കടല്‍ത്തീരത്തിരുന്നു കരയുന്ന കഥ

O V Vijayan
നമ്മെ കണ്ണീരണിയിക്കുന്ന ഒരുപാട് കഥകള്‍ മിന്നി മറഞ്ഞിട്ടുണ്ട്. അക്കൂട്ടത്തില്‍ ഏറെ പിടിച്ചുലച്ച രണ്ടു കഥകള്‍ ആണ് ബെന്യാമിന്റെ ആട് ജീവിതവും, മഞ്ഞവെയില്‍ മരണങ്ങളും. ഹൃദയത്തില്‍ ഇന്നും മങ്ങാതെ നില്‍ക്കുന്ന കൊച്ചുകഥയാണ് പാറക്കടവിന്‍റെ മീസാന്‍കല്ല്. വീണ്ടും വീണ്ടും എടുത്തു വായിക്കുന്ന കഥകളില്‍ ഒന്ന് കെ.വി. മോഹന്‍ കുമാറിന്‍റെ ശ്രാദ്ധശേഷം ആണ്. കഥാപാത്രങ്ങള്‍ നമ്മുടെ മനസ്സില്‍ കുടിയേറി പാര്‍ക്കുന്ന ഗ്രന്ഥങ്ങള്‍.
പക്ഷെ വായിക്കാതെ തന്നെ മനസ്സില്‍ തളം കെട്ടിയ ഒരു കഥയും അതിലെ കഥാപാത്രങ്ങളും…..

ആ അനുഭവം ഇന്നുണ്ടായി….
മനോരമയുടെ വാചകമേളയില്‍ ശ്രീ.ഒ.വി. വിജയന്‍റെ സഹോദരി ഒ.വി. ഉഷയുടെ വാചകങ്ങള്‍ വേദനിപ്പിച്ചു. ചേട്ടന്‍റെ വിശ്വപ്രസിദ്ധമായ ഖസാക്കിന്റെ ഇതിഹാസത്തിന് വേണ്ടത്ര ബഹുമതികള്‍ ലഭിച്ചില്ല. ഡല്‍ഹി മലയാളികളുടെ കൂട്ടായ്മ ഒരു വെള്ളിശില്പം മാത്രം നല്‍കി. ചേട്ടന്‍ കേരളത്തിനു പകരം യൂറോപ്പില്‍ ജനിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യതസ്തമായേനെ.

എത്ര സത്യം !

ഗബ്രിയേല്‍ മാര്‍കോസിനു വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ സ്വന്തം എം.ടി.യേയും, ഒ.വി.യേയും മറക്കുന്നു. രണ്ടാമൂഴവും ഖസാക്കും, കേരളത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ സ്വയം ഒതുങ്ങുന്നു. കാരണം ഈ കഥാകാരന്മാര്‍ ജനിച്ചത്‌ കൊച്ചു കൂടല്ലൂരും, മങ്കരയിലുമായിപ്പോയി.

ഇതേ മനോരമയുടെ താളുകള്‍ ഒന്ന് തിരിച്ചപ്പോള്‍ ശ്രീ. ഒ. വി. വിജയന്‍റെ ഒരു ചിത്രം.
“ഒരു കഥ കരയുന്നു കടല്‍ത്തീരത്തിരുന്ന്‍ “ എന്ന തലക്കെട്ടില്‍. വൈകാതെ ഒരു പുസ്തകത്തിലെ കഥാപാത്രങ്ങള്‍ എന്നെ പിടിച്ചുലച്ചു. കടല്‍ത്തീരത്ത് എന്ന വിജയന്റെ കഥ. വെള്ളായിയപ്പന്‍, കുട്ടസ്സ്യന്‍ പിള്ള, നീലി, കണ്ടുണ്ണി, വെറും നാലുപേര്‍.
മനസ്സിന്റെ ഭാരം ഒന്നിറക്കിവെക്കാന്‍ നാം കടല്‍തീരത്ത് എത്തുന്നു.
സ്നേഹത്തിന്റെ തിരമാലകള്‍ കാണാന്‍ കുഞ്ഞുങ്ങള്‍ കടല്‍ത്തീരത്ത് എത്തുന്നു.
സൗഹൃദത്തിന്‍റെ തിരകള്‍ എണ്ണാന്‍ യുവാക്കള്‍ കടല്‍ത്തീരത്ത് എത്തുന്നു.
ആദ്യമായി കടല്‍ കാണാന്‍ എത്തുന്ന ഒരാള്‍ ദുഖത്തിന്‍റെ തിരമാലകള്‍ കാണുന്ന കഥയാണ്‌ കടല്‍ത്തീരത്ത്. വെള്ളായിയപ്പന്‍ എന്ന പിതാവിന്റെ നിസ്സഹായ നൊമ്പരങ്ങള്‍.
ഗുരുസാഗരം, ധര്‍മപുരാണം, തലമുറകള്‍, മധുരം ഗായതി, ഖസാക്കിന്റെ ഇതിഹാസം എന്നീ മഹാസൃഷ്ടികള്‍ എഴുതിയ തൂലികയില്‍ ജനിച്ച കടല്‍ത്തീരത്ത്.
വെള്ളായിയപ്പന്‍ വീട് വിട്ടിറങ്ങിയപ്പോള്‍ കൂട്ട നിലവിളിയുയര്‍ന്നു ….
സ്വന്തം വീട്ടില്‍ നിന്നം, അയല്‍വക്കത്തെ വീട്ടില്‍ നിന്നും….
കണ്ണൂരിലേക്കാണ് യാത്ര. വരമ്പും, പറമ്പും പിന്നിട്ട് നടക്കുകയാണ് റയില്‍വേ സ്റ്റേഷനിലേക്ക്. ഭാര്യ പൊതിഞ്ഞു കൊടുത്ത പൊതി ചോറ് കയ്യില്‍….
വഴിയില്‍ കുട്ടസ്സ്യന്‍ പിള്ളയെ കാണുന്നു.
വെള്ളായിയേ…..
മറക്കാറേ………..
രണ്ടേ രണ്ടു വാക്കുകള്‍…..
ദീര്‍ഘമായ സംഭാഷണങ്ങള്‍ അടങ്ങിയ രണ്ടു വാക്കുകള്‍.
കടം വാങ്ങിച്ച പൈസ തിരിച്ചു കൊടുക്കണം….. തിരിച്ചു കൊടുക്കാന്‍ കഴിയാത്ത ദുഃഖം വെള്ളായിയപ്പന്..
വീട്ടാനാകാത്ത കടങ്ങളുടെ കണക്കു സൂക്ഷിക്കുന്നത് മനുഷ്യരല്ല ദൈവങ്ങളാണ് എന്ന് കുട്ടസ്സ്യന്‍ പിള്ള മനസ്സില്‍ പറയുന്നു.
അലക്കിയ തുണികളുമായി വരുന്ന നീലി. അവിടെയും രണ്ടേ രണ്ടു വാക്കുകള്‍….സ്വാന്തനത്തിന്‍റെ നിറവ് .
ഭാര്യ പൊതിഞ്ഞു കൊടുത്ത ചോറിന്റെ നനവ്‌..
പക്ഷെ, മകനെ ഓര്‍ക്കുമ്പോള്‍ കഴിക്കാന്‍ തോന്നിയില്ല. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്ന വെള്ളായിയപ്പന്‍. ജയിലിലേക്കുള്ള വഴി ചോദിക്കുന്ന വെള്ളായിയപ്പന്‍. നാളെ രാവിലെ അഞ്ചുമണിക്ക് വരാന്‍ പാറാവുകാരന്‍ പറയുന്നു.

പിറ്റേന്ന് രാവിലെ ഇരുമ്പഴികള്‍ക്ക് പിന്നില്‍ കണ്ടുണ്ണി – അയാളുടെ മകന്‍.
മകനേ……..
അപ്പാ………
അവിടെയും രണ്ടേ രണ്ടു വാക്കുകള്‍….
അപ്പാ…. എന്നെ തൂക്കിക്കൊല്ലാന്‍ സമ്മതിക്കരുതേ…..
പിറ്റേന്ന് മകന്റെ ശരീരം ഏറ്റുവാങ്ങുന്നു. മണ്ണിട്ട്‌ മൂടുന്നു. തലയില്‍ കൈപ്പടം വെച്ചനുഗ്രഹിച്ചു.
ഒടുവില്‍ കടപ്പുറത്ത് എത്തുന്ന വെള്ളായിയപ്പന്‍ പൊതിച്ചോറഴിച്ചു നിലത്തെറിയുന്നു. ബലിക്കാക്കകള്‍ അന്നം കൊത്താന്‍ ഇറങ്ങിവന്നു.
അച്ഛന്റെ നിസ്സഹായതയുടെ കഥ വെറും കുറച്ചു വാക്കുകളില്‍ പറഞ്ഞ് അവസാനിപ്പിക്കുന്ന കടല്‍ത്തീരം.
കണ്ണീരിന്റെയും, സങ്കടത്തിന്റെയും, നിസ്സഹായതയുടെയും, തിരമാലകള്‍.
കടലിന്റെ മറ്റൊരു മുഖം.
വായിക്കുന്നതിനു മുന്‍പേ നമ്മെ കരയിക്കുന്ന പുസ്തകം.
നന്ദി ഒ.വി. വിജയന്‍….
മരിക്കാത്ത കഥാപാത്രങ്ങള്‍ സമ്മാനിച്ച വിജയന്‍ നന്ദി…….

6 comments

 1. എപ്പോഴും വേറിട്ട അനുഭവങ്ങൾ തരുന്ന താങ്കളുടെ ബ്ലോഗിനു അഭിനന്ദനങ്ങൾ. ഇതും വളരെ ഹ്ർ ദയസ്പർശിയായി അവതരിപ്പിക്കാൻ താങ്കൾക്ക് കഴിഞ്ഞു. നമ്മുടെ സ്വന്തം കലാകാരന്മാരെ തിരിച്ചറിയാൻ ഇത് പ്രചോദനമാകട്ടെ.

 2. നമസ്കാരം സനു ദാസ്,

  ഇത് ഫിലിപ്പ് ഏരിയൽ സിക്കെന്ത്രാബാദിൽ നിന്നും എഴുതുന്നത്
  തികച്ചും അവിചാരിതമായി ഇന്ന് താങ്കളുടെ ബ്ലോഗിൽ എത്താൻ കഴിഞ്ഞു. ഒന്ന് രണ്ടു പേജു വായിച്ചു.
  വളരെ മനോഹരമായിരിക്കുന്ന വരികൾ, ഇപ്പോൾ ഓഫീസ്സിൽ ആണ്.
  വൈകിട്ട് വീട്ടിലെത്തി വിശദമായി വായിച്ചു കമന്ടും ഇടാം
  ചിലതെല്ലാം പറയാനും ചോദിക്കാനും ഉണ്ട്
  അപ്പോൾ പറഞ്ഞത് പോലെ വൈകിട്ട് കാണാം അല്ലെ !

  സസ്നേഹം
  ഫിലിപ്പ് ഏരിയൽ

  എന്റ് മലയാളം ഇംഗ്ലീഷ് ലിങ്കുകൾ താഴെ സമയം പോലെ നോക്കുക

  നന്ദി നമസ്കാരം
  ശുഭദിനം നേരുന്നു

Leave a Reply

Your email address will not be published. Required fields are marked *