളെക്കാള്‍ ഭാരമില്ല ഭൂമിക്കുമെന്നറിയുക

ആഴമില്ലൊരു സമുദ്രത്തിനും …………………………..

3 comments

Leave a Reply

Your email address will not be published. Required fields are marked *