അഹങ്കാരത്തിന്റെ ബാബേൽപള്ളികൾ

Saint Francis of Assisi
അഹങ്കാരത്തിന്റെ ബാബേൽപ്പള്ളികള്‍
കുട്ടിക്കാലത്ത് ILLUSTRATED WEEKLY മുതല്‍ തനിനിറം വരെ കോംപ്ലിമെന്ററി കോപ്പികളായി വീട്ടില്‍ പെരുമഴയായി വന്നുവീഴുന്ന കാലം.
എല്ലാ പ്രസിദ്ധീകരണങ്ങളും ഒന്ന് കണ്ണോടിക്കുക എന്റെ പതിവായിരുന്നു.
അക്കാലത്ത് വളരെ ഹൃദിസ്ഥമായൊരു മാസികയായിരുന്നു അസ്സീസ്സി.
അസ്സീസ്സി കാപുച്ചിന്‍ സഭയുടെ മുഖ പത്രമായിരുന്നു, ഇപ്പോഴും അതേ….
അന്നത്തെ അസ്സീസ്സി എഡിറ്റര്‍ എന്റെെ പിതാവിന്റെ അടുത്ത സുഹൃത്തായിരുന്നു, പേര് മറന്നു..!
ഒട്ടേറെ കലാവാസനയുള്ള, ഇപ്പോഴും പുഞ്ചിരിക്കുന്ന, ആ പുരോഹിതന്റെ മുഖം ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു, പേരൊഴികെ !!
അസ്സീസ്സി മാസികയെപ്പറ്റിയും കാപുച്ചിന്‍സഭയെപ്പറ്റിയും ഇന്നോർക്കാന്‍ കാരണം, പുതിയ അസ്സീസ്സി മാസികയിലെ ഒരു കവിതയാണ്….
“നിങ്ങള്‍ മാപ്പർഹിക്കുന്നില്ല പുരോഹിതാ “ എന്ന പേരില്‍.
ഒരുപാട് ചരിത്രം ഉറങ്ങുന്ന സഭയാണ് കാപുച്ചിന്‍ സഭ.
1182 മുതല്‍ 1226 വരേ ഇറ്റലിയിലെ അസ്സീസ്സിയില്‍ ജീവിച്ച ഫ്രാന്സിസ് പുണ്യാളന്റെ കഥ നമ്മുടെ കരളലിയിക്കുന്നതാണ്.
കാപുച്ചിന്‍ പുരോഹിതന്മാര്‍ 1632 ല്‍ പോണ്ടിച്ചേരിയില്‍ എത്തുന്നതോടെ ഇന്ത്യയില്‍ സഭക്ക് തുടക്കം ആവുന്നു.
ഇന്ന് ആര്യനാട്, ആലപ്പുഴ, കണ്ണൂര്‍, കളമശ്ശേരി, പൊന്നുരുന്നി, തൃശൂര്‍, തിരുവനന്തപുരം, ഫോർട്ട് ‌ കൊച്ചി, കൊല്ലം, തുടങ്ങി അങ്ങോളമിങ്ങോളം കാപുച്ചിന്‍ ആശ്രമങ്ങള്‍ നമുക്ക് കാണാം.
ഇന്നത്തെ കാപുച്ചിന്‍ സഭയെപ്പറ്റി ഓർക്കുമ്പോള്‍ ആദ്യം ഓടിയെത്തുന്നത് ഫാദര്‍ ബോബി ജോസ് കാപുച്ചിന്റെ് പേരാണ്.
ഗുരുചരണം എന്ന പേരില്‍ അദ്ദേഹം നടത്തിവരുന്ന പ്രഭാഷണ പരമ്പര അതിമനോഹരമാണ്.
സാഹിത്യവും, സിനിമയും, രാഷ്ട്രീയവും, കലയും, ചരിത്രവും, എല്ലാം ഫാദര്‍ ബോബി ജോസ് കൈകാര്യം ചെയ്യുന്നതു കണ്ടാല്‍ നാം അത്ഭുതപ്പെടും.
ഇന്നത്തെ എല്ലാ സഭകളിലും നല്ലവരായ പുരോഹിതന്മാരുടെ എണ്ണം കുറയുകയാണ്.
ഫ്രാന്സിസ് മർപ്പാപ്പയെപ്പോലെയും, ചാവറയച്ചനേപ്പോലെയും മൂക്കാചേരില്‍ പത്രോസ് മാര്‍ ഒസ്താതിയോസിനെ പോലെയും പരുമല മാര്‍ ഗ്രിഗാരിയോസിനെ പോലെയും ജനഹൃദയങ്ങളിലെക്കിറങ്ങി വന്ന പുണ്യാത്മാക്കളുടെ എണ്ണം വിരലിലെണ്ണാവുന്നതാണ്.
സാധാരണക്കാരില്‍ നിന്നും പുരോഹിതന്മാരും മെത്രാന്മാരും എന്നേ അകന്നു കഴിഞ്ഞു .
ഈ സാഹചര്യത്തിലാണ് അസ്സീസ്സി മാസികയില്‍ അജ്ഞാതനായ കവി തന്റെ പ്രതിഷേധം കവിതയിലൂടെ രേഖപ്പെടുത്തിയത്.
നല്ല ഫലം തരാത്ത വൃക്ഷങ്ങളെല്ലാം വെട്ടിത്തീയ്യിലെറിയപ്പെടുമെന്ന ലൂക്കോസിന്റെ മൂന്നാം അദ്ധ്യായം ഒൻപതാം വാക്യത്തില്‍ തുടങ്ങുന്ന കവിത നമ്മെ ചിന്തിപ്പിക്കുന്നു.
ചിരന്തരവിചിന്തനത്തിന് ശേഷം, കാലം ചോദിക്കുമ്പോള്‍ നിന്റെ പൊക്കണത്തില്‍ എന്തുണ്ട് ചരിത്രത്തിനു നൽകാന്‍ എന്ന്‍ കവി ചോദിക്കുന്നു.
നിനക്കു നൽകിയ കരുതലും, തണലും, ആദിവാസിയുടെ തുളവീണ നിക്കറുകാരനും, തൂക്കുമരത്തില്‍ ദിനമെണ്ണുന്നവനും നൽകിയിരുന്നെങ്കില്‍ അവര്‍ എന്നേ ചരിത്രത്തിന്റെ ഗതി 1800 തിരിച്ചേനേ ….
എന്ന് കവി ചോദിക്കുമ്പോള്‍ നാം സത്യം തിരിച്ചറിയുന്നു.
വാക്കു കൊണ്ടും, വണക്കമാംസം കൊണ്ടും,
ആത്മാവും സത്യവുമില്ലാതെ നീ
ഒരുക്കിയ സങ്കീർത്തനങ്ങള്‍ അരോചകമാണ്.
എന്റെ പെൺകുഞ്ഞിന്റെ മാനവും, വിശുദ്ധിയും, കൊത്തിപ്പറിച്ചു
വഴിയോരക്കഴുകന്മാര്‍ വിരുന്നുണ്ണുന്നു, ഒപ്പം നീയും…
ചൊറിഞ്ഞു ചോറിഞ്ഞെന്റെ
രാഷ്ട്രീയത്തിന്റെ ഇടതു വലതു കാലുകള്‍ പൊട്ടുന്നു,
എന്ന് കവി പറയുമ്പോള്‍ രാഷ്ട്രിയ പാർട്ടികളുടെ മാനിഫെസ്റ്റോയും ഇടയലേഖനങ്ങളും കൂട്ടിക്കുഴക്കുന്നവര്‍ ആത്മപരിശോധന നടത്തണം.
വലിയൊരു മുന്നറിയിപ്പോടെ കവി നിർത്തുന്നു.
പ്രവർത്തിയിലേക്ക് നീ നിന്റെ ഊർജ്ജത്തെ തിരിച്ചു വിട്ടില്ലെങ്കില്‍ മദം പൊട്ടിയൊഴുകുന്നത് ജലബോംബുകളല്ല.
അഗ്നിയും, ഗന്ധകവും, മഞ്ഞുമലകളുമായിരിക്കും തല മുണ്ഡനം ചെയ്തു ഭൂമിയോളം കുനിഞ്ഞു മാപ്പിരക്കാനും അഹങ്കാരത്തിന്റെ ബാബേൽപള്ളിപ്പണി ഉപേക്ഷിക്കാനും ഹൃദയങ്ങള്‍ കൊണ്ടും, കരങ്ങള്‍ കൊണ്ടും, ദേവാലയങ്ങള്‍ പണിയാനും, ഇന്നത്തെ എല്ലാ ക്രിസ്ത്യന്‍ സഭാ നേതൃത്വത്തെയും കവി ഉദ്ബോധിപ്പിക്കുന്നു.
അവസാനം…
വരൂ കുഞ്ഞേ
നമുക്ക് ഏദനിലേക്ക് മടങ്ങിപ്പോകാം,
പൂങ്കുരുവിയുടെ പാട്ടുകേട്ട് ഒരു കപ്പ് ചായകുടിക്കാം …
എന്ന് കവിപറഞ്ഞു നിർത്തുമ്പോള്‍ നല്ലൊരു നാളെയുടെ അരുണകിരണോദയങ്ങള്‍ നമ്മുടെ മനസ്സില്‍ വിരിയുന്നു.
ഒരു കവിതക്ക് സമൂഹത്തെ മാറ്റാനാകുമെന്നു നമുക്ക് വിശ്വസിക്കാനാകില്ല.
പക്ഷെ ഒരു കവിത ചരിത്രം മാറ്റിയെഴുതിയ കഥകളും നാം കേട്ടിട്ടുണ്ട്.
പ്രത്യാശയോടെ കാത്തിരിക്കാം !!

9 comments

  1. Very well written blog. Listening to Father Bobby Jose’s speeches / discourses on U tube. What caliber!! Amazing homo sapien…
    JM

Leave a Reply

Your email address will not be published. Required fields are marked *